കൊറോണ(കോവിഡ്-19) കേരളത്തിലും ആറ് പേര്‍ക്ക് സ്ഥിരീകരിച്ച സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. സംസ്ഥാന ആരോഗ്യ വകുപ്പ് ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ചിരിക്കുന്ന നടപടികളോട് പൂര്‍ണ മനസ്സോടെ സഹകരിക്കാന്‍ ജനം തയ്യാറായാല്‍ കോവിഡ്-19 വ്യാപനം ഒരു പരിധി വരെ തടയാം. നിലവില്‍ ആശങ്കപ്പെടേണ്ട അവസ്ഥയില്ലെങ്കിലും കരുതലില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന യാഥാര്‍ത്ഥ്യം സമൂഹം ഉള്‍ക്കൊള്ളണം. കോവിഡ്-19 രൂക്ഷമായി ബാധിച്ചിരിക്കുന്ന ഇറ്റലിയില്‍ നിന്നെത്തിയവര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കുമാണ് കേരളത്തില്‍ രോഗം ബാധിച്ചിരിക്കുന്നത്. അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ ഏതാനും പേരും നിരിക്ഷണത്തിലാണ്.
ഇറ്റലിയില്‍ നിന്നും രോഗബാധിതരായി എത്തിയവരുമായി വിമാനത്തിലും മറ്റിടങ്ങളിലും വച്ച് സമ്പര്‍ക്കം പുലര്‍ത്താനിടയായവര്‍ ഭയപ്പെടുകയല്ല, മറിച്ച് മുന്‍കരുതലുകള്‍ സ്വീകരിക്കുകയാണ് വേണ്ടത്. ഇവര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടാന്‍ ഒരു കാരണവശാലും മടിക്കരുത്. സമൂഹത്തില്‍ ഒറ്റപ്പെട്ടുപോകുമോ എന്ന ആശങ്കയാണ് ഇവരെ പിന്നോട്ട് വലിക്കുന്നത്. കാര്യങ്ങള്‍ സമചിത്തതയോടെ നേരിടാനാണ് നിരീക്ഷണത്തിലുള്ളവരും സമൂഹവും ശ്രദ്ധിക്കേണ്ടത്. പ്രതിരോധ മരുന്നോ, ചികിത്സയോ നിലവിലില്ല എന്നതാണ് കോവിഡ്-19 ജനരാശിയെ ഭയപ്പെടുത്താന്‍ പ്രധാന കാരണം. ഈ ഭയം അസ്ഥാനത്താണെന്ന് കരുതാനുമാവില്ല.
കൊറോണ വൈറസ് സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ നിര്‍ബന്ധമായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുമായോ, അടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രവുമായോ ബന്ധപ്പെട്ടുകൊണ്ട് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച സര്‍വൈലന്‍സിന് തയ്യാറാവണം. നമ്മുടെ ആരോഗ്യ മേഖലയെ തളര്‍ത്താന്‍ ഇടയുള്ള കോവിഡ്-19 നെ പ്രതിരോധിക്കേണ്ടത് ഉത്തരവാദിത്തമായി കരുതണം. സമൂഹത്തോടുള്ള കരുതല്‍ കൂടിയാണതെന്നും മറന്നുപോകരുത്.
വ്യക്തി ശുചിത്വം പാലിക്കുക എന്നതാണ് രോഗം വരാതിരിക്കുന്നതിന് സ്വീകരിക്കേണ്ട മുന്കരുതലുകളില് പ്രധാനം. പൊതുഇടങ്ങളിലും ആശുപത്രികളിലും പോകേണ്ടി വന്നാല്‍ മാസ്ക് ധരിക്കുക, ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക, വ്യാജ പ്രചാരണങ്ങളില്‍ അകപ്പെടാതിരിക്കുക ഇതൊക്കെ പ്രധാനമാണ്.
കോവിഡ്-19 ന്റെ ലക്ഷണങ്ങളും സാധാരണ പനിയുടെ ലക്ഷണങ്ങളും ഏകദേശം സമാനമാണ്. അതിനാല്‍ത്തന്നെ ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ അവഗണിക്കരുത്. നേരിട്ട് ആശുപത്രിയില്‍ പോകുന്നതിന് പകരം ആരോഗ്യപ്രവര്‍ത്തകരെ ആദ്യം വിവരം അറിയിക്കണം. അവര്‍ നല്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണം.
രോഗ ബാധിതരേയും നിരീക്ഷണത്തിലുള്ളവരേയും സമൂഹം ബഹിഷ്കരിക്കുകയല്ല, മറിച്ച് സമൂഹത്തോടുള്ള അവരുടെ പ്രതിബന്ധതയെ അംഗീകരിക്കുയാണ് വേണ്ടത്. അവര്‍ നമുക്കുവേണ്ടിക്കൂടിയാണ് ദിവസങ്ങള്‍ നീണ്ട ഏകാന്തവാസം അനുഭവിക്കുന്നത് എന്നോര്‍ത്ത് അവരെ അംഗീകരിക്കണം.
കോവിഡ്-19ന്റെ വ്യാപനത്തില്‍ ലോകം മുഴുവന്‍ നിതാന്ത ജാഗ്രതയാണ് പുലര്‍ത്തുന്നത്. പ്രതിരോധ മരുന്ന് കണ്ടെത്താനുള്ള ശ്രമങ്ങളും ഊര്‍ജ്ജിതമായി നടക്കുന്നു. ലോക ആരോഗ്യ മേഖല ഗുരുതരമായ സ്ഥിതിവിശേഷത്തിലൂടെയാണ് കടന്നുപോകുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം. ഭീതി പരത്തുകയല്ല. പകരം ജാഗ്രത പുലര്‍ത്തുകയാണ് അനിവാര്യം. മഹാവ്യാധികളെപ്പോലും ശാസ്ത്രത്തിന്റെ സഹായത്തോടെ ചെറുത്തു തോല്പിച്ച പാരമ്പര്യമാണ് മാനവ രാശിക്കുള്ളത്. കൊറോണ വൈറസിനെതിരേയും പ്രതിരോധ മരുന്ന് കണ്ടെത്താന്‍ സാധിക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് വൈദ്യശാസ്ത്ര ലോകവും. രോഗം വ്യാപി
ക്കുന്നതിന്റെ തീവ്രത കുറയ്ക്കാന്‍ ആവശ്യമായ നടപടികള്‍ക്കാണ് ഇപ്പോള്‍ എല്ലാ രാഷ്ട്രങ്ങളും ഊന്നല്‍ നല്‍കുന്നത്. കോവിഡ്-19 നെ അതിജീവിച്ച് രോഗബാധിതര്‍ ഊര്‍ജ്ജസ്വലതയോടെ സ്വാഭാവിക ജീവിതത്തിലേക്ക് പ്രവേശിക്കുമെന്ന് പ്രത്യാശിക്കാം. അതിനുവേണ്ടി പ്രാര്‍ത്ഥിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: