കണ്ണൂര്‍: വൃക്കയുടെ ശേഷി എഴുപത്തഞ്ച് ശതമാനത്തിലധികം നഷ്ടപ്പെട്ട രോഗികളെ ഭിന്നശേഷി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ആനുകൂല്യങ്ങള്‍ ലഭ്യമാക്കണമെന്ന ആവശ്യത്തോട് സര്‍ക്കാര്‍ അവഗണന തുടരുന്നു. നാളെ ഒരു ലോക വൃക്കദിനം കൂടി എത്തുമ്പോഴും ഈ ആവശ്യത്തോട് മുഖംതിരിഞ്ഞു നില്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.
രണ്ട് വൃക്കകളും പ്രവര്‍ത്തനക്ഷമമല്ലാത്ത നിലയില്‍ ജീവനോട് മല്ലിടുന്നവരാണ് വൃക്ക രോഗികള്‍. അവര്‍ക്ക് വൃക്ക മാറ്റിവയ്‌ക്കുന്നതിന് കര്‍ശന വ്യവസ്ഥകളാണ് നിലവിലുള്ളത്. ഇവ കുറച്ചുകൂടി ലളിതമാക്കണമെന്ന ആവശ്യത്തിന് ഏറെക്കാലത്തെ പഴക്കമുണ്ട്. വൃക്കക്കച്ചവടം നടക്കുന്നുവെന്ന പേരില്‍ വൃക്ക സ്വീകരിക്കാന്‍ അനുവദിക്കാത്ത സ്ഥിതിയാണ്. ഇത് രോഗം ബാധിച്ചവരുടെ വൃക്ക പെട്ടെന്ന് മാറ്റിവച്ച് ജീവന്‍ രക്ഷിക്കുന്നതിന് തടസ്സമാകുന്നു. വൃക്ക മാറ്റിവച്ചവര്‍ക്കും ഡയാലിസിസിന് വിധേയമായിക്കൊണ്ടിരിക്കുന്നവര്‍ക്കും ഡയാലിസിസും മരുന്നും സൗജന്യമാക്കണമെന്ന ആവശ്യവും സംസ്ഥാന ആരോഗ്യ വകുപ്പ് ഇതുവരെ പരിഗണിച്ചിട്ടില്ല.
20 ലക്ഷത്തോളം രൂപ ചെലവു വരുന്ന വൃക്ക മാറ്റിവയ്‌ക്കലിന്റെ തുക പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കുക, ഡയാലിസിസ് നടത്താനുള്ള യാത്രാ ചെലവ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഹിക്കുക, ചികിത്സയ്‌ക്ക് വരുമാന മാനദണ്ഡം കണക്കിലെടുക്കാതിരിക്കുക, മരിച്ച വൃക്കരോഗികളുടെ പേരിലുള്ള വായ്പകള്‍ എഴുതിത്തള്ളാന്‍ സംവിധാനമുണ്ടാക്കുക, നെഫ്രോളജിസ്റ്റുകളുടെ സേവനം എല്ലാ ഡയാലിസിസ് കേന്ദ്രങ്ങളിലും ആഴ്ചയിലൊരിക്കലെങ്കിലും വരുത്തുക തുടങ്ങിയ ആവശ്യങ്ങളെല്ലാം കടലാസിലുറങ്ങുന്നു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി വിവിധ സംഘടനകള്‍ മുഖ്യമന്ത്രിക്കും ആരോഗ്യ വകുപ്പ് മന്ത്രിക്കും നിവേദനങ്ങള്‍ നല്‍കിയിട്ടും നടപടികളൊന്നുമുണ്ടായില്ല.
2006ല്‍ ആരംഭിച്ച ലോക വൃക്കദിനം എല്ലാ വര്‍ഷവും മാര്‍ച്ച് മാസത്തിലെ രണ്ടാം വ്യഴാഴ്ചയാണ് ആചരിക്കുന്നത്. അന്താരാഷ്‌ട്ര നെഫ്രോളജി സൊസൈറ്റി, അന്താരാഷ്‌ട്ര കിഡ്‌നി ഫൗണ്ടേഷന്‍ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ലോകമെമ്പാടും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. സംസ്ഥാനത്ത് കാല്‍ലക്ഷം പേര്‍ ഡയാലിസിസ് ചെയ്യുന്നവരും അയ്യായിരത്തിലധികം പേര്‍ വൃക്ക മാറ്റിവയ്‌ക്കപ്പെട്ടവരായും ഉണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. സര്‍ക്കാരിന്റെ കൈയില്‍ ഇത് സംബന്ധിച്ച വ്യക്തമായ കണക്കുകളുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: