ന്യൂദല്‍ഹി: അന്താരാഷ്ട്ര വനിതാ ദിനത്തില്‍ സമൂഹമാധ്യമ അക്കൗണ്ടുകള്‍ വനിതകള്‍ക്ക് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതികൂല ജീവിതസാഹചര്യങ്ങളെ നിശ്ചയദാര്‍ഢ്യത്തിലൂടെയും കഠിനപ്രയത്നത്തിലൂടെയും മറികടന്ന് വിജയം നേടി രാജ്യത്തിന് പ്രചോദനമായ ഏഴ് വനിതകളാണ് പ്രധാനമന്ത്രിയുടെ ട്വിറ്റര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, യൂ ട്യൂബ് അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തത്.
അക്കൗണ്ടുകളില്‍നിന്ന് സൈന്‍ ഓഫ് ചെയ്യുന്നതായി രാവിലെ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. അന്താരാഷ്ട്ര വനിതാ ദിനത്തിന് ആശംസകള്‍ നേരുന്നു സ്ത്രീ ശക്തിയുടെ ഉത്സാഹത്തിനും വിജയത്തിനും അഭിവാദ്യം. നേരത്തെ പറഞ്ഞതുപോലെ ഞാന്‍ സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകളില്‍നിന്ന് സൈന്‍ ഓഫ് ചെയ്യുകയാണ്. ഇനി ഏഴ് വനിതകള്‍ അവരുടെ ജീവിത യാത്രകള്‍ പങ്കുവയ്ക്കുകയും സംവദിക്കുകയും ചെയ്യും. രാജ്യത്ത് എല്ലായിടത്തും വിജയം കൈവരിച്ച വനിതകളുണ്ട്. അവരുടെ സ്വപ്നങ്ങളും പോരാട്ടങ്ങളും പ്രചോദിപ്പിക്കുന്നതാണ്. അത്തരം വിജയങ്ങള്‍ ആഘോഷിക്കുകയും അവരില്‍നിന്ന് പഠിക്കുകയും ചെയ്യാം. മോദി ചൂണ്ടിക്കാട്ടി.
ഫുഡ് ബാങ്ക് ഓഫ് ഇന്ത്യയുടെ സ്ഥാപക സ്നേഹ മോഹന്ദോസിനെക്കുറിച്ചായിരുന്നു ആദ്യ ട്വീറ്റ്. പതിമൂന്നാം വയസ്സില്‍ ബോംബ് സ്ഫോടനത്തില്‍ രണ്ട് കൈകളും നഷ്ടപ്പെടുകയും കാലുകള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത ഡോ. മാളവിക അയ്യരായിരുന്നു പിന്നീട്. പ്രതിസന്ധിയില്‍ തളരാതെ പിഎച്ച്ഡി കരസ്ഥമാക്കിയ മാളവിക ജോലി നേടുകയും ചെയ്തു. കശ്മീരിലെ പരമ്പരാഗത കരകൗശല മേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള പ്രവര്‍ത്തനത്തിലുള്ള ആരിഫ, ജലസംരക്ഷണത്തിനായി പോരാടുന്ന കല്‍പ്പന രമേഷ്, മഷ്റൂം വനിതയെന്നറിയപ്പെടുന്ന വീണ ദേവി, ബഞ്ചര വിഭാഗത്തിന്റെ കരകൗശല മേഖല സംരക്ഷിക്കാന്‍ രണ്ട് പതിറ്റാണ്ടിലേറെയായി പോരാടുന്ന വിജയ പവാര്‍, ആയിരക്കണക്കിനാളുകളെ ശൗചാലയങ്ങള്‍ നിര്‍മ്മിക്കാന്‍ പ്രേരിപ്പിച്ച കലാവതി ദേവി എന്നിവരാണ് തങ്ങളുടെ ജീവിതയാത്രകള്‍ പങ്കുവച്ചത്. രണ്ടര മിനിറ്റോളം നീളുന്ന വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: