ആറ്റുകാല്‍ പൊങ്കാല. എല്ലാ ഉപമകള്ക്കുമപ്പുറത്തുള്ള മഹാവിസ്മയം. പൊങ്കാലയുടെ പാരാവാരം. ആറ്റുകാല്‍ പൊങ്കാല സ്ത്രീകൂട്ടായ്മയുടെ ലോകാതിശയമാണ്. പൊങ്കാലയെക്കുറിച്ച് പറയാറുള്ളത് കണ്ണകി ചരിതവുമായി ബന്ധപ്പെടുത്തിയാണ്.
പാണ്ഡ്യരാജാവിനെ വധിച്ചശേഷം മധുരാപതി ചുട്ടെരിച്ച് കോപാകുലയായി വന്ന കണ്ണകിയെ സ്ത്രീ ഭക്തജനങ്ങള്‍ പൊങ്കാലയര്‍പ്പിച്ച് ശാന്തയാക്കിയെന്നാണ് ഐതിഹ്യം. എങ്കിലും കേരളത്തില്‍ എത്രയോ ഭദ്രകാളി ക്ഷേത്രങ്ങള്‍ ഉള്ളതില്‍ പൊങ്കാലപ്പെരുമകൊണ്ട് ലോകത്തിന്റെ നെറുകയിലെത്തിയത് ആറ്റുകാല്മാത്രം. അതുകൊണ്ടാണ് സ്ത്രീകളുടെ ശബരിമല എന്ന് ആറ്റുകാല്‍ അറിയപ്പെടുന്നത്.
സൂര്യോപാസനയുടെ ഭാഗമായാണ് ആദ്യകാലങ്ങളില്‍ പൊങ്കാല അര്‍പ്പിച്ചിരുന്നത്. തെക്കന്‍ കേരളത്തില്‍ സൂര്യനമസ്കാരത്തിന്റെ ഭാഗമായി ഞായറാഴ്ചകളില്‍ പൊങ്കാല ഇട്ടിരുന്നു. ഇത് ആത്മസമര്‍പ്പണത്തിന്റെ ഭാഗമായിരുന്നു. കൗളാചാര സമ്പ്രദായത്തിലുള്ള ആരാധനാരീതികളില്‍ നിവേദ്യമായി പായസമൊക്കെ വന്നത് പില്ക്കാലത്താണ്. താന്ത്രിക രീതികളിലുള്ള പൂജാവിധികളിലാണ് പാസയം നിവേദ്യത്തിലെ പ്രധാന ഇനമായി മാറിയത്.
പൊങ്കാല ഒരുക്കുന്നതിലും സമര്‍പ്പണത്തിലും ഭൗതികവും ആദ്ധ്യാത്മികവുമായ തലങ്ങളുണ്ട്. ഇതുപോലെ ബാഹ്യവും ആന്തരികവുമായ ഇടങ്ങള്‍ ഇതിനുണ്ട്. ഇതിനെ സ്തൂല-സൂക്ഷ്മാശംങ്ങളെന്ന് വ്യവിച്ഛേദിക്കാം. പൊങ്കാല അര്‍പ്പിക്കുന്നവരില്‍ ഭൂരിപക്ഷത്തിനും ഇതൊന്നുമറിയില്ല. എങ്കിലും അവര്‍ നിഷ്കാമഭക്തിയോടെ അമ്മയ്ക്കായി പൊങ്കാല അര്‍പ്പിക്കുന്നു. കൗളാചാരവിധികളില് ഭക്തര്‍ക്ക് നേരിട്ട് ദേവതകള്‍ക്ക് നിവേദ്യം അര്‍പ്പിക്കാന്‍ കഴിയും. എന്നാല്‍ വൈദിക സമ്പ്രദായത്തില്‍ പൂജവിധികളുള്ള ക്ഷേത്രങ്ങളില്‍ പുരോഹിതര്‍ക്കു മാത്രമേ നിവേദ്യസമര്‍പ്പണത്തിന് അധികാരമുള്ളൂ. ആറ്റുകാലില്‍ വൈദിക സമ്പ്രദായമാണ് ഇപ്പോള്‍ പിന്തുടുരന്നത്. ഈ സാഹചര്യത്തില്‍ അമ്മയ്ക്ക് നിവേദ്യമൊരുക്കി സമര്‍പ്പിക്കുന്നതിന് ഭക്തജനങ്ങള്‍ക്കുള്ള ഏകസന്ദര്‍ഭമാണ് പൊങ്കാലദിനം.
പാവനമായ ആ കര്‍മത്തിന് ശാരീരികമായും മാനസികമായും മുന്നൊരുക്കങ്ങള്‍ ഏറെ ആവശ്യമാണ്. അമ്മ എന്ന സങ്കല്പത്തില് അര്‍പ്പിക്കുന്ന പൊങ്കാലയ്ക്കായി ഒരുക്കങ്ങള്‍ ആരംഭിക്കും മുമ്പേ തന്നെ ശാരീരിക ശുദ്ധിയുടെ പ്രക്രിയകളും ആരംഭിക്കും. പലരും പലതരത്തിലാണ് വ്രതം പരിപാലിക്കുന്നത്. ഒരാഴ്ച മുമ്പുതന്നെ വ്രതം ആരംഭിക്കുന്നവരും അക്കൂട്ടത്തിലുണ്ടാകും.
പഞ്ചഭൂതാത്മകമാണ് മനുഷ്യശരീരം. അതില്‍ ഈശ്വരചൈതന്യം നിറഞ്ഞുനില്‍ക്കുകയാണ്. എന്നാല്‍ കാമം, ക്രോധം, ലോഭം, മതം, മത്സരം, മോഹം തുടങ്ങിയ വികാരങ്ങള്‍ ഈശ്വരചൈതന്യത്തെ മറച്ചുപിടിക്കുന്നു. മണ്‍കലം മനുഷ്യശരീരമാണ്. അതില്‍ അഗ്നിയുടെ ചൂടുകൊണ്ട് അരി തിളച്ചുമറിയുന്നു. ഇതിലൂടെ ദുഷ്ടവികാരങ്ങള്‍ ആവിയായി മറഞ്ഞുപോയി ആന്തരിക ചൈതന്യം തെളിയുന്നു. ഇതാണ് പൊങ്കാല അര്‍പ്പിക്കുന്നിന്റെ പൊരുള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: