തിരുവനന്തപുരം: വ്രതം നോറ്റിരിക്കുന്ന അമ്മമാരുടെ കാത്തിരിപ്പിന് വിരാമമാകുന്നു. ചരിത്രപ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല നാളെ. രാവിലെ 10.20നാണ് പണ്ടാര അടുപ്പില്‍ അഗ്നി പകരുന്നത്. രാവിലെ 8.30ന് പന്തീരടി പൂജയ്ക്ക് ശേഷം ക്ഷേത്ര തന്ത്രിയുടെ കാര്‍മികത്വത്തില്‍ 9.45ന് ശുദ്ധപുണ്യാഹം നടത്തും. 10.20ന് തന്ത്രി തെക്കേടത്ത് കുഴിക്കാട്ടില്ലത്ത് പരമേശ്വരന് വാസുദേവന്‍ ഭട്ടതിരിപ്പാട് ശ്രീകോവിലില്‍ നിന്നും പകര്‍ന്നു നല്കുന്ന ദീപം മേല്‍ശാന്തി പി. ഈശ്വരന് നമ്പൂതിരി വലിയ തിടപ്പളളിയിലും ചെറിയ തിടപ്പള്ളിയിലെയും അടുപ്പിലേക്ക് പകരും. അവിടെ നിന്ന് സഹകീഴ്ശാന്തിമാര് പാട്ടുപുരയ്ക്ക് മുന്നില്‍ ഒരുക്കിയിരിക്കുന്ന പണ്ടാര അടുപ്പിലേക്ക് പകരും. തുടര്‍ന്ന് ലക്ഷോപലക്ഷം അടുപ്പുകളിലേയ്ക്ക് തീ പകരും. ഉച്ചയ്ക്ക് 2.10നാണ് പൊങ്കാല നിവേദ്യം.
ക്ഷേത്രത്തിന്റെ പത്തു കിലോമീറ്റര്‍ ചുറ്റളവിലായിരിക്കും പൊങ്കാല. ഇത്തവണ നാല്‍പ്പത്തഞ്ച് ലക്ഷത്തോളം ഭക്തജനങ്ങള്‍ പൊങ്കാല അര്‍പ്പിക്കുമെന്നാണ് ക്ഷേത്ര ട്രസ്റ്റിന്റെ കണക്കുകൂട്ടല്‍. തന്റെ ഭര്‍ത്താവായ കോവലനെ വധിച്ചതിന് രൗദ്രഭാവം പൂണ്ട കണ്ണകി ദേവി പാണ്ഡ്യരാജാവിനെ വധിക്കുന്നു. രൗദ്രഭാവവുമായി വരുന്ന ദേവിയെ ഭക്തജനങ്ങള്‍ പൊങ്കാലയിട്ട് സ്വീകരിച്ചുവെന്നതാണ് പൊങ്കാലയുടെ ഐതിഹ്യം.
നാളെ രാത്രി 7.30നാണ് കുത്തിയോട്ട ബാലന്മാര്ക്ക് ചൂരല്‍കുത്ത് ചടങ്ങുകള്‍ ആരംഭിക്കുന്നത്. ചൂരല്‍കുത്ത് ചടങ്ങ് കഴിഞ്ഞ് പുറത്തെഴുന്നള്ളത്ത്. ദേവിയോടൊപ്പം യുദ്ധത്തില്‍ പങ്കെടുത്തെന്ന സങ്കല്‍പ്പത്തിലാണ് കുത്തിയോട്ട ബാലന്മാര് ദേവിയോടൊപ്പം എഴുന്നള്ളത്തിന് അകമ്പടി സേവിക്കുന്നത്.
830 കുത്തിയോട്ട ബാലന്മാരാണ് ഇത്തവണയുള്ളത്. ചൊവ്വാഴ്ച രാത്രി 12.30ന് നടക്കുന്ന ഗുരുതി തര്‍പ്പണത്തോടെയാണ് പൊങ്കാല മഹോത്സവത്തിന് സമാപനം കുറിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: