മുംബൈ: ആഴ്ചയിലെ ആദ്യ ദിനത്തിലും ഓഹരി വിപണിയില്‍ തകര്‍ച്ച തുടരുന്നു. സെന്‍സെക്‌സ് 1941.67 പോയിന്റ് ഇടിഞ്ഞ് 35634.95ലും നിഫ്റ്റി 538 പോയിന്റ് താഴ്ന്ന് 1045.45ലുമാണ് ഇന്നലത്തെ വ്യാപാരം അവസാനിപ്പിച്ചത്.
ലോക വിപണിയെ പിടിച്ചുകുലുക്കുന്ന കൊറോണ ഭീതിക്ക് പിന്നാലെ സൗദി പ്രഖ്യാപിച്ച ക്രൂഡ് ഓയില്‍ നിരക്ക് യുദ്ധവും ആഭ്യന്തര വിപണിയിലെ യെസ് ബാങ്കിന്റെ പ്രതിസന്ധിയും ഇന്ത്യന്‍ ഓഹരിവിപണിയെ വീണ്ടും നിക്ഷേപകരുടെ ചോരക്കളമാക്കി. സ്വകാര്യ ബാങ്കുകളുടെ സുരക്ഷ സംബന്ധിച്ച ആശങ്ക ബാങ്കിങ് മേഖലയിലെ വ്യാപാരത്തെ അഞ്ച് ശതമാനം തകര്‍ച്ചയിലെത്തിച്ചു. ഓഹരി വിപണിയില്‍ 5.17 ശതമാനത്തിന്റെ മൂല്യത്തകര്‍ച്ചയുണ്ടായെന്നാണ് കണക്കാക്കുന്നത്.
വ്യാപാര മധ്യത്തില്‍ സെന്‍സെക്‌സ് 2400 പോയിന്റ് വരെ ഇടിഞ്ഞു. എന്നാല്‍, ഉച്ചയ്‌ക്കു ശേഷം നില മെച്ചപ്പെട്ടു. സമാനമായ ഇടിവാണ് നിഫ്റ്റിയിലും രേഖപ്പെടുത്തിയത്. ആഗോള നിക്ഷേപകരുടെ പിന്മാറ്റമാണ് ഇന്ത്യന്‍ ഓഹരി വിപണിയെ തുടര്‍ച്ചയായി പിന്നോട്ടടിക്കുന്നത്. വിപണിയുടെ ഇന്നത്തെ തിരിച്ചടിയില്‍ നിക്ഷേപകര്‍ക്ക് 6,88,523.1 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്കുകൂട്ടല്‍. ഓഹരി വിപണിയില്‍ വെള്ളിയാഴ്ച മൂല്യം രേഖപ്പെടുത്തിയത് 1,44,31,224.41 കോടി രൂപയായിരുന്നു. ഇന്നലെ ഇത് 1,37,42,701.31 കോടി. ഒഎന്‍ജിസി, റിലയന്‍സ് ഇന്റസ്ട്രീസ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, ടാറ്റ സ്റ്റീല്‍, ടിസിഎസ്, എസ്ബിഐ എന്നിവയാണ് ഇന്നലെ തിരിച്ചടി നേരിട്ട പ്രധാന കമ്പനികള്‍. റിലയന്‍സിന്റെ ഓഹരി മൂല്യത്തില്‍ 2012 ഒക്‌ടോബറിന് ശേഷമുള്ള ഏറ്റവും വലിയ തകര്‍ച്ച, 12.35 ശതമാനം ഇടിവ്.
എന്‍എസ്ഇയില്‍ മാധ്യമങ്ങളും പൊതുമേഖല സ്ഥാപനങ്ങളും ബാങ്കിങ് ഉള്‍പ്പെടെയുള്ള ഒട്ടുമിക്ക വ്യവസായങ്ങളും ചുവപ്പ് കണ്ടു. 7.72 ശതമാനം തകര്‍ച്ച രേഖപ്പെടുത്തി. കഴിഞ്ഞ വ്യാപാര വാരത്തിന്റെ അവസാന ദിനമായിരുന്ന വെള്ളിയാഴ്ച സെന്‍സെക്‌സ് 894 പേയിന്റും നിഫ്റ്റി 280 പോയിന്റും ഇടിഞ്ഞാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള ഓഹരി വിപണിയിലെ തിരിച്ചടികള്‍ക്ക് ചുവടുപിടിച്ച് ഡോളറിന്റെ മൂല്യത്തില്‍ ഇടിവുണ്ട്. ജാപ്പനീസ് യെനും യൂറോയും ഡോളറിനെതിരെ കരുത്താര്‍ജ്ജിച്ചെങ്കിലും ഇന്ത്യന്‍ രൂപയ്‌ക്ക് നേരിയ ഇടിവുണ്ട്.
















