കൊച്ചിയില്‍ മൂന്ന് വയസുള്ള കുട്ടിക്ക് കൂടി കൊറോണ (കോവിഡ്-19) സ്ഥിരീകരിച്ചതോടെ കേരളത്തില്‍ വൈറസ് ബാധിതരുടെ എണ്ണം ആറായി. കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ ഇറ്റലിയില്‍ നിന്നെത്തിയ മൂന്നു പേര്‍ക്കും അവരുടെ രണ്ടു ബന്ധുക്കള്‍ക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു. ശനിയാഴ്ച ഇറ്റലിയില്‍ നിന്നെത്തിയ കുടുംബത്തിലെ കുട്ടിക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കുട്ടി കളമശേരി മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ വാര്‍ഡിലാണ്. അച്ഛനും അമ്മയും കളമശേരി മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലുണ്ട്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ അതീവ ജാഗ്രത തുടരുകയാണ്. സര്‍ക്കാര്‍ ആശുപത്രികളിലടക്കം ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കി. സംസ്ഥാനത്താകെ ഇപ്പോള്‍ 1116 പേര് ആശുപത്രികളിലും വീടുകളിലുമായി നിരീക്ഷണത്തിലുണ്ട്. ഇവരില്‍ 149 പേര് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. 967 പേരാണ് വീടുകളില്‍ നിരീക്ഷണത്തിലുള്ളത്.
ദുബായില്‍ നിന്നുള്ള ഇകെ-530 വിമാനത്തില്‍ ഏഴിന് പുലര്‍ച്ചെ 6.30ന് കൊച്ചിയിലെത്തിയ കുടുംബത്തിലെ കുഞ്ഞിനാണ് വൈറസ് ബാധ കണ്ടെത്തിയത്. വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയ യൂണിവേഴ്സല്‍ സ്ക്രീനിങ് സംവിധാനത്തില്‍ സ്ക്രീനിങ് നടത്തിയപ്പോഴാണ് പനി ഉണ്ടെന്നറിഞ്ഞത്. ഉടന്‍ ആരോഗ്യ വകുപ്പിന്റെ പ്രത്യേക ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡിലെത്തിച്ചു. ആലപ്പുഴ എന്ഐവിയുവിലെ പരിശോധനയിലാണ് കുട്ടിക്ക് കൊറോണ ബാധ സ്ഥിരീകരിച്ചത്. അമ്മയുടെയും അച്ഛന്റെയും സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.
ഇവരെത്തിയ വിമാനത്തിലെ സഹയാത്രക്കാരുടെ വിവരങ്ങള്‍ ആരോഗ്യവകുപ്പ് ശേഖരിക്കുന്നുണ്ട്. ഇത് വിവിധ ജില്ലകള്‍ക്ക് കൈമാറും. കുട്ടിയുമായി സമ്പര്‍ക്കത്തിലായവരെയും നീരീക്ഷിക്കുന്നുണ്ട്. കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന എല്ലാ വിഭാഗം യാത്രക്കാരെയും കൊറോണ തിരിച്ചറിയാനുള്ള യൂണിവേഴ്സല്‍ സ്ക്രീനിങ്ങിന് വിധേയമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതുവരെ അന്താരാഷ്ട്ര യാത്രക്കാരെ മാത്രമാണ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നത്. ഇനി മുതല്‍ ആഭ്യന്തര യാത്രക്കാരെയും പരിശോധിക്കും. ഒരു ദിവസം ശരാശരി 15,000 യാത്രക്കാരാണ് അന്താരാഷ്ട്ര, ആഭ്യന്തര ടെര്‍മിനലുകളിലായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങുന്നത്.
പത്തനംതിട്ട ജില്ലയില്‍ ആകെ 18 പേര് ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. വീടുകളിലായി 733 പേര് നിരീക്ഷണത്തിലാണെന്നാണ് ഇന്നലെ രാത്രി വൈകി ലഭിച്ച വിവരം. ഇതില്‍ വൈറസ് ബാധിതരുമായി നേരിട്ട് ഇടപെട്ടത് 270 പേരാണ്. കൊറോണ സ്ഥിരീകരിച്ച ദമ്പതികളുടെ വൃദ്ധരായ മാതാപിതാക്കളെ ജനറല്‍ ആശുപത്രിയില്‍ നിന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
പത്തനംതിട്ടയില്‍ കൊറോണ സ്ഥിരീകരിച്ചവര്‍ സഞ്ചരിച്ച വിമാനത്തിലുണ്ടായിരുന്ന 11 പേരെ തൃശൂരില്‍ നിന്നു കണ്ടെത്തി. ഇവരെ ജില്ലയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ആറു പേര് ഹൈ റിസ്ക് വിഭാഗത്തിലുള്ളവരാണെന്നും കണ്ടെത്തി. ജില്ലയില്‍ 162 പേരാണ് നിരീക്ഷണത്തിലുള്ളത്. 20 പേര് വിവിധ ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുണ്ട്.
ഇടുക്കി ജില്ലയില്‍ മൂന്ന് പേര് ഐസൊലേഷന്‍ വാര്‍ഡില്‍. ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. ദല്‍ഹിയില്‍ നിന്നെത്തിയ ഉത്തരേന്ത്യന്‍ സ്വദേശിയായ ഒരാള്‍ ഇടുക്കി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ട്. രാജാക്കാട് സ്വദേശിയും, കുമളി സ്വദേശിയുമാണ് വൈറസ് ബാധ സംശയിക്കുന്ന മറ്റ് രണ്ട് പേര്. ജില്ലയില്‍ ആകെ ഇപ്പോള്‍ 28 പേര് നിരീക്ഷണത്തിലുണ്ട്.
എറണാകുളത്ത് കളമശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ 17 പേര് നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ 281 പേര് വീടുകളിലും നിരീക്ഷണത്തിലുണ്ട്.കോട്ടയം ജില്ലയില്‍ ഒന്‍പതു പേര് ആശുപത്രിയില്‍ നിരീക്ഷണത്തില്‍. ഏഴു പേരാണ് ഇപ്പോള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഉള്ളത്. ഒരാള്‍ സ്വകാര്യ ആശുപത്രിയിലും മറ്റൊരാള്‍ ജനറല്‍ ആശുപത്രിയിലുമാണ് ഐസൊലേഷനില്‍ കഴിയുന്നത്. 79 പേരാണ് വീടുകളില്‍ നിരീക്ഷണത്തിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: