ആത്മ സ്വരൂപത്തെക്കുറിച്ചുള്ള വിവരണം തുടരുന്നു
ശ്ലോകം 128
യേന വിശ്വമിദം വ്യാപ്തം
യം ന വ്യാപ്‌നോതി കിഞ്ചന
ആഭാരൂപമിദം സര്‍വം
യം ഭാന്തമനുഭാത്യയം
യാതൊന്നിനാല്‍ ഈ വിശ്വം മുഴുവന്‍ വ്യാപിച്ചിരിക്കുന്നുവോ ഇതിനെ മറ്റൊന്നും വ്യാപിക്കാതിരിക്കുന്നുവോ അതാണ് ആത്മാവ്. സ്വയം പ്രകാശ സ്വരൂപിയായ യാതൊന്ന് പ്രകാശിക്കുമ്പോള്‍ അതിന്റെ പ്രതിഫലനമെന്ന പോലെ ഈ പ്രപഞ്ചം വിളങ്ങുന്നുവോ അത് തന്നെയാണ് ഇത്.
എങ്ങും എല്ലാറ്റിനേയും വ്യാപിച്ചിരിക്കുന്നതാണ് ആത്മാവ് എന്നാല്‍ മറ്റൊന്നു കൊണ്ടും വ്യാപിക്കപ്പെടാത്തതുമാണ്.ഇങ്ങനെ പറഞ്ഞാല്‍ മനസ്സിലാവണം എന്നില്ല.
വിഷയ വികാര വിചാരങ്ങളുമായി ബന്ധപ്പെട്ട ആവര്‍ത്തന യോഗാവസ്ഥയിലാണ് മനസ്സ്. മനസ്സിനെക്കാള്‍ സൂക്ഷ്മമായതാണ് ആത്മാവ്.
എങ്ങും വ്യാപിക്കണമെങ്കില്‍ വളരെയേറെ സൂക്ഷ്മമായിരിക്കണം. സ്ഥൂലമായ ഒന്നിനെ കൊണ്ടും സൂക്ഷ്മമായതിനെ വ്യാപിക്കാന്‍ കഴിയില്ല. എങ്ങും നിറഞ്ഞ ആത്മ തത്വത്തെ ഒന്നിനും വ്യാപിക്കാനാവില്ല.
എല്ലാം നിലനില്‍ക്കുന്നത് തന്നെ ആത്മാവിന്റെ ആധാരത്തിലാണ്. ആത്മചൈതന്യ പ്രകാശത്താല്‍ ഇന്ദ്രിയങ്ങളും മനസ്സും ബുദ്ധിയുമൊക്കെ നന്നായി പ്രവര്‍ത്തിക്കുന്നു.
നമ്മുടെ ഉള്ളില്‍ സാക്ഷി ചൈതന്യമായി, ജ്ഞാനസ്വരൂപമായി ആത്മാവിരിക്കുന്നു. ഏറ്റവും അടുത്തെന്ന് കാണിക്കാനാണ് ‘ഇത്’ എന്ന് പ്രയോഗിച്ചിരിക്കുന്നത്.
ശ്ലോകം 129
യസ്യ സന്നിധി മാത്രേണ
ദേഹേന്ദ്രിയമനോധിയഃ
വിഷയേഷു സ്വകീയേഷു
വര്‍ത്തന്തേ പ്രേരിതാ ഇവ
ഏതൊന്നിന്റെ സാന്നിദ്ധ്യം കൊണ്ടാണോ ദേഹം,ഇന്ദ്രിയങ്ങള്‍, മനസ്സ്, ബുദ്ധി എന്നിവ അവരവരുടെ ജോലികള്‍ ഭൃത്യന്‍മാരെ പോലെ യജമാനന്റെ പ്രേരണയാല്‍ ചെയ്യുന്നു , ആത്മാവാണത്.
സ്ഥൂല, സൂക്ഷ്മ, കാരണ ശരീരങ്ങള്‍ അതാതിന്റെ ധര്‍മ്മങ്ങളെ നിര്‍വ്വഹിക്കുന്നത് ആത്മചൈതന്യത്തിന്റെ സാന്നിദ്ധ്യം കൊണ്ടാണ്. ആത്മാവ് ഒന്നും ചെയ്യുന്നില്ല, ആത്മ സാന്നിധ്യത്തില്‍ അനാത്മ വസ്തുക്കളായ ഉപാധികള്‍ പ്രവര്‍ത്തിക്കുന്നു. പുരുഷന്റെ നോട്ടം കൊണ്ട് പ്രകൃതി എല്ലാം ചെയ്യുന്നതിങ്ങനെയാണ്.
ആത്മാവിന്റെ സാന്നിധ്യം അതു മാത്രം മതി ഏതും സചേതനമാകാന്‍. ഇതിന്റെ അഭാവത്തില്‍ കരണങ്ങള്‍ പ്രവര്‍ത്തിക്കില്ല.
ഉപാധികള്‍ അവയുടെ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത് ആത്മചൈതന്യത്തിന്റെ പ്രേരണ മൂലമാണോ എന്ന് തോന്നും. സൂര്യപ്രകാശത്തെ ആശ്രയിച്ച് ജീവികള്‍ ജീവിക്കുന്നത് പോലെയാണിത്. സൂര്യന്‍ പ്രകാശം നല്‍കുന്നു, എന്നാല്‍ ഒന്നിലും ഇടപെടുന്നില്ല. ഇവയുടെ പ്രവര്‍ത്തനങ്ങളൊന്നും സൂര്യനെ ബാധിക്കുന്നുമില്ല. സൂര്യനില്ലെങ്കിലോ എല്ലാറ്റിന്റേയും ഉണര്‍വും ഊര്‍ജ്ജവുമൊക്കെ ഇല്ലാതാവുകയും ചെയ്യും.
ആത്മസൂര്യന്റെ സാന്നിദ്ധ്യത്തിലാണ്, പ്രകാശത്താലാണ് നമ്മളിലും എല്ലായിടത്തും എല്ലാം നടക്കുന്നത്. മികച്ച ഭരണാധികാരികളുടെ സാന്നിധ്യം മാത്രം മതി കീഴ്ജീവനക്കാരെല്ലാം ഓടി നടന്ന് പണിയെടുക്കാന്‍. നല്ലൊരു അദ്ധ്യാപകന്റെ സാന്നിദ്ധ്യം വിദ്യാര്‍ത്ഥികളെ കുള്ളവരും പഠനത്തില്‍ ശ്രദ്ധിക്കുന്നവരുമാക്കും. ഇതു പോലെ ആത്മാവിന് തന്റെ സാന്നിധ്യം മാത്രം മതി ജഡ വസ്തുക്കളേയും സചേതനമാക്കാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക