ന്യൂദല്‍ഹി: ഇറാനില്‍ നിന്ന് 58 ഇന്ത്യക്കാരെ മടക്കിയെത്തിച്ചു. വ്യോമസേനയുടെ സി 17 ഗ്ലോബ് മാസ്റ്റര്‍ വിമാനത്തിലാണ് ഇന്നലെ രാവിലെ ഇവരെ ദല്‍ഹിയില്‍ എത്തിച്ചത്.
ഇറാനില്‍ കൊറോണ പടര്‍ന്നു പിടിച്ചതിനെത്തുടര്‍ന്ന് വിദ്യാര്‍ഥികളും തീര്‍ഥാടകരും അടക്കം രണ്ടായിരത്തോളം ഇന്ത്യക്കാരാണ് കുടുങ്ങിയത്. മറ്റുള്ളവരെ ഘട്ടംഘട്ടമായി എത്തിക്കാനാണ് കേന്ദ്ര പദ്ധതി.
ടെഹ്‌റാനില്‍ നിന്ന് വിമാനം ദല്‍ഹി ഹിന്‍ഡന്‍ വ്യോമസേനാ താവളത്തിലാണ് ഇറക്കിയത്. അവിടെ നിന്ന് യാത്രക്കാരെ ഗാസിയാബാദ് വ്യോമസേനാ താവളത്തിലെ കൊറോണ നിരീക്ഷണ കേന്ദ്രത്തിലാക്കി. ഇവിടെ 14 ദിവസം ഏകാന്തമായി പാര്‍പ്പിക്കും. രോഗമില്ലെന്ന് ഉറപ്പായ ശേഷമേ സ്വദേശത്തേക്ക് മടങ്ങാന്‍ അനുവദിക്കൂ. മടങ്ങി വന്നവരില്‍ 25 പുരുഷന്മാരും 31 സ്ത്രീകളും രണ്ടു കുട്ടികളുമുണ്ട്. ഒരാള്‍ 79 വയസുള്ളയാളാണ്. ഫെബ്രുവരില്‍ 27ന് ചൈനയില്‍ നിന്ന് 76 ഇന്ത്യക്കാരെയും 36 വിദേശപൗരന്മാരെയും വ്യോമസേന മടക്കിയെത്തിച്ചിരുന്നു.
















