കുവൈത്ത്: ഗള്‍ഫ് മേഖലയില്‍ കൊവിഡ് 19 പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണവുമായി കുവൈത്ത്. വൈറസ് ബാധയെ തുടര്‍ന്നു വിദേശികള്‍ രാജ്യത്ത് പ്രവേശിക്കുന്നത് പരാമാവധി നിയന്ത്രിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. തീയറ്ററുകള്‍, വിവാഹ ഓഡിറ്റോറിയങ്ങള്‍, ഹോട്ടല്‍ ഹാളുകള്‍ എന്നിവ അടച്ചിടാന്‍ സര്‍ക്കാര്‍ ഉത്തരവ് നല്കി.
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അത്യാധുനിക നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു. പുതുതായി വിസ നല്‍കുന്നത് നിര്‍ത്തലാക്കിയ കുവൈത്ത് ഭരണകൂടം ജനങ്ങള്‍ ഒത്തുകൂടുന്നത് വിലക്കിയിരിക്കുകയാണ്. കൊറോണ വ്യാപനം അനിയന്ത്രിതമായേക്കാം എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അടിയന്തിരമായി ചേര്‍ന്ന മന്ത്രിസഭ തീരുമാനങ്ങള്‍ കൈക്കൊണ്ടത്.
മാര്‍ച്ച് 26 വരെ സ്കൂളുകള്‍ക്ക് അവധി നല്കി. സ്കൂളുകള്‍ വഴി വൈറസ് വ്യാപനം തടയാനാണ് സര്‍ക്കാരിന്റെ ഇത്തരത്തിലുള്ള നടപടി. വിവാഹ ചടങ്ങുകള്‍, മറ്റു ആഘോഷ ഒത്തുചേരലുകള്‍ എന്നിവ ഒഴിവാക്കാനും നിര്‍ദേശിച്ചു. ഇത്തരത്തിലുള്ള ഹാളുകളും സ്ഥാപനങ്ങളും അനിശ്ചിതകാലത്തേക്ക് അടച്ചിടാനാണ് സര്‍ക്കാര്‍ അറിയിപ്പ് നല്‍കിയിരിക്കുന്നത്.
നിലവില്‍ 65 കേസുകളാണ് കുവൈത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇറാനില്‍ നിന്നാണ് വൈറസ് വ്യാപനം നടക്കുന്നതെന്നും ഗള്‍ഫ് മേഖല കൊറോണ ഭീതിയിലായതിന്റെ ഉത്തരവാദിത്തം ഇറാനാണെന്നും സൗദി കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: