ആശയപരമായും രാഷ്ട്രീയമായും തീര്‍ത്തും അപ്രസക്തമായിട്ടും സംസ്കാരത്തിന്റെ അധികാര കേന്ദ്രങ്ങളില്‍ ലെഫ്റ്റ്-ലിബറലുകള്‍ ഇപ്പോഴും സജീവമാണ്. ബഹുസ്വരതയെന്നാല്‍ ഇവര്‍ക്ക് സംസ്കാര നിന്ദയാണ്. സ്വാതന്ത്ര്യം ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ പരമാധികാരത്തെ വെല്ലുവിളിക്കാനുള്ള ആയുധവും. വ്യത്യസ്തമായ കക്ഷി രാഷ്ട്രീയം പുലര്‍ത്തുമ്പോഴും കലയുടെയും സാഹിത്യത്തിന്റെയും മേഖലയില്‍ ഇവര്‍ പരസ്പരം കൈകോര്‍ക്കുന്നു. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ തങ്ങളുടെ ആധിപത്യം വെല്ലുവിളിക്കപ്പെടുകയാണെന്ന് അറിയുന്ന ലെഫ്റ്റ്-ലിബറലുകള്‍ സര്‍വശക്തിയും സമാഹരിച്ച് ചെറുത്തുനില്ക്കാന് ശ്രമിക്കുകയാണ്. അക്കാദമികവും ആശയപരവുമായ പോരാട്ടങ്ങളിലൂടെ ഇക്കൂട്ടരെ പരാജയപ്പെടുത്തേണ്ട ആവശ്യകതയിലേക്ക് ദേശീയശക്തികള്‍ ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് പ്രൊഫ. കെ.പി. ശശിധരന് പറയുന്നു. പതിറ്റാണ്ടുകളായി സാംസ്കാരിക രംഗത്തെ ചെറുചലനങ്ങളെപ്പോലും സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഈ മുന്‍ കോളജ് അധ്യാപകന് പ്രഭാഷകന്‍, ‘വാര്‍ത്തികം’ മാസികയുടെ പത്രാധിപര്‍, ഗ്രന്ഥകാരന് എന്നീ നിലകളില്‍ ശ്രദ്ധേയനാണ്. കൗടില്യന്റെ അര്‍ത്ഥശാസ്ത്രം സമ്പൂര്‍ണ രൂപത്തില്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. കോഴിക്കോട് ബേപ്പൂര്‍ സ്വദേശിയായ ഈ ചിന്തകനുമായുള്ള അഭിമുഖം.
പ്രധാനമന്ത്രി നരേന്ദ്ര മോദി അഞ്ചു വര്‍ഷം ഇന്ത്യ ഭരിച്ചു. വീണ്ടും അഞ്ചു വര്‍ഷം ഭരിക്കാന്‍ അവസരം ലഭിച്ചിരിക്കുകയാണ്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളായിരുന്നിട്ടും ലെഫ്റ്റ് -ലിബറല്‍ ബുദ്ധിജീവികള്‍ കടുത്ത അസഹിഷ്ണുത പുലര്‍ത്തുകയാണ്. ശക്തമായ ജനവിധിയുടെ പിന്‍ബലത്തില്‍ ഭരിക്കുന്ന ഒരു സര്‍ക്കാരിനെ നിരന്തരം വെല്ലുവിളിക്കുന്നത് സാധാരണ കാര്യമാണോ? ഇതിന് പിന്നില്‍ ഒരു രാഷ്ട്രീയ ഗൂഢാലോചനയില്ലേ?
ലിബറല്‍ എന്ന വിശേഷണം ഇടതു മീമാംസകര്‍ സ്വയം എടുത്തണിഞ്ഞതല്ലേ? സാങ്കല്പിക ലോകത്ത് ധാരാളമായി വിറ്റഴിയുന്ന ഒരു പദമാണത്. എം.വി. രാഘവന്റെ സര്പ്പസങ്കേതം ചുട്ടെരിച്ച മാര്‍ക്സിസ്റ്റുകാരെ ഉദാരമതിയായ ഒരു കോളജ് പ്രൊഫസര്‍ മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ ന്യായീകരിച്ചത് ഓര്‍മ്മ വരുന്നു. കമ്യൂണിസ്റ്റ് രാഷ്ട്രീയം അപ്രായോഗികമായി അന്യംനിന്നുപോയാലും ആഖ്യാനവും വ്യാഖ്യാനവുമായി കഴിഞ്ഞുകൂടാനുള്ള അപാരമായ സാമര്‍ത്ഥ്യം ഇവര്‍ക്കുണ്ട്. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ ചതുരംഗപ്പട തോറ്റൊടുങ്ങിയാലും പിന്നെയും ഒരു ഏകാംഗ സേന ബാക്കിയുണ്ടാവും. അക്കാദമികളിലും സംസ്കാരത്തിന്റെ ഓരോ അധികാരസ്ഥാനങ്ങളിലും കയറിപ്പറ്റി വാര്‍ത്തയില്‍ സദാ നിറഞ്ഞുനില്ക്കുകയും, ആശയസംവാദത്തിന്റെ ഗതി നിയന്ത്രിക്കുകയും ചെയ്യുന്ന ഈ വിഭാഗത്തിന്റെ മെയ്വഴക്കം അസൂയാര്‍ഹമാണ്. നായയുടെയും മറ്റും ദേഹത്ത് ഒട്ടിപ്പിടിച്ചു കിടക്കുന്ന കുതിര്‍ന്ന പയറുമണിയുടെ വലിപ്പം ആര്‍ജ്ജിക്കുന്ന റ്റിക്സ് (ഠശരസ)െ എന്ന ഒരു ജീവിയുണ്ട്. നായ ചത്തുപോയാലും മറ്റൊരു നായയുടെ ജീവരക്തത്തിനായി ഈ ക്ഷുദ്രജീവിയുടെ സൂക്ഷ്മ ശരീരം മണ്ണില്‍ കാത്തുകിടക്കും. രാഷ്ട്രീയമായി കമ്യൂണിസം പരാജയപ്പെട്ടുവെങ്കിലും അതിന്റെ ലൈബ്രറി എഡിഷന്, യൂറോപ്യന്‍ രാജ്യങ്ങളിലുള്ളതുപോലെ ഇവിടെയും ഏറെക്കാലം നിലനില്ക്കും. ജനസ്വാധീനംകൊണ്ട് നരേന്ദ്ര മോദിയെ എതിരിടാന്‍ പറ്റാത്ത ഇടതുപക്ഷം, ദേശീയ ശക്തികള്‍ക്ക് ഇപ്പോഴും ബാലികേറാമലയായ സാംസ്കാരിക മേഖലയെ കേന്ദ്രീകരിച്ചുകൊണ്ടാണ് പയറ്റുന്നത്.
മോദി സര്‍ക്കാര്‍ വിദേശഫണ്ട് കൈപ്പറ്റുന്ന എന്‍ജിഒകളെ വന്‍തോതില്‍ നിരോധിക്കുകയും നിയന്ത്രിക്കുകയും ചെയ്തിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിനോടുള്ള എതിര്‍പ്പിന്റെ മുഖ്യ കാരണങ്ങളിലൊന്ന് ഇതുതന്നെയല്ലേ?
വ്യവസ്ഥസ്ഥാപിത മാര്‍ഗങ്ങളിലൂടെ നിയമാനുസൃതമായ വഴിയില്‍ എന്‍ജിഒ വ്യവസായം നടത്തിയാല്‍ വലിയ ലാഭമുണ്ടാകില്ല. ശക്തന്മാര്ക്ക് ലംഘിക്കാനുള്ളതാണ് നിയമം എന്ന് ഒരു നോവലിസ്റ്റ് പറഞ്ഞിട്ടുണ്ട്. ഹവാല വഴി കേരളത്തിലേക്കും ഇന്ത്യയിലേക്കും ഒഴുകുന്ന പണത്തിന്റെ അളവ് ഇപ്പോഴും ഗണ്യമായി കുറഞ്ഞിട്ടില്ല. സംഘടിത മതങ്ങള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും കള്ളപ്പണ പ്രമാണിമാര്‍ക്കും യഥേഷ്ടം മണ്ണുവാങ്ങാനും മതം മാറ്റാനും, കറുത്തപക്ഷത്തെ വെളുത്തപക്ഷമാക്കാനും കഴിഞ്ഞിട്ടുണ്ട് എന്നത് സത്യമല്ലേ? അതില്‍ ഇടിവ് സംഭവിക്കുമ്പോള്‍, എഴുത്തുകൂലി വിദേശ നാണ്യമായി ലഭിക്കുന്നവരുടെ വായില്‍ മണ്ണു വീഴുമ്പോള്‍-ആരെങ്കിലും സഹിക്കുമോ?
ലെഫ്റ്റ്-ലിബറലുകളുടെ നിലപാടുകള്‍ സൂക്ഷ്മമായി നോക്കുമ്പോള്‍ ഉത്തരഭാരതത്തോടുള്ള കടുത്ത വിരോധം കാണാം. എന്താണ് ഈ എഴുത്തുകാര്‍ക്കും ബുദ്ധിജീവികള്‍ക്കും ഇങ്ങനെയൊരു വികാരമുണ്ടാവാനുള്ള കാരണം. സര്‍ക്കാരിനെയാണ് വിമര്ശിക്കുന്നതെങ്കിലും സംസ്കാരത്തോടുള്ള ഒരുതരം അമര്‍ഷം ഇങ്ങനെ രൂപപ്പെട്ടുവരാനുള്ള കാരണം എന്താണ്? നന്മകളൊന്നുമില്ലാതിരുന്ന ഒരു സംസ്കാരമാണോ നമ്മുടേത്?
കലയെയും സാഹിത്യത്തെയും സൗന്ദര്യശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലല്ല; രാഷ്ട്രീയാധികാരത്തിനുള്ള ആയുധം എന്ന നിലയ്ക്കാണ് മാര്‍ക്സിസ്റ്റുകാര്‍ വിലമതിച്ചത്. നോവല്‍, നാടകം, ചലച്ചിത്രം തുടങ്ങിയ മേഖലകളില്‍ പരോഗമന പ്രസ്ഥാനക്കാര്‍ക്ക് ചലനം സൃഷ്ടിക്കാന്‍ കഴിഞ്ഞു. യശ്പാല്‍, കിഷന് ചന്ദര്‍, ബല്‍രാജ് സാഹ്നി തുടങ്ങിയ എത്രയോ പ്രതിഭാശാലികള്‍ ഈ ചങ്ങലയില്‍ കൈ കോര്‍ത്തു. പക്ഷേ ഈ വാമവാതം കൊണ്ടൊന്നും ഭാരതത്തിന്റെ മനസ്സ് കടപുഴകി വീണില്ല. പ്രത്യയശാസ്ത്രത്തിന്റെ പൊട്ടിച്ചൂട്ടിന് മുന്നിലിരുന്ന് ഭാരതം എന്ന വിസ്മയത്തെയും വികാരത്തെയും ദുര്‍വ്യാഖ്യാനം ചെയ്യാന്‍ ശ്രമിച്ചവരൊക്കെ ദേശീയതലത്തില്‍ തോറ്റുപിന്‍വാങ്ങി. സമസ്ത ജീവിത സമസ്യകളുടെയും പരിഹാരം രാഷ്ട്രീയത്തിലൂടെ സാധ്യമാകുമെന്ന വാദത്തിന് ഭാരതത്തില്‍ വേരോട്ടം ലഭിക്കില്ല. ഇടതുപക്ഷത്തിന്റെ ആയുധപ്പുരയായ ബംഗാളില്‍ എന്തേ സംഭവിച്ചത്? കാളിയില്ലാതെ ബംഗാളിയുണ്ടോ? തങ്ങളുടെ കക്ഷി രാഷ്ട്രീയ മോഹങ്ങള്‍ക്ക് വിലങ്ങുതടിയായി നില്‍ക്കുന്നത് ഈ പറഞ്ഞ ഭാരതീയതയുടെ വിശ്വാസപ്രമാണങ്ങളാണെന്ന തിരിച്ചറിവുകൊണ്ടാണ് ഇടതുബുദ്ധിജീവികള്‍ അതിനെ എതിര്‍ക്കുന്നത്. ഭാരതീയ ജീവിതത്തില്‍ അടിഞ്ഞുകൂടിയ പുഴുക്കുത്തുകളെ ചോദ്യം ചെയ്യാനുള്ള ഒരു തിരുത്തല്‍ ശക്തി എന്ന പോലെ, ഭാരതവര്‍ഷത്തിന്റെ നന്മകളെ അംഗീകരിക്കാന്‍ മടിക്കാത്ത സ്വതന്ത്രബുദ്ധി എന്ന പേരുകൂടി അവര്‍ സമ്പാദിച്ചിരുന്നുവെങ്കില്‍ നമ്മുടെ നാടിന്റെ ചരിത്രം മറ്റൊന്നാകുമായിരുന്നു.
കേരളത്തില്‍ മാര്‍ക്സിനെ വിമര്‍ശിക്കാം. ഇ.എം.എസ്. നമ്പൂതിരിപ്പാടിനെ വിമര്ശിച്ചൂകൂടാ. ഇഎംഎസിനെ വിമര്‍ശിച്ചതിന് വിഖ്യാത ചരിത്രകാരനായ ഡോ. എം.ജി.എസ്. നാരായണന് പഴികേട്ടതിന് കണക്കില്ല. നാരായണഗുരുവിനെ വിമര്‍ശിക്കാം. മഹാത്മാഗാന്ധിയെ എത്ര വേണമെങ്കിലും വിമര്‍ശിക്കാം. പക്ഷേ ജവഹര്‍ലാല്‍ നെഹ്റു വിമര്‍ശിക്കപ്പെട്ടുകൂടാ!
കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയെ ജനാധിപത്യ വിരുദ്ധമായ മാര്‍ഗങ്ങളിലൂടെ പിരിച്ചുവിട്ടത് ജവഹര്‍ലാല്‍ നെഹ്റുവാണല്ലോ. രാഷ്ട്രീയാധികാരം നഷ്ടപ്പെട്ടുവെങ്കിലും കമ്യൂണിസ്റ്റ് ആശയഗതിക്കാര്‍ക്ക് നെഹ്റുവും അദ്ദേഹത്തിന്റെ കുടുംബക്കാരും വെറുക്കപ്പെട്ടവരായില്ല. ഇന്ത്യയുടെ സാംസ്കാരിക മേഖലയെ കമ്യൂണിസ്റ്റ് ബുദ്ധിജീവികള്‍ക്ക് തീറെഴുതിക്കൊടുത്ത നെഹ്റു കുടുംബത്തോട് അവര്‍ക്ക് കടപ്പാടല്ലേ തോന്നേണ്ടത്? സയ്യദ് നൂര്‍-ഉല്-ഹസ്സന് എന്ന കറകളഞ്ഞ കമ്യൂണിസ്റ്റുകാരന് വിദ്യാഭ്യാസത്തിന്റെയും സംസ്കാരത്തിന്റെയും ചുമതല ചാര്‍ത്തിക്കൊടുത്തത് ഇന്ദിരാഗാന്ധിയായിരുന്നു. നമ്മുടെ സാംസ്കാരിക മേഖലയില്‍ കമ്യൂണിസത്തിന്റെ വിത്തുപാകിയത് നൂറുല്‍ ഹസ്സനാണ്. ഭാരതത്തില്‍ വ്യത്യസ്ത രാഷ്ട്രീയ സംഘടനകളുണ്ടെങ്കിലും സാംസ്കാരിക രംഗത്ത് അതില്ല. മാധ്യമ ചര്‍ച്ചകളില്‍ മുഴച്ചുനില്‍ക്കുന്ന ഇടതു ചായ്വിന്റെ രഹസ്യമതാണ്. ബിജെപിയൊഴിച്ചുള്ള പാര്‍ട്ടികള്‍ക്കെല്ലാം വക്കാലത്തെടുത്ത് വാദിക്കുന്നവര്‍ ഇടതുപക്ഷക്കാരല്ലേ?
ബിജെപിക്കുപോലും ഈ തരംഗത്തെ തടയാനായില്ല. മുംബൈ ഐഐടിയില്‍നിന്ന് ബിരുദം നേടിയ മിടുക്കനാണ് സുധീന്ദ്ര കുല്‍ക്കര്‍ണി. കാര്‍ഡ് ഹോള്‍ഡറായ കമ്യൂണിസ്റ്റ്. നമ്മുടെ നാട്ടിലെ എം.എ. ബേബിയോടൊപ്പം സ്റ്റുഡന്റ്സ് ഫെഡറേഷനിലും സജീവമായി പ്രവര്‍ത്തിച്ചു. വാജ്പേയി പ്രധാനമന്ത്രിയായ സന്ദര്‍ഭത്തില്‍ കുല്‍ക്കര്‍ണി ബിജെപിയിലെത്തി. കേഡര്‍ പാര്‍ട്ടി എന്നു പറയപ്പെടുന്ന ഒരു പാര്‍ട്ടിയില്‍ അരനാഴിക നേരംകൊണ്ട് കുല്‍ക്കര്‍ണി പനപോലെ വളര്‍ന്നു. പ്രധാനമന്ത്രി വാജ്പേയിയുടെ പ്രസംഗമെഴുത്തുകാരനായും, അദ്വാനിയുടെ ഉപദേഷ്ടാവായും ബിജെപിയുടെ ടെലിവിഷന്‍ പണ്ഡിതനായും സഖാവ് കുറെ ഉത്സാഹിച്ചു. കോണ്‍ഗ്രസ്സിനെപ്പോലെ ബിജെപിയെയും ഭാരതത്തിലെ പൊതു സ്വീകാര്യതയുള്ള ഒരു മതേതര ജനാധിപത്യ കക്ഷിയാക്കി മാറ്റുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ഒരു കോണ്‍ഗ്രസ്സിന്റെ ഭാരംകൊണ്ട് പൊറുതിമുട്ടുന്ന ഭാരതത്തില്‍ രണ്ട് കോണ്‍ഗ്രസ്സ് ആയാല്‍ സ്ഥിതി എന്തായിരിക്കും! തൊട്ടതെല്ലാം പിഴച്ച കുല്‍ക്കര്‍ണിയുടെ ഇറക്കവും പെട്ടെന്നായിരുന്നു. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാന്‍ പ്രസംഗ പണ്ഡിതന് അരമുറുക്കിയിറങ്ങി. ഇടയ്ക്കെപ്പോഴോ മമതാ ബാനര്‍ജിയുടെ കരങ്ങള്‍ക്ക് ശക്തി പകരാന്‍ ഗോദയിലിറങ്ങി. ഇടക്കിടെ പാക്കിസ്ഥാന് സന്ദര്‍ശിക്കാറുള്ള കുല്‍ക്കര്‍ണി കശ്മീര്‍ പ്രശ്നം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി പ്രശ്നമാണെന്നുവരെ പറഞ്ഞുവച്ചു. ഇദ്ദേഹത്തിന് വ്യക്തമായ ഒരു അജണ്ടയുണ്ടായിരുന്നു. നരേന്ദ്ര മോദിയുടെ വരവോടെ അത് പാതിവഴിയില്‍ ചീറ്റിപ്പോയി.
ഗാന്ധിജി മൂരാച്ചിയും നേതാജി ചെറ്റയുമായിരുന്ന കമ്യൂണിസ്റ്റുകാര്‍ക്ക് നെഹ്റുവിനോടും കുടുംബത്തോടും ഭക്തി കൂടും.
ഇന്ത്യയില്‍ മതസ്വാതന്ത്ര്യമില്ലെന്ന് അമേരിക്ക ഇടക്കിടെ പറയുന്നുണ്ട്. അതെന്തിനാണ്?
മതസ്വാതന്ത്ര്യം കൂടി ഉദ്ദേശിച്ചാണ് അമേരിക്കന്‍ ഐക്യനാടുകള്‍ നിലവില്‍ വന്നത്. അത് സ്വന്തം താല്‍പ്പര്യം നോക്കി പറയാനുള്ളതാവരുത്. മുതലാളിത്തവും പ്രൊട്ടസ്റ്റന്റ് മതവും ഇരട്ട സഹോദരങ്ങളാണ്. ഇവ അന്യോന്യം ഊന്നുവടികളായി നില്ക്കും. മതസങ്കുചിതത്വം ലിബറലിസത്തിന്റെ ഉള്ളില്‍ സമര്‍ത്ഥമായി ഒളിപ്പിച്ചുവെച്ചവരാണ് അമേരിക്കക്കാര്‍. പുറമേക്ക് അതിന്റെ അടയാളമൊന്നും കാണില്ല. ജോണ്‍ എഫ്. കെന്നഡി എന്ന ഒരേയൊരു റോമന്‍ കത്തോലിക്കാ പ്രസിഡന്റിനെയാണ് ആ രാജ്യത്തിന്റെ ചരിത്രത്തില്‍ നാം കാണുന്നത്. ബാക്കിയുള്ളവരില്‍ ബഹുഭൂരിപക്ഷവും ബാപ്റ്റിസ്റ്റ്, മെഥേഡിസ്റ്റ്, ആംഗ്ലിക്കന്‍ തുടങ്ങിയ പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങളില്‍ ഒതുങ്ങി. ഇതര മതസ്ഥരില്‍പ്പെട്ട ആരുമില്ല. സ്ത്രീകളുടെ അവസ്ഥ പറയാനുമില്ല. ഒട്ടും മതസ്വാതന്ത്ര്യമില്ലാത്ത ഇസ്ലാമിക സൗദിഅറേബ്യ അമേരിക്കയുടെ ഉറ്റമിത്രമാകുന്നതെന്തുകൊണ്ട്? മുകളില്‍ പ്രസ്താവിച്ച പ്രൊട്ടസ്റ്റന്റ് മതവിഭാഗങ്ങളും പെന്റക്കോസ്റ്റുകളുമാണ് ഭാരതത്തിലെ മതപരിവര്‍ത്തനത്തിന്റെ മൊത്തക്കച്ചവടക്കാര്‍. അമേരിക്ക ഇന്ത്യയ്ക്കുനേരെ കണ്ണുരുട്ടുന്നതിന്റെ കാരണം വ്യക്തം. തങ്ങളുടെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്ക് വളമൊരുക്കുന്ന ഒരു വിശ്വാസം ഭാരതത്തില്‍ വളരുന്നത് അമേരിക്കയുടെ താല്‍പ്പര്യത്തെ ബലപ്പെടുത്തുമല്ലോ. ഭാരതത്തിനെതിരെയുള്ള കൂച്ചുവിലങ്ങ് എന്ന നിലയ്ക്കാണ് പാക്കിസ്ഥാനെ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ പരിഗണിച്ചിരുന്നത്. യഹൂദമതവും ക്രിസ്തുമതവും ഇസ്ലാമും പഴയ നിയമ പുസ്തകത്തില്‍ ഐക്യപ്പെട്ടവരാണ്. ഇസ്ലാമിക തീവ്രവാദം ഇന്ന് ബ്രിട്ടന്റെ ഉറക്കം കെടുത്തുമ്പോള്‍ ചര്‍ച്ചിലിന്റെ ആത്മാവ് ഭാരതത്തോടു ചെയ്ത ചതിയെക്കുറിച്ചോര്‍ത്ത് ഖേദിക്കുന്നുണ്ടാകും. ഭാരതത്തില്‍ ഇപ്പോഴും നിശ്ശബ്ദമായി ഹിന്ദുക്കള്‍ മതംമാറ്റപ്പെട്ടുകൊണ്ടിരിക്കുന്നു. ആന്ധ്രയിലും തമിഴ്നാട്ടിലും ആശങ്കാജനകമായ തോതില്‍ അത് വര്‍ധിച്ചിട്ടുണ്ട്. മതംമാറിപ്പോയവരില് ഒരുപറ്റം വല്ലപ്പോഴും തിരികെ വന്നാല്‍ മാധ്യമങ്ങള്‍ക്കു മുകളില്‍ ആകാശം ഇടിഞ്ഞുവീഴും.
അമേരിക്കയില്‍ ഹരേകൃഷ്ണ പ്രസ്ഥാനക്കാര്‍ക്കു നേരെ ആരോപിക്കപ്പെട്ട കള്ളക്കേസുകള്‍ക്ക് കണക്കുണ്ടോ? കോടതിയുടെ നിഷ്പക്ഷതകൊണ്ടല്ലേ അവര്‍ പിടിച്ചുനില്‍ക്കുന്നത്?
ഒരുകാലത്ത് കശ്മീരിലുണ്ടായിരുന്ന അന്തരീക്ഷം ദല്‍ഹിയിലെ ജെഎന്‍യു കാമ്പസിലേക്ക് പറിച്ചുനട്ടിരിക്കുകയാണ്. രാജ്യദ്രോഹക്കുറ്റത്തിന് വധശിക്ഷ ലഭിച്ച അഫ്സല് ഗുരുവിനെപ്പോലുള്ളവരെ വിഘടനവാദികള്‍ പരസ്യമായി ന്യായീകരിക്കുന്നു, പുകഴ്ത്തുന്നു.
ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ വര്‍ഷങ്ങളായി നടന്ന അധ്യാപക നിയമനത്തിന്റെയും വിദ്യാര്‍ത്ഥി പ്രവേശനത്തിന്റെയും ഉള്ളുകള്ളികള്‍ പരിശോധിക്കപ്പെടേണ്ടതാണ്. ഈ സര്‍വകലാശാല നെഹ്റു കുടുംബാംഗങ്ങളുടെ പേരിലല്ലാതെ മറ്റാരുടെയെങ്കിലും പേരിലാണ് അറിയപ്പെട്ടിരുന്നതെങ്കില്‍ ഇത്രയും സൗഭാഗ്യം ആ സ്ഥാപനത്തിനുണ്ടാകുമായിരുന്നോ? നിര്‍ബാധം ഒഴുകിവരുന്ന കേന്ദ്ര സഹായവും അക്കാദമിക് ധൂര്‍ത്തിന് ആക്കം കൂട്ടി. അധ്യാപകര്‍ക്ക് അക്കാദമിക് ഓഡിറ്റ് എന്നത് അനാവശ്യമായി അനുഭവപ്പെട്ടു. എന്തു കുറ്റകൃത്യം ചെയ്താലും ജാമ്യത്തിലെടുക്കാനും വെള്ളപൂശാനും ഒരുമ്പെട്ടു നില്ക്കുന്ന രാഷ്ട്രീയ-മാധ്യമ പിന്‍ബലം ഈ സര്‍വകലാശാലയുടെ ശാപമായി മാറി. ബൗദ്ധികരംഗത്തെ സുപ്രീംകോടതിയാണ് തങ്ങള്‍ എന്ന് ഇവിടെയുള്ള അധ്യാപകര്‍ പോലും ധരിച്ചു. ആമോദത്തോടെ വസിച്ച ആ നല്ല നാളുകള്‍ ഇനി എത്രകാലം നീണ്ടുനില്‍ക്കുമെന്ന് കണ്ടറിയണം.
ലിബറല്‍-ലെഫ്റ്റുകളുടെ കുറേക്കാലമായുള്ള ഒരു വിമര്‍ശനമാണ് സംഘപരിവാര്‍ ബഹുസ്വരത നശിപ്പിക്കുന്നുവെന്നത്. അവരുടെ ഒട്ടുമിക്ക പ്രസ്താവനകളിലും ഈ വാക്ക് കേറിപ്പറ്റും. ഈ ആക്ഷേപത്തില്‍ വല്ല കഴമ്പുമുണ്ടോ?
ഹിന്ദുവിന്റെ ബഹുസ്വരതയില്‍ മാടനും മറുതയും മുതല്‍ അദൈ്വതം വരെയുണ്ട്. ഒരു വിശ്വാസത്തെയോ ആചാരത്തെയോ നശിപ്പിച്ചശേഷം പുതിയ ഒന്നിനെ പ്രതിഷ്ഠിക്കുക എന്ന സമ്പ്രദായം ഭാരതീയര്‍ക്ക് അന്യമാണ്. ഒരു പുസ്തകത്തിന്റെയും സിലബസ്സിന്റെയും അടിസ്ഥാനത്തില്‍ ലോകത്തുടനീളം മതം പ്രചരിപ്പിച്ച സെമിറ്റിക് പാരമ്പര്യത്തില്‍ ബഹുസ്വരത മതനിന്ദയായി മാറും. ലോകത്തുള്ള എല്ലാ മതങ്ങളും ഭാരതത്തിലുണ്ട്. ലോകത്തൊന്നുമില്ലാത്തവണ്ണം രാഷ്ട്രീയപ്പാര്‍ട്ടികളും ഈ നാട്ടിലുണ്ട്. ബഹുസ്വരത എന്ന മുദ്രാവാക്യം ഭാഷയും ഭക്ഷണവും വേഷവും അടക്കമുള്ള സാംസ്കാരിക തലങ്ങളില്‍ യാതൊരുവിധ പ്രതിസന്ധിയും സൃഷ്ടിക്കില്ല. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും അത് അനുവദനീയമാണ്. എന്നാല്‍ ഒരു ദേശത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കാന്‍ കുതികൊള്ളുന്ന ബഹുസ്വരത രാജ്യദ്രോഹത്തില്‍ കുറഞ്ഞ മറ്റൊന്നുമല്ല. ജനസംഖ്യയും ഭൂമിശാസ്ത്രവും വിഭവങ്ങളും വച്ചുനോക്കുമ്പോള്‍ ലോകശക്തിയാവാന്‍ കെല്‍പ്പുള്ള ഭാരതത്തെ അന്താരാഷ്ട്ര തലത്തില്‍ പലരും ഭയപ്പെടുന്നുണ്ട്. ജോലിക്ക് കൂലി കൊടുത്തു നിര്‍ത്തിയ ചിലരാണ് ബഹുസ്വരതയുടെ പേരില്‍ ‘തച്ചുടയ്ക്കലിന് തച്ചുശാസ്ത്ര’വുമായി ഇറങ്ങിയിരിക്കുന്നത്. കൗരവ സേനാ നായകന്മാരെ അപേക്ഷിച്ച് അര്ജ്ജുനന് ദുര്‍ബ്ബലനായിരുന്നു. ആ ദൗര്‍ബല്യത്തെ നികത്തിയത് ശ്രീകൃഷ്ണന്റെ ഭാവാത്മകമായ ഉത്തേജനമാണ്. സൂര്യതേജസ്സുള്ള കര്‍ണ്ണന്റെ ശക്തി മറ്റൊരു തേരാളിയായ ശല്യര്‍ ചോര്ത്തിക്കളഞ്ഞതിന്റെ ഉദാഹരണം മഹാഭാരതത്തിലുണ്ട്. ഇനി ചോദിക്കട്ടെ, ആരാണ് ബഹുസ്വരതയുടെ വൈതാളികര്‍? തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളജ് അടക്കമുള്ള സര്‍ക്കാര്‍ സര്‍വകലാശാലകളില്‍ ബഹുസ്വരതയ്ക്ക് സൂചികുത്താനിടമുണ്ടോ? ഉത്തര കേരളത്തിലെ ചില പോളിങ് ബൂത്തുകളില്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ പ്രതിനിധികള്‍ക്കു മാത്രമേ ഇരിക്കാന്‍ അവകാശമുള്ളൂ. സംഘടിത മതങ്ങളുടെ അധികാരകേന്ദ്രങ്ങളില്‍ ഇതിനപ്പുറമുള്ളതും നടക്കുന്നു. ബഹുസ്വരതയോടുള്ള ബഹുമാനംകൊണ്ടാണ് വിഭജനത്തിനുശേഷം ഹിന്ദുക്കള്‍ക്ക് ലഭിച്ച ഭാരതം ഹിന്ദുരാഷ്ട്രമായി പരിണമിക്കാതിരുന്നത്.
ബഹുസ്വരത എന്നു പറയുമ്പോള്‍, അതിന്റെ സാംസ്കാരികമായ ഉള്ളടക്കത്തില്‍ ഇന്ത്യ എക്കാലവും ബഹുസ്വരമായിരുന്നില്ലേ?
വൈജാത്യവും വൈചിത്ര്യവുമില്ലെങ്കില് സാഹിത്യവും കലയും മുരടിച്ചുപോകും. സഹൃദയത്വം വികസിക്കണമെങ്കില്‍ സാംസ്കാരിക സ്വാതന്ത്ര്യം കൂടിയേ തീരൂ. ജൈനന്മാര്‍ക്ക് അവരുടേതായ രാമായണമുണ്ട്. അഹിംസയില്‍ അധിഷ്ഠിതമാണ് അവരുടെ രാമായണ പാഠം. രാവണന്റെ മകളായി സീതയെ ചിത്രീകരിക്കുന്ന രാമായണ കഥകളുമുണ്ട്. ഇവയെ ആരും നിരോധിക്കുകയോ നാടുകടത്തുകയോ ചെയ്തിട്ടില്ല. വ്യാസനിര്‍മിതമായ മഹാഭാരതത്തില്‍ വായനക്കാര്‍ തിരുക്കിക്കയറ്റിയ പ്രക്ഷിപ്ത ശ്ലോകങ്ങള്‍ക്ക് കയ്യും കണക്കുമില്ല. എഴുത്തുകാരന്റെ വ്യക്തിപരമായ അവകാശത്തേക്കാള്‍ വായനക്കാരന്റെ ഭാവനാസ്വാതന്ത്ര്യത്തെയാണ് ഭാരതീയര്‍ മാനിച്ചിരുന്നത്. കൂത്തമ്പലത്തിലൂടെ ഭരതമുനിയുടെ നാട്യശാസ്ത്രം കേരളത്തിന്റെ സംസ്കാരത്തിലേക്ക് സംക്രമിച്ചപ്പോള്‍ ഉണ്ടായ മാറ്റങ്ങള്‍ നമുക്കറിയാം. ഒരു കാലഘട്ടത്തിലെ കേരളത്തിന്റെ ആവശ്യത്തിനനുസരിച്ചാണ് എഴുത്തുകാര്‍ രാമകഥ പാടിയത്. അര്‍ത്ഥശാസ്ത്രത്തിന്റെ ആദ്യത്തെ വ്യാഖ്യാനം പിറന്നത് നമ്മുടെ മണ്ണിലാണ്. കേരളീയ ജീവിതത്തിന്റെ സൂക്ഷ്മതലങ്ങള്‍ ആ കൃതിയിലുണ്ട്. ഭാഷയിലേക്കല്ല, സംസ്കാരത്തിലേക്കായിരുന്നു മൊഴിമാറ്റം.
തിരൂരില്‍ ഭാഷാ പിതാവായ എഴുത്തച്ഛന്റെ പ്രതിമ വയ്ക്കുന്നതിന് വിലക്കുണ്ട്. അദ്ഭുതകരമായ കാര്യം, ഭാഷാപ്രേമികളായ നമ്മുടെ എഴുത്തുകാര്‍ക്ക് ഇതില്‍ യാതൊരു പ്രതിഷേധവുമില്ല എന്നതാണ്. എന്തിന് ഇങ്ങനെയൊരു പ്രതിമ എന്നാണവര്‍ ചിന്തിക്കുന്നത്.
കേരളത്തിലെ വൈഷ്ണാവാചാര്യനാണ് തുഞ്ചന്‍. തുഞ്ചന്‍ പറമ്പില്‍ മുഴങ്ങേണ്ടത് വൈഷ്ണ ധര്‍മതത്വങ്ങളും, അതിന്റെ സമകാലിക പ്രസക്തിയുമായിരിക്കണം. അങ്ങനെ വല്ലതും അവിടെ സംഭവിക്കുമോ? വില്യം ഷേക്സ്പിയറുടെ ജന്മസ്ഥലമായ ഇംഗ്ലണ്ടിലെ സ്ട്രാറ്റ്ഫോഡില്‍ കാലുകുത്തുമ്പോള്‍ എലിസബീത്തന്‍ കാലഘട്ടത്തിന്റെ ഗന്ധമാണ് നമ്മെ എതിരേല്ക്കുക. ചരിത്ര പുരുഷന്മാര് അവര്‍ക്ക് വോട്ടുപെട്ടി നിറയ്ക്കാനോ, അടവിനോ അറവിനോ ഉള്ള ഉരുപ്പടിയല്ല. തുഞ്ചന്‍ പറമ്പില്‍ എംടിയെ പ്രാണപ്രതിഷ്ഠ നടത്തിയാല്‍പ്പിന്നെ ആ വെളിച്ചത്തില്‍ ജനകീയ ഭോജനം നടത്താമെന്ന് ചിലര്‍ കരുതി. തുഞ്ചന്‍ സ്മാരകം കശുവണ്ടി വികസന കോര്‍പ്പറേഷന്റെ കാര്യാലയം പോലെയുള്ള ഒന്നാകരുത്. സമസ്ത സാംസ്കാരിക കേന്ദ്രങ്ങളിലും വേണ്ടപ്പെട്ടവരെയും സ്വന്തക്കാരെയും പാര്‍ട്ടിക്കാരെയും തിരുകിക്കയറ്റുക, അതിന്റെ ആത്മീയവും സാംസ്കാരികവുമായ സത്തയെ ഷണ്ഡീകരിക്കുക-വികൃതമാക്കുക-വിസ്മരിക്കുക. ഇതൊന്നുമല്ലാതെ മറ്റെന്താണ് നമുക്ക് മാതൃക. കേരളത്തിലെ ഹിന്ദുത്വ സംഘടനകളുടെ മുറവിളിയും പ്രമേയവും മൂലം പൊറുതികെട്ടിട്ടാണല്ലോ കാലടിയില്‍ ശ്രീശങ്കരന്റെ പേരില്‍ ഒരു സംസ്കൃത സര്‍വകലാശാല നിലവില്‍ വന്നത്. ഒരു പൊളിറ്റ് ബ്യൂറോവില് നിറയ്ക്കാനുള്ള മാര്‍ക്സിസ്റ്റ് മീമാംസകര്‍ അവിടെ കയറിപ്പറ്റി. കേരളത്തിലെ സംസ്കൃത പാരമ്പര്യം മതനിരപേക്ഷമാണെന്ന് അവിടത്തെ ഒരു യജമാനന് പറയുന്നതു കേട്ടു. ഹന്ത ഭാഗ്യം ജനാനാം. വര്‍ഗീയ സംസ്കൃതത്തില്‍നിന്ന് നാം രക്ഷപ്പെട്ടല്ലോ. തുഞ്ചന്റെ ശബ്ദം വരേണ്യ വര്‍ഗ്ഗത്തിന്റേതല്ല. ഭാരതത്തിലേതുപോലെ കേരളത്തിലും ഭക്തിപ്രസ്ഥാനത്തിന്റെ കാവല്ഭടന്മാര് സാധാരണക്കാരും ഇടത്തരക്കാരുമായിരുന്നു. ശാരികപ്പൈതലിനെ കൂട്ടിലടച്ചതിന്റെ കാരണം വേറെ അന്വേഷിക്കണോ?
വിജയന്റെ കൃതികള്‍ ഇപ്പറഞ്ഞതുപോലെ ചര്‍ച്ച ചെയ്യുന്നില്ല എന്നുമാത്രമല്ല, വിജയന് പത്ത് പതിനൊന്ന് പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്, സാഹിത്യേതരമായി. ഉള്‍ക്കാഴ്ചയുള്ളതാണ് ഈ രചനകള്‍. തിരിയുംചുമടും, സന്ദേഹിയുടെ സംവാദം, വര്‍ഗ്ഗസമരം സ്വത്വം തുടങ്ങിയ പുസ്തകങ്ങള്‍. ഇവയൊന്നും ഇപ്പോള്‍ കിട്ടാനില്ല. സാര്‍ നേരത്തെ പറഞ്ഞതുപോലെ, വിജയന് തന്റെ ചിന്ത ശക്തമായി ആവിഷ്കരിക്കുകയും, യാതൊരു കൂസലുമില്ലാതെ സത്യം വിളിച്ചുപറയുകയും ചെയ്യുന്ന രീതിയാണ് ഈ കൃതികളില്‍. അതിമനോഹരമായ ഗദ്യവും. പക്ഷേ ഈ പുസ്തകങ്ങള്‍ ഇപ്പോള്‍ കിട്ടാനില്ല. അതൊരു ഗൂഢാലോചനപോലെ തോന്നും?
മാര്‍ക്സിസത്തിന്റെ അധികാര രാഷ്ട്രീയത്തില്‍ വിജയന് ഒരു പങ്കുമുണ്ടായിരുന്നില്ല. അധികാര രാഷ്ട്രീയത്തില്‍ ധര്‍മ്മസങ്കടത്തിന് ഇടമില്ലാത്തതിനാല്‍ കക്ഷി രാഷ്ട്രീയം കയ്യാളിയിരുന്ന മാര്‍ക്സിസ്റ്റുകാര്‍ക്ക് ഇടയ്ക്കുവച്ച് വഴിപിരിയേണ്ടിവന്നില്ല. ചൂഷണത്തിന്റേതായ ഭൗതികജീവിതത്തിലേക്ക് മനുഷ്യനെ നയിക്കുന്ന ഒരു പ്രത്യയശാസ്ത്രമായി മാര്‍ക്സിസത്തെ പരിഗണിക്കുകയും, സ്വന്തം ഹൃദയത്തില്‍ അതിന് ഇടം നല്‍കുകയും ചെയ്ത വ്യക്തിയായിരുന്നു വിജയന്. തഞ്ചാവൂരിലെ ഒരു കോളജില്‍ അധ്യാപകനായി ജോലി ചെയ്യവെ, കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരമേല്‍ക്കുന്നത് തല്‍സമയം വീക്ഷിക്കാന്‍ തീവണ്ടിയില്‍ നാട്ടിലേക്ക് പുറപ്പെട്ടതിന്റെ ഒരു മനോഹര ചിത്രം വിജയന് ലേഖനരൂപത്തില്‍ എഴുതിവച്ചിട്ടുണ്ട്. ഒരു പളുങ്കുപാത്രം പോലെ അപ്രായോഗികമായി ആ മോഹം തകര്‍ന്നുപോയി. മഹാമോഹഭംഗത്തിന്റെ ആ ശൂന്യതയിലേക്ക് പിന്നെ കടന്നുവന്നത് നിണരുചി നുകര്ന്നാടിയ മാര്‍ക്സിസത്തോടുള്ള രോഷപ്രകടനമായിരുന്നു. ശാരീരികാവശതകളുള്ള ഈ എഴുത്തുകാരന്റെ വിമര്‍ശനവും പ്രതിഷേധവും രൂക്ഷമായ പരിഹാസത്തിലേക്ക് വരുന്നതാണ് പിന്നീട് കാണുന്നത്. ലക്ഷണയുക്തമായ പുരോഗമന സാഹിത്യകൃതി എഴുതാന്‍ ഇറങ്ങിത്തിരിച്ച വിജയന്റെ ദല്‍ഹി ജീവിതം ഖസാക്കിന്റെ ഇതിഹാസം പൂര്‍ത്തിയാക്കിയപ്പോള്‍, അത് കമ്യൂണിസത്തിനെതിരെയുള്ള മുഴുത്ത ചിരിയായി മാറി. മാര്‍ക്സിസ്റ്റ് പദകോശത്തിലെ ചൂഷണം എന്ന പ്രയോഗം, പാലക്കാട്ടെ തമിഴ് ചുവയുള്ള മലയാളത്തില്‍ ‘ചൊരണ്ടല്’ ആണ്. ഖസാക്കിലെ നിരക്ഷര കുക്ഷിയായ ഒരു കഥാപാത്രം ആംഗ്ലോ അമേരിക്കന്‍ ചൊരണ്ടല് നശിക്കട്ടെ എന്നുപറയുമ്പോള്‍ ആര്‍ക്കാണ് ചിരിയടക്കാന്‍ പറ്റുക? ലോകത്തിലെ ഏറ്റവും മുന്തിയ പുരോഗമന സാഹിത്യകൃതിയെക്കുറിച്ചും കേവലം ഒരു ഖണ്ഡികയുടെ ദൈര്‍ഘ്യമുള്ള കഥ വിജയന് എഴുതി. കാമുകീകാമുകന്മാര് നീലനിലാവിലിരുന്നു കാറല്‍ മാര്‍ക്സിന്റെ ‘മൂലധനം’ വായിക്കുന്നതാണ് പ്രമേയം. ഇന്ദിരാ കോണ്‍ഗ്രസ്സ് രാജ്യത്തെ തടവിലാക്കിയ അടിയന്തരാവസ്ഥയോട് വ്യവസ്ഥാപിത കമ്യൂണിസ്റ്റുകള്‍ കൈക്കൊണ്ട അനുകൂല സമീപനങ്ങളും, സോവിയറ്റ് യൂണിയന്റെ നിലപാടും വിജയനെ കുപിതനാക്കി. ഹംഗറി അടക്കമുള്ള രാജ്യങ്ങളില്‍ സാമ്രാജ്യത്വ ശക്തികളെ നാണിപ്പിക്കുംവിധം സോവിയറ്റ് യൂണിയന് കാട്ടിക്കൂട്ടിയ അതിക്രമങ്ങളിലും അദ്ദേഹം അതീവ ദുഃഖിതനായിരുന്നു. നിങ്ങളെന്നെ കമ്യൂണിസ്റ്റല്ലാതാക്കി എന്ന ധ്വനികൂടി വിജയന്റെ രചനകളിലുണ്ട്. മാര്‍ക്സിസ്റ്റുകാരുടെ ഹാജര്‍ പുസ്തകത്തില്‍ ഇദ്ദേഹത്തിന്റെ പേര് എങ്ങനെ ഇടംപിടിക്കും?
കമ്യൂണിസ്റ്റ് ആദര്‍ശങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെട്ടപ്പോള്‍ ഉണ്ടായ ശൂന്യത നികത്താന്‍ ഉപനിഷത്തിന്റെ വഴികളിലേക്കും വിജയന് നീങ്ങി. ഖസാക്കിലൂടെ ഗുരുസാഗരത്തിലും നിരവധി കഥകളിലുമായി അത് പടര്‍ന്നുപന്തലിച്ചു. ഉപനിഷത്തുകളെയും മറ്റും വിജയന് വീക്ഷിച്ചത് നമ്മുടെ പാരമ്പര്യ ശൈലിയിലല്ല.
ദേശാടനപപ്പക്ഷികളുടെ സഞ്ചാരപഥംപോലെ കൃത്രിമമായ അതിര്‍ത്തികളെ ഉല്ലംഘിച്ച് സര്‍വ്വചരാചരങ്ങളുടെയും അസ്തിത്വത്തിലേക്കും ജൈവസത്തയിലേക്കും അത് വികസിക്കുന്നു.
ഒ.വി. വിജയന് ഒരുകാലത്തും ഇടതുപക്ഷ കൂട്ടയോട്ടത്തില്‍ പങ്കുചേര്ന്നയാളല്ല. വിജയനെ ലെഫ്റ്റ്-ലിബറലുകള്‍ സമര്‍ത്ഥമായി അവഗണിച്ചു. കുറച്ചൊക്കെ തമസ്കരിച്ചു. വിജയന്റെ കൃതികളെപ്പോലും?
ഹിന്ദുമത മൗലികവാദികളുടെ കുഴലൂത്തുകാരന് എന്നൊക്കെ വിജയനെ സക്കറിയയെപ്പോലുള്ള സാഹിത്യകാരന്മാരും ബുദ്ധിജീവികളും വിമര്‍ശിച്ചിട്ടുണ്ട്. നിര്ല്ലേപത്വംകൊണ്ട് അദ്ദേഹം അതിനെയെല്ലാം അതിജീവിച്ചു. ഒ. രാജഗോപാല്‍, ആര്. ഹരി തുടങ്ങിയവരുമായി തനിക്കുണ്ടായിരുന്ന സ്നേഹവും സൗഹൃദവും വിശദീകരിക്കുമ്പോള്‍ തന്നെ, മാന്യമായി അവരുടെ ആശയത്തോടുള്ള വിയോജിപ്പും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. വിജയനെ മനസ്സിലാക്കാന്‍ കഥയും നോവലും ലേഖനവും കാര്‍ട്ടൂണും അടക്കമുള്ള അദ്ദേഹത്തിന്റെ സമ്പൂര്‍ണ കൃതികളെയും സമഗ്രമായി പഠിക്കണം.
വിമര്‍ശനങ്ങളില്‍ കുലുങ്ങാതെ ഹൈന്ദവത എന്നൊരു വാക്കുതന്നെ വിജയന് നിരന്തരം ഉപയോഗിച്ചിരുന്നു.
സമകാല മലയാള സാഹിത്യത്തിന്റെ അജണ്ടയില്‍ ഇടതുപക്ഷത്തിനപ്പുറത്തുള്ളതെല്ലാം വ്യാജ സൃഷ്ടികളാണ്, കള്ളനോട്ടുകളാണ്. വിജയന്റെ കൃതികളെ കാല്പനികന്റെ മലര്‍പ്പൊടി സ്വപ്നമായി അവഹേളിക്കാന്‍ വിരുതുള്ളവര്‍ നമ്മുടെ നാട്ടില്‍ ഏറെയുണ്ടല്ലോ. അക്കിത്തത്തിന്റെ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തിനും ഇതേ ദുര്യോഗമുണ്ടായി. നമ്മുടെ നാട്ടിലെ രാഷ്ട്രീയ കാപട്യത്തെ തുറന്നുകാട്ടുന്ന കൃതിയാണിത്. എഴുത്തച്ഛനെയും പൂന്താനത്തെയും മറ്റും പാഠപുസ്തകങ്ങളില്‍നിന്ന് അടിച്ചുപുറത്താക്കാന്‍ വഴിയില്ലാത്തതുകൊണ്ട് അവര്‍ കളകാഞ്ചിയും പാനയുമായി കഴിഞ്ഞുകൂടുന്നു. സര്‍വകലാശാലകളിലും മറ്റും പുസ്തക ശുപാര്‍ശയ്ക്കായി നിയോഗിക്കപ്പെട്ടവരുടെ രാഷ്ട്രീയം പരിശോധിച്ച് ഒരു ലേഖനമെങ്കിലുമെഴുതാന് നാം തയ്യാറാവണം. മോദിയെക്കുറിച്ചോ ഹൈന്ദവതയെക്കുറിച്ചോ പുകഴ്ത്തിപ്പറഞ്ഞാല്‍ കേരളത്തിലെ ഗ്രന്ഥശാലകളിലേക്കുള്ള സാഹിത്യകാരന്റെയും സാഹിത്യത്തിന്റെയും വഴിയടയും. വിജയന്റെ ഗുരുസാഗരം പോലുള്ള കൃതികള്‍ സര്‍വകലാശാലകളില്‍ പഠിപ്പിച്ചുതുടങ്ങിയാല്‍ ഒരു പുതിയ സംവേദനശീലവും സംസ്കാരവും വളരും. തങ്ങള്‍ക്ക് അതുകൊണ്ട് ഒരു നേട്ടവുമുണ്ടാകില്ലെന്നു ഇടതുപക്ഷക്കാര്‍ക്കറിയാം.
എഴുത്തുകാരനെന്ന നിലയില്‍ വിജയന്റെ ഔന്നത്യത്തെ തൊടാന്‍ പറ്റുന്നില്ല എന്നൊരു പ്രശ്നമുണ്ടോ?
കുട്ടികൃഷ്ണ മാരാര്‍ പുരോഗമന സാഹിത്യകാരന്മാര്ക്ക് ഒട്ടും അഭിമതനല്ല. ഒരുകാലത്തും മാരാരുടെ വിമര്‍ശന ഗൗരവത്തെ ചോദ്യം ചെയ്യാന്‍ അവര്‍ക്കായില്ല. എതിര്‍പ്പ് വിഫലമായപ്പോള്‍ അവഗണിക്കുക, തിരസ്കരിക്കുക തുടങ്ങിയ വിദ്യകള്‍ പ്രയോഗിച്ചു. വിജയന്റെ സ്ഥിതിയും മറിച്ചല്ല. മലയാളത്തിന്റെ അക്ഷരസ്വാദറിഞ്ഞ ഏതൊരു വ്യക്തിയും അദ്ദേഹത്തെ ഹൃദയത്തിലേറ്റി ആരാധിക്കും. പറഞ്ഞുവന്നത് ഇതാണ്. പരസഹായം ഇല്ലാതെ സ്വസ്ഥാനം ഉറപ്പിച്ചവരാണ് ഇവര്‍. സ്ഥാനമാനങ്ങള്‍ക്കായി ശുപാര്‍ശ നല്കിക്കൊണ്ടിരിക്കുന്ന ഇടത്തരക്കാരുടെ സ്ഥിതി അതല്ല.
വിജയന്റെ കൃതികളെപ്പോലെ എം. സുകുമാരന്റെ ശേഷക്രിയ, പിതൃതര്‍പ്പണം, സി.ആര്. പരമേശ്വരന്റെ പ്രകൃതി നിയമം, വൈലോപ്പിള്ളിയുടെ കുടിയൊഴിക്കല്‍ എന്നിങ്ങനെ കമ്യൂണിസ്റ്റ് വിരുദ്ധ സാഹിത്യം വലിയതോതില്‍ ചര്‍ച്ചയാവാതെ നോക്കാന്‍ കേരളത്തിലെ ഇടതുപക്ഷത്തിന് കഴിഞ്ഞിട്ടുണ്ട്.
വൈലോപ്പിള്ളിയുടെ കുടിയൊഴിക്കല്‍ ഒരു മാര്‍ക്സിസ്റ്റ് വിരുദ്ധ കൃതിയാണ് എന്ന് പറയാനാവില്ല. സ്നേഹ സുന്ദര പാതയിലൂടെയുള്ള ഒരു മാറ്റം കവി ആഗ്രഹിച്ചിരുന്നു. നേരത്തെ സൂചിപ്പിച്ചതുപോലെ സാഹിത്യം ഇടതുപക്ഷക്കാരുടെ ഒരു രാഷ്ട്രീയായുധമാണ്. രാവിലെ ഭക്ഷണം കഴിക്കുന്നതിനു മുന്‍പ് അക്ഷരം കഴിക്കുന്ന മലയാളികളുടെ മനശ്ശാസ്ത്രത്തെ ഗൗരവമായെടുക്കാന്‍ കമ്യൂണിസ്റ്റിതര സംഘടനകള്‍ക്ക് കഴിഞ്ഞിട്ടില്ല. ഈ സ്ഥിതി ഇനിയും ഏറെക്കാലം തുടരും.
സാര്‍ നേരത്തെ അടിയന്തരാവസ്ഥക്കാലത്ത് കോണ്‍ഗ്രസ്സും കമ്യൂണിസ്റ്റുകാരും ഇന്ത്യയില്‍ രണ്ടല്ല, ഒന്നാണെന്ന് തിരിച്ചറിഞ്ഞു എന്നുപറഞ്ഞല്ലോ?
കമ്യൂണിസ്റ്റുകാര്‍ സംഘടിതമായി ചെറുത്തുനിന്നിരുന്നുവെങ്കില്‍ അടിയന്തരാവസ്ഥയ്ക്കുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് ജയിക്കുമായിരുന്നില്ല. കേരളത്തിലുടനീളം മര്‍ദ്ദനമേറ്റ ആര്‍എസ്എസുകാര്‍ ജയിലിലും ആശുപത്രികളിലും കിടന്ന് നരകിച്ചു. ത്യാഗം അമൂല്യമായതിനാല്‍ വിലയിടാന്‍ പാടില്ലല്ലോ. ഒടുവില്‍ രാജനും ഈച്ചരവാര്യരും കക്കയം ക്യാമ്പും അടിയന്തരാവസ്ഥയ്ക്കെതിരെയുള്ള ചെറുത്തുനില്‍പ്പിന്റെ നാടകങ്ങളായി ഘോഷിക്കപ്പെട്ടു. സമ്മതിക്കുന്നു, നക്സലൈറ്റുകള്‍ അവര്‍ക്കാവുന്ന വിധം ചെറുത്തുനില്ക്കാന് ശ്രമിച്ചു. മാര്‍ക്സിസ്റ്റുകാരുടെ പാര്‍ട്ടിഗ്രാമങ്ങള്‍ സുഖമായി കിടന്നുറങ്ങി.
ചിലരുടെ ത്യാഗം ഉണ്ടെങ്കിലും നക്സലുകള്‍ എന്നുപറയുന്നവരാണ് അടിയന്തരാവസ്ഥയെ ചെറുത്തുതോല്‍പ്പിച്ചത് എന്നുള്ള ഒരു ഇംപ്രഷന്‍ ഇക്കാലത്തുപോലും വ്യാജമായി സൃഷ്ടിക്കുന്നില്ലേ?
മുകളില്‍ ഈ വിഷയത്തെക്കുറിച്ച് ചോദിച്ചിട്ടുണ്ട്. ലഫ്റ്റ് ലിബറലുകളുടെ ധാര്‍ഷ്ട്യത്തെ ചെറുക്കാനുള്ള കെല്‍പ്പോ സാമര്‍ത്ഥ്യമോ സാങ്കേതിക വിദ്യയോ ദേശീയശക്തികള്ക്കില്ല. ആണ്ടി അടിക്കാരനാണെന്ന് അടികിട്ടിയ ആളാണ് പറയേണ്ടത്. അല്ലാതെ അയാളുടെ ബന്ധുക്കളോ സുഹൃത്തുക്കളോ അല്ല. ഇടതുപക്ഷത്തിന്റേത് സാംസ്കാരിക രാഷ്ട്രീയമാണ്. അത് എന്താണെന്ന് തിരിച്ചറിയാത്തവര്‍ നൂറുവര്‍ഷം കഴിഞ്ഞാലും ഉണരില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: