തിരുവനന്തപുരം: അഭീഷ്ടവരദായിനിയായ ആറ്റുകാലമ്മയ്‌ക്ക് ഭക്തലക്ഷങ്ങൾ പൊങ്കാല അർപ്പിച്ചു. ക്ഷേത്രത്തിന്റെ ഏഴ് കിലോമീറ്റർ ചുറ്റളവിലുള്ള വീഥികളെല്ലാം ഭക്തരെക്കൊണ്ട് നിറഞ്ഞു. ലക്ഷക്കണക്കിന് അമ്മമാർ ആറ്റുകാൽ അമ്മയുടെ സ്തുതികൾ ഉരുവിട്ട് ഭക്തിയും ശാന്തിയും നിറഞ്ഞ മനസോടെ അഭീഷ്ടവരദായിനിയായ ആറ്റുകാൽ അമ്മയ്‌ക്ക് പൊങ്കാല അർപ്പിക്കുമ്പോൾ ലഭിക്കുന്നത് ആത്മസംതൃപ്തി.
ക്ഷേത്രപരിസരം പൊങ്കാല കലങ്ങളാൽ ഇന്നലെ രാവിലെ തന്നെ നിറഞ്ഞു കവിഞ്ഞു. അമ്മയെ ഒരു നോക്ക് കണ്ട് സായൂജ്യമടയാൻ പതിനായിരങ്ങളാണ് ക്ഷേത്രത്തിലേക്ക് ഇടമുറിയാതെ എത്തിയത്. ഓരോ മൺകലങ്ങളിലും പൊങ്കാല തിളച്ചു തൂവുമ്പോൾ നിറഭക്തിയുടെ ആത്മസമർപ്പണമാണ് ഓരോ ഭക്ത മനസിലും. ഉച്ചയ്‌ക്ക് 2.10നാണ് പൊങ്കാല നിവേദിച്ചത്. തിടപ്പള്ളിയിലേയും പണ്ടാര അടുപ്പിലെയും പൊങ്കാലകളാണ് ആദ്യം നിവേദിച്ചത്. തുടർന്ന് ക്ഷേത്രത്തിൽ നിന്നും നിയോഗിച്ചിട്ടുള്ള 350ഓളം ശാന്തിമാർ ക്ഷേത്രത്തിന്റെ വിവിധ മേഖലകളിൽ തീർത്ഥജലം തളിച്ച് പൊങ്കാല നിവേദിക്കുന്ന അവസരത്തിൽ ആകാശത്ത് നിന്നും ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടിയും നടത്തി. ഇതോടെ ഒരു വർഷത്തെ പ്രാർത്ഥനയോടുള്ള കാത്തിരിപ്പിന് വിരാമമായി.
രാവിലെ 9.45ന് ക്ഷേത്രത്തിൽ ശുദ്ധ പുണ്യാഹ ക്രിയ ആരംഭിച്ചു. കണ്ണകീ ചരിത്രത്തിലെ പാണ്ഡ്യരാജാവിനെ വധിക്കുന്ന ഭാഗം പാട്ടുപുരയിൽ തോറ്റംപാട്ടുകാർ പാടി കഴിഞ്ഞതോടെ ശ്രീകോവിലിൽ നിന്നും തന്ത്രി തെക്കേറ്റത്ത് കുഴിക്കാട്ട് ഇല്ലത്ത് പരമേശ്വരൻ വാസുദേവ നമ്പൂതിരിപ്പാട് പകർന്നു നൽകുന്ന ദീപം മേൽശാന്തി പി.ഈശ്വരൻ നമ്പൂതിരി വലിയ തിടപ്പള്ളിയിലെയും ചെറിയ തിടപ്പള്ളിയിലെയും അടുപ്പിലേക്ക് പകർന്നു. അവിടെ നിന്ന് കീഴ്‌ശാന്തിമാർ പാട്ടുപുരയ്‌ക്ക് മുന്നിൽ ഒരുക്കിയിരിക്കുന്ന പണ്ടാര അടുപ്പിലേക്ക് പകർന്നു. ഇതോടെ വരിവരിയായി നിരന്നിരിക്കുന്ന ലക്ഷോപലക്ഷം പൊങ്കാല അടുപ്പുകളിലേക്ക് അഗ്നി പകർന്നു. തുടർന്ന് നഗരം യാഗശാലയായി മാറി.
ഭർത്താവായ കോവലനെ വധിച്ചതിന് രൗദ്രഭാവം പൂണ്ട കണ്ണകി ദേവി പാണ്ഡ്യരാജാവിനെ വധിക്കുന്നു. ദേവിയുടെ വിജയം ഭക്തജനങ്ങൾ പൊങ്കാലയിട്ട് ആഘോഷിക്കുന്നുവെന്നും രൗദ്രഭാവവുമായി വരുന്ന ദേവിയെ ഭക്തജനങ്ങൾ പൊങ്കാലയിട്ട് സ്വീകരിച്ചുവെന്നുമാണ് ഐതിഹ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: