കുവൈത്ത് സിറ്റി: കൊറോണ വൈറസ് ബാധ വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കുവൈത്തിലേക്കുള്ള വിസ അനുവദിക്കുന്നത് നിര്‍ത്തിവെച്ചു. അടിയന്തിരമായി ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനം എടുത്തിരിക്കുന്നത്.
കുവൈത്തില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം പ്രതിദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം എടുത്തത്. പ്രധാനമന്ത്രി ഷെയ്ഖ് സബാഹിന്റെ നിര്‍ദേശ പ്രകാരം കുവൈത്ത് അന്താരാഷ്‌ട്ര വിമാന താവളത്തില്‍ അത്യാധുനിക നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു. രാജ്യത്തേക്ക് വരുന്ന യാത്രക്കാരെ വിമാനത്താവളത്തില്‍ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കുന്നതിനാണ് തീരുമാനം. എന്നാല്‍ ഇത് കൂടാതെ രാജ്യത്തെ എല്ലാ സിനിമാ തിയേറ്ററുകളും, ഹോട്ടല്‍ ഹാളുകളും അടച്ചിടാനും വിവാഹച്ചടങ്ങുകള്‍ ഉള്‍പ്പെടെ എല്ലാ ആഘോഷ പരിപാടികളും ഒഴിവാക്കാനും നിര്‍ദേശം നല്‍കി. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ ജനങ്ങള്‍ ഒത്തുചേരുന്നതിനുള്ള വേദികള്‍ ഒഒഴിവാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. മാര്‍ച്ച് 26 വരെ രാജ്യത്തെ വിദ്യാലയങ്ങള്‍ അടച്ചിടാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കുവൈത്തില്‍ ഇതുവരെ 65 പേര്‍ക്കാണു രോഗ ബാധ സ്ഥിരീകരിച്ചിരിച്ചത്. ഒരു വിദേശിക്കും കൊറോണ വൈറസ് രോഗ ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അസര്‍ ബൈജാനില്‍ നിന്നുമെത്തിയ ഈജിപ്തുകാരനിലാണ് രോഗബാധ കണ്ടെത്തിയത്.
ഇതോടെ രോഗബാധ തടയുന്നതിനായി കര്‍ശ്ശനമായ നടപടികള്‍ കൈക്കൊള്ളാനും തീരുമാനിച്ചിട്ടുണ്ട്. ആള്‍ക്കൂട്ടം കൂടുന്ന ആഘോഷ പരിപാടികളെല്ലാം ഒരു അറിയിപ്പ് ലഭിക്കുന്നത് വരെ നിര്‍ത്തിവെച്ചിരിക്കുകയാണ്. വിവാഹ ചടങ്ങുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ആഘോഷങ്ങളും മാറ്റിവെയ്‌ക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. മലയാളികള്‍ തിങ്ങി വസിക്കുന്ന അബ്ബാസിയയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഓഡിറ്റോറിയങ്ങള്‍ ആളില്ലാതെ അടഞ്ഞു കിടക്കുകയാണ്. കുട്ടികളും അധ്യാപകരും ഒത്തു ചേരുന്നത് ഒഴിവാക്കുന്നതിനായിട്ടാണ് വിദ്യാഭ്യസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ തീരുമാനിച്ചത്.
അതേസമയം കുവൈത്ത് ഓയില്‍ കമ്പനി ഉള്‍പ്പെടെ സ്വകാര്യ കമ്പനികള്‍ വിദേശ രാജ്യങ്ങളില്‍ നിന്നുമെത്തുന്ന ജീവനക്കാരോട് വീടുകളില്‍ രണ്ടാഴ്ചത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ കഴിഞ്ഞ് ജോലിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: