തിരുവനന്തപുരം: പ്രളയ ഫണ്ട് തട്ടിപ്പില്‍ പാര്‍ട്ടിക്കാര്‍ക്കെതിരെ പാര്‍ട്ടി നടപടിയും പോലീസ് നടപടിയും ഉണ്ടാകുമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍. പ്രളയ ഫണ്ട് തട്ടിയവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. തട്ടിപ്പ് പരിശോധിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രളയകെടുതികള്‍ മൂലം ദുരിതമനുഭവിച്ച ആയിരക്കണക്കിനാളുകള്‍ക്ക് യാതൊരു ധനസഹായം കിട്ടാത്തതും ഇതുമൂലം വയനാട് മേപ്പാടിയിലെ സുനില്‍ ചന്ദ്രന്‍ ആത്മഹത്യ ചെയ്ത സംഭവവും സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എംഎല്‍എ എന്‍. ഷംസുദ്ദീന്‍ നല്‍കിയ അടിയന്തിര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. സുനില്‍ ചന്ദ്രന് പ്രളയ ദുരിതാശ്വാസ സഹായമായ ആദ്യ ഗഡു അനുവദിച്ചിരുന്നതാണ്. ബാങ്ക് അക്കൗണ്ടിന്റെ സാങ്കേതിക പ്രശ്‌നം കാരണം പണം ബാങ്ക് അക്കൗണ്ടില്‍ എത്തിയില്ല. സുനിലിന്റേത് ജനപ്രിയ അക്കൗണ്ടാണ്. 50,000ന് മുകളില്‍ തുക നിക്ഷേപിക്കാന്‍ കഴിയില്ല.
2018 ലെ പ്രളയത്തില്‍പ്പെട്ട എല്ലാവര്‍ക്കും ധനസഹായം കൈമാറി. 2019 ലെ പ്രളയത്തില്‍ മരണപ്പെട്ടതില്‍ ഒരാളുടേതൊഴികെ എല്ലാവരുടെയും കുടുംബത്തിന് സഹായം നല്‍കി. പ്രളയ ഫണ്ട് വിതരണത്തില്‍ സാങ്കേതികമായ പ്രശ്‌നങ്ങള്‍ ഉണ്ടായെന്നും പരിഹരിക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും റവന്യൂ മന്ത്രി വിശദീകരിച്ചു.
പ്രളയ ഫണ്ട് തട്ടിപ്പില്‍ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. 2018 ല്‍ 10,000 രൂപയുടെ സഹായം പോലും സനല്‍ ചന്ദ്രന് കിട്ടിയില്ല. പാര്‍ട്ടിക്കാര്‍ ചേര്‍ന്ന് ഗൂഢാലോചന നടത്തിയാണ് പാവപ്പെട്ടവന് കിട്ടാത്ത പ്രളയ ഫണ്ട് തട്ടിയത്. കവളപ്പാറയില്‍ പലര്‍ക്കും ദുരിതാശ്വാസ സഹായം കിട്ടിയില്ല. 8 മാസമായിട്ടും പലരും ദുരിതാശ്വാസ ക്യാമ്പിലാണ്.
പ്രളയ ഫണ്ട് സിപിഎം പ്രവര്‍ത്തകര്‍ ചാകരയാക്കി മാറ്റി. പ്രളയ ഫണ്ട് തട്ടിപ്പില്‍ അയ്യനാട് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു സമഗ്ര അന്വേഷണം നടത്തണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: