ഇത് കാര്‍ഷിക സമൃദ്ധി നിറഞ്ഞ ഉണ്ണികൃഷ്ണചരിതം. വൈവിധ്യമാര്‍ന്ന കൃഷിയിടത്തില്‍ 365 ദിവസവും ജൈവ പച്ചക്കറി ഉത്പാദിപ്പിക്കുന്ന ഉണ്ണികൃഷ്ണന് കൃഷിയെക്കുറിച്ച് കൂടുതലറിയാന്‍ ശ്രമിക്കുന്നവര്‍ക്ക് മികച്ച ഒരു പാഠപുസ്തകം തന്നെയാണ്. കാര്‍ഷിക വിപ്ലവം രചിച്ച കര്‍ഷകനെത്തേടി ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ ദേശീയ പുരസ്കാരവുമെത്തിയതോടെ കര്‍ഷകര്‍ക്കിടയിലെ താരവുമായി ഈ 53 കാരന്.
കൈപറമ്പ് പഞ്ചായത്തിലെ പുത്തൂര്‍ സ്വദേശി വടക്കുംചേരി വീട്ടില്‍ ഉണ്ണികൃഷ്ണനാണ് കാര്‍ഷിക സമൃദ്ധിയുടെ കാവലാളായി മാറുന്നത്. കഴിഞ്ഞ ദിവസമാണ് ദല്‍ഹിയില്‍ നടന്ന ചടങ്ങില്‍ വച്ച് പുരസ്കാരം ഏറ്റുവാങ്ങിയത്. തൃശൂര്‍ ജില്ലയില്‍ നിന്ന് ഈ അവാര്‍ഡ് വാങ്ങുന്ന ആദ്യ കര്ഷകന് എന്ന ബഹുമതിയും ഇദ്ദേഹത്തിന് സ്വന്തമാണ്. വര്‍ഷത്തില്‍ 40 ടണ്‍ ജൈവ പച്ചക്കറിയും മൂന്നര ഏക്കര്‍ പാടശേഖരത്ത് ജൈവ നെല്‍കൃഷിയും വിളയിച്ച് കാര്‍ഷിക സമൃദ്ധി കെട്ടിപ്പടുക്കുന്ന കര്ഷകനിത് അര്‍ഹതക്കുള്ള അംഗീകാരമാണ്. കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ജീവനക്കാരനായിരുന്ന ഉണ്ണികൃഷ്ണന് കൃഷിയോടുള്ള കടുത്ത അഭിനിവേശം മൂലം ഈ ജോലി ഉപേക്ഷിച്ച് പൂര്‍ണമായും മണ്ണിനോടിണങ്ങിച്ചേരുകയായിരുന്നു. 80 വര്‍ഷത്തിലധികം കാര്‍ഷിക വൃത്തി ചെയ്ത് കുടുംബം പുലര്‍ത്തിയ അച്ഛന് പ്രഭാകരന് നായരാണ് ഉണ്ണികൃഷ്ണന്റെ പ്രചോദനം. ആദ്യം ആശങ്കയുണ്ടായിരുന്നെങ്കിലും 9 വര്‍ഷം മുമ്പ് എടുത്ത തീരുമാനം ഒരിക്കലും തെറ്റായിരുന്നില്ലെന്ന് ഇപ്പോള്‍ തനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയുമെന്ന് ഉണ്ണികൃഷ്ണന് പറയുന്നു. മണ്ണിനെ പ്രണയിച്ച തന്റെ പാത മകന് ഉണ്ണികൃഷ്ണനും പിന്തുടരുന്നതിന്റെ സന്തോഷം നെഞ്ചേറ്റിയാണ് അച്ഛന് ഈ ലോകത്തോട് വിട പറഞ്ഞതെന്ന് ഓര്‍ത്തെടുത്തപ്പോള്‍ കര്‍ഷകന്റെ കണ്ണുകള്‍ അഭിമാനത്താല്‍ വെട്ടിത്തിളങ്ങി.
ഒന്നര ഏക്കര്‍ പാടശേഖരത്താണ് വൈവിധ്യമാര്‍ന്ന പച്ചക്കറി കൃഷി. വറ്റാത്ത ജലസമൃദ്ധമായ കിണറും അനുഗ്രമാണെന്ന് ഉണ്ണികൃഷ്ണന് പറയുന്നു. ഡ്രിപ്പ് ഇറിഗേഷനാണ് ഇദ്ദേഹം പിന്തുടരുന്നത്. ഒപ്പം കൃത്യതാ കൃഷിയും. ചെടിക്കാവശ്യമായത് മനസറിഞ്ഞ് നല്‍കണം, അതു വിളവിലും പ്രതിഫലിക്കും… കര്‍ഷകന്റെ ആത്മവിശ്വാസമുള്ള വാക്കുകള്‍. മത്തന്‍, കുമ്പളം, തണ്ണിമത്തന്, പയര്‍, കയ്പക്ക, വെണ്ട, വിവിധ തരം പച്ചമുളകുകള്‍ എന്നിവയോടൊപ്പം തെങ്ങ്, ജാതി, കവുങ്ങ്, വാഴ കൃഷിയിലും വിജയപര്‍വ്വം തീര്‍ക്കുകയാണ് ഉണ്ണികൃഷ്ണന്. ആരോഗ്യമുള്ള മണ്ണില്‍ മാത്രമേ മികച്ച ചെടിയും ഉത്പന്നവുമുണ്ടാകൂ എന്നതാണ് ഈ അവാര്‍ഡ് ജേതാവിന്റെ ഭാഷ്യം.
പൊള്ളാച്ചി, ഇന്‍ഡോര്‍ എന്നിവിടങ്ങളില്‍ നിന്നാണ് വിത്ത് കൊണ്ടുവരുന്നത്. ഹൈബ്രിഡ് വിത്തുകള്‍ ഉപയോഗിച്ച് വാണിജ്യാടിസ്ഥാനത്തിലാണ് കൃഷിരീതി. ഷിഫ്റ്റ് സമ്പ്രദായത്തിലൂടെ പാടത്തും വീട്ടുപറമ്പിലുമായി വര്‍ഷത്തില്‍ ആറു തവണയായാണ് കൃഷിയിറക്കുന്നത്. അതു കൊണ്ടു തന്നെ വര്‍ഷം മുഴുവന്‍ ഏതെങ്കിലും ഇനം പച്ചക്കറികളാല്‍ സമൃദ്ധമാണിവിടം. ഉല്പന്നങ്ങള് ജില്ലയിലെ വിവിധയിടങ്ങളില്‍ വിതരണം ചെയ്യാന്‍ കരാറെടുത്തിട്ടുമുണ്ട് ഈ യുവ കര്ഷകന്. 2016ല്‍ കൈപറമ്പ് പഞ്ചായത്തിന്റെ മികച്ച കര്‍ഷകനായി തിരഞ്ഞെടുക്കപ്പെട്ട ഉണ്ണികൃഷ്ണനെ തേടി 2017ല്‍ ജില്ലയിലെ മികച്ച കര്‍ഷകനുള്ള അവാര്‍ഡുമെത്തിയിരുന്നു. കൃഷിയിലെ ബാലപാഠങ്ങള്‍ പഠിപ്പിച്ച ഗുരുതുല്യനായ അച്ഛനും അതതു സമയങ്ങളില്‍ നിര്‍ദേശങ്ങളും സഹായങ്ങളും നല്കിയ കാര്‍ഷിക സര്‍വ്വകലാശാലയിലെ ഉദ്യോഗസ്ഥര്‍ക്കും കൃഷി ഓഫീസര്‍മാര്‍ക്കും തന്റെ കൂടെ നിന്ന സുഹൃത്തുക്കള്‍ക്കും കൃഷിത്തോട്ടത്തിലെ സഹായികള്‍ക്കും സമര്‍പ്പിക്കുകയാണ് തനിക്കുള്ള എല്ലാ പുരസ്കാരങ്ങളുമെന്ന് ഉണ്ണികൃഷ്ണന്. കാര്‍ഷികവൃത്തിയിലെ സംശയങ്ങളുമായി ഇവിടെയെത്തുന്നവരും നിരവധിയാണ്. തന്നാലാവും വിധം അവരെയൊക്കെ സഹായിക്കാനും മടിക്കാറില്ല ഇദ്ദേഹം. ഭാര്യ ലതിയും പൂര്‍ണ പിന്തുണയുമായുണ്ട്. ആദിത്യ കൃഷ്ണയാണ് മകന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: