കേരളത്തിലെ ആയിരക്കണക്കിന് സ്ത്രീകള്‍ ടിവിക്ക് മുന്നിലിരുന്ന് കണ്ണീര് സീരിയലുകള്‍ കണ്ട് സമയം തള്ളിവിടുമ്പോള്‍ ജിനി 100 പശുക്കളെ വളര്‍ത്തി ബാലരാമപുരത്ത് ധവളവിപ്ലവം സൃഷ്ടിക്കുന്നു. തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരം എസ്. ജെ. നിവാസില്‍ സുരേഷിന്റെ ഭാര്യ ജിനി തൊഴിലില്ലാത്ത വീട്ടുകാര്‍ക്ക് മാതൃകയാണ്. വീട്ടുവളപ്പിലെ അഞ്ച് കാലിത്തൊഴുത്തുകളിലായി 100 പശുക്കള്‍, 4 എരുമകള്‍, 7 ആടുകള്‍, 25 കോഴികള്‍ എന്നിവയെയാണ് ഇവര്‍ പരിപാലിക്കുന്നത്.
ഏക മകള്‍ സ്കൂളില്‍ പോയാല്‍ പിന്നെ ഒഴിവുസമയം പാഴാക്കാതിരിക്കാനായി 2005ല്‍ 10 പശുക്കളെ വാങ്ങി പരീക്ഷണാര്‍ത്ഥമാണ് ഒരു ഗോശാലക്ക് തുടക്കം കുറിച്ചത്. ഇപ്പോള്‍ ഗോക്കളുടെ എണ്ണം 100 കഴിഞ്ഞു. 20 ലിറ്റര്‍ പാലെങ്കിലും ലഭിക്കുന്ന പശുക്കളെ വാങ്ങി പരിപാലിച്ചാലേ പശുവളര്‍ത്തല്‍ ലാഭകരമാകൂ എന്നാണ് ജിനി പറയുന്നത്. വീടിനു സമീപത്തെ മൂന്ന് ഏക്കര്‍ പറമ്പില്‍ പുല്ല്, മരച്ചീനി, ചോളം, വാഴ എന്നിവ ധാരാളമായി കൃഷി ചെയ്യുന്നു. പാല് തരുന്ന പശുക്കള്‍ക്ക് ദിവസം 10 കിലോ കാലിത്തീറ്റയും 5 കിലോ പരുത്തിപ്പിണ്ണാക്കും രണ്ടു നേരമായി നല്‍കും. ഉച്ചക്ക് കറവ കഴിഞ്ഞാല്‍ ഒരു കിലോ പുളിയരിപ്പടി വേവിച്ച് അതില്‍ രണ്ടുകിലോ പിണ്ണാക്കും ചേര്‍ത്ത് നേരിയ ചൂടോടുകൂടി നല്‍കും. കറവ പശുക്കള്‍ക്ക് ഓരോന്നിനും 25 കിലോ പുല്ലും രാത്രി മൂന്നുകിലോ വൈക്കോലും നല്കുന്നു. എപ്പോഴും ശുദ്ധജലം കാലികള്‍ക്ക് മുന്നില്‍ ലഭിക്കുന്ന തരത്തിലുള്ള ജലസേചന സംവിധാനമാണ് തൊഴുത്തില്‍ ഒരുക്കിയിട്ടുള്ളത്.
പുലര്‍ച്ചെ മൂന്ന് മണിയോടെ ജിനിയുടെ ഒരു ദിവസം ആരംഭിക്കും. കറവ പശുക്കളെ കുളിപ്പിക്കലാണ് ആദ്യജോലി. പിന്നെ തൊഴുത്ത്, വൃത്തിയാക്കും. നാലര കഴിഞ്ഞാല്‍ കറവ തുടങ്ങും. കറവയന്ത്രത്തിന്റെ സഹായത്താലാണ് അധികം പശുക്കളെയും കറക്കുന്നത്. പശുക്കളെയും തൊഴുത്തും വൃത്തിയായി പരിചരിക്കുന്ന ജിനി ഉച്ചയ്ക്ക് ശേഷം വീണ്ടും കറവപ്പശുക്കളെ കുളിപ്പിക്കും.
ഇപ്പോള്‍ പയറ്റുവിള ക്ഷീരസഹകരണ സംഘത്തില്‍ ശരാശരി ദിവസം 800 ലിറ്റര്‍ പാല് നല്കിവരുന്നു. ജിനിയുടെ ഡയറി ഫാം കണ്ട് നാട്ടില്‍ നിരവധി പേര് പശുവളര്‍ത്തലിലേക്ക് കടന്നുവന്നിട്ടുണ്ട്. കൃഷിഭവനിലെ മികച്ച ക്ഷീരധാര അവാര്‍ഡ്, മില്‍മാ അവാര്‍ഡ്, ദേശീയ ക്ഷീരധാരാ അവാര്‍ഡ് തുടങ്ങി ഒട്ടനവധി ചെറുതും വലുതുമായ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട് ജിനി. സഹായിക്കാന്‍ ഭര്‍ത്താവ് സുരേഷും ഏകമകള്‍ ഡിഗ്രി വിദ്യാര്‍ത്ഥിനിയായ അപര്‍ണയും ഒപ്പമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: