കന്യാസ്ത്രീ മഠങ്ങളിലെ ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറുമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍. ”എന്നെപ്പോലെ സഭാ നിയമങ്ങള്‍ അനുസരിച്ചു കന്യാസ്ത്രീ മഠങ്ങളില്‍ കഴിയുന്ന നൂറു കണക്കിന് പേരുണ്ട്. പലവിധ പീഡനങ്ങള്‍ക്ക് ഇരയാകുന്ന അവരുടെ ശബ്ദം പുറത്തു വരാറില്ല. അവര്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ തനിക്ക് കഴിയും. അതിന് ഈശ്വരന്‍ കരുത്ത് നല്‍കും” ജന്മഭൂമിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ അവര്‍ ഇക്കാര്യം വ്യക്തമാക്കി. തന്നെ കാരക്കാമല കോണ്‍വെന്റില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സഭ കോടതിയെ സമീപിച്ചിരിക്കുകയാണ്. തന്റെ രണ്ടാമത്തെ അപ്പീലും വത്തിക്കാന്‍ തള്ളിക്കൊണ്ട് തന്ന മറുപടിയില്‍ പരാതികള്‍ ബോധിപ്പിക്കാന്‍ അവസരം നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ തന്റെ പരാതി ഇനിയും വത്തിക്കാനെ അറിയിക്കുമെന്നും അവര്‍ പറഞ്ഞു.
ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെതിരായ സമരത്തില്‍ പങ്കെടുത്ത മാനന്തവാടി കരക്കാമല എഫ് സി കോണ്‍വെന്റിലെ സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കലിനെ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്ന്യാസസഭയില്‍നിന്ന് പുറത്താക്കിയിരുന്നു. ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെതിരായ കന്യാസ്ത്രീയുടെ പീഡന പരാതിയിലും തുടര്‍ന്ന് നടന്ന കന്യാസ്ത്രീ സമരത്തിലും പങ്കെടുത്തു, ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്ന്യാസ സഭയുടെ നിയമപ്രകാരമുള്ള സഭാ വസ്ത്രം ധരിക്കാതെയും, സഭാനിയമങ്ങളില്‍നിന്ന് വ്യതിചലിച്ച് മറ്റ് രീതികളില്‍ സഞ്ചരിച്ചു,ചുരിദാര്‍ ധരിച്ചു, ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തുതുടങ്ങിയ 11 കുറ്റങ്ങളാണ് ലൂസി കളപ്പുരയ്‌ക്കലിനെതിരെ സന്ന്യാസ സഭ ചുമത്തിയിരുന്നത്. ഇക്കാര്യങ്ങളെക്കുറിച്ച് സഭയെ തൃപ്തിപ്പെടുത്തുന്ന വിശദീകരണം നല്‍കുന്നതില്‍ സിസ്റ്റര്‍ പരാജയപ്പെട്ടെന്നാണ് സഭയുടെ വിശദീകരണം. നിരവധിതവണ താക്കീത് നല്‍കിയിട്ടും ലൂസി കളപ്പുരയ്‌ക്കല്‍ ഇവയെല്ലാം നിരസിച്ചു എന്നതാണ് പുറത്താക്കലിന് കാരണമായി സഭ പറഞ്ഞത്. രണ്ടു തരം നീതിയാണ് സഭയിലെന്ന് സിസ്റ്റര്‍ ലൂസി പ്രതികരിച്ചു. തെറ്റു ചെയ്തവരെ അകത്ത് നിര്‍ത്തി തെറ്റു ചെയ്യാത്തവരെ പുറത്താക്കുന്ന നടപടിയാണ് ഇപ്പോള്‍ സഭ സ്വീകരിക്കുന്നത്. എന്തു വില കൊടുത്തും ഇത്തരം നടപടിക്കെതിരെ പോരാടും. നിയമപരമായും ഇതിനെ നേരിടുമെന്നും അവര്‍ പറഞ്ഞു. മഠത്തില്‍ നിന്ന് പുറത്താക്കിയ നടപടിക്കെതിരെ സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കല്‍ നല്‍കിയ രണ്ട് അപ്പീലും വത്തിക്കാന്‍ തള്ളിയിരുന്നു. എന്നാല്‍ മഠത്തില്‍ നിന്ന് ഇറങ്ങില്ലെന്നും നിയമപോരാട്ടം തുടരുമെന്നുമാണ് സിസ്റ്റര്‍ ലൂസിയുടെ നിലപാട്. വത്തിക്കാന്‍ തീരുമാനം ഏകപക്ഷീയമാണ്. മഠത്തില്‍ നിന്ന് പുറത്താക്കിയ രീതിയിലാണ് മറ്റ് കന്യാസ്ത്രീകള്‍ തന്നോട് പെരുമാറുന്നതെന്നും താന്‍ നല്‍കിയ പരാതികളില്‍ പൊലീസ് നടപടിയെടുക്കുന്നില്ലെന്നും സിസ്റ്റര്‍ ലൂസി വ്യക്തമാക്കി.
















