‘കവിതാരാമ’ത്തില്‍130 ലേറെ കവിതകള്‍ ഇതിനോടകം അപ്ലോഡ് ചെയ്തു. തുടക്കത്തില്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ കവിതകള്‍ ആണ് പോസ്റ്റ് ചെയ്തിരുന്നത്. ഇപ്പോഴത് ആഴ്ചയില്‍ ഒന്ന് വീതമായി. വിശേഷ ദിവസങ്ങള്‍ വന്നാല്‍ അതുമായി ബന്ധപ്പെട്ട കവിതകള്‍ അപ്ലോഡ് ചെയ്യും. ഏകദേശം 16,295 പേര് കവിതാരാമം യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്തു. ചങ്ങമ്പുഴയുടെ രമണന് നാല് ലക്ഷത്തോളം പേരാണ് ഈ ചാനലിലൂടെ കേട്ട് ആസ്വദിച്ചത്. വൈലോപ്പള്ളിയുടെ മാമ്പഴത്തിന് രണ്ട് ലക്ഷത്തോളവും കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകിക്ക് ഒരു ലക്ഷത്തോളവും ചങ്ങമ്പുഴയുടെ മലരണിക്കാടുകള്‍ക്ക് രണ്ടരലക്ഷത്തിലേറേയും ആസ്വാദകരുണ്ടായി.
കവിത ചൊല്ലാന്‍ ആരു വിളിച്ചാലും പോകും. കുട്ടികള്‍ക്ക് കിട്ടുന്ന ഒരു വേദി നഷ്ടപ്പെടുത്തില്ല. ലോകത്ത് പല ഭാഗങ്ങളിലായുള്ള കുട്ടികള്‍ ഓണ്‍ലൈന്‍ വഴി കവിത പഠിക്കുന്നുണ്ട്. കാവ്യകേളിയിലും പരിശീലനവും നല്‍കുന്നുണ്ട്. മാമ്പഴം സീസണ് ഒന്നിലെ വിജയി ലക്ഷ്മി ദാസ്, ശ്രീകാന്ത് നമ്പൂതിരി, അനഘ കോലത്ത്, അമൃതരാജ് ഇവരെല്ലാം പ്രിയ ശിഷ്യരാണ്. ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രമാണ് തങ്ങളെപ്പോലുള്ള കവിതാപ്രേമികള്‍ക്ക് താങ്ങും തണലുമായി നില്‍ക്കുന്നതെന്ന് ടീച്ചര്‍ പറയുന്നു.
കവി എന്‍.കെ.ദേശം, ആലങ്കോട് ലീലാകൃഷ്ണന്, എസ്. രമേശന് നായര്‍, റഫീക് അഹമ്മദ്, വിജയലക്ഷ്മി ഇവരെല്ലാം കവിതാരാമത്തിന്റെ ആരാധകരാണ്. സരസമ്മ ടീച്ചറെ കൂടെക്കൂടെ വിളിച്ച് അഭിനന്ദനമറിയിക്കുകയും അഭിപ്രായം പറയുകയും ചെയ്യുന്ന കവി മധുസൂദനന് നായര്‍ക്കും ടീച്ചറിന്റെ ഈ ഉദ്യമത്തോട് നല്ല മതിപ്പാണ്. റിയാലിറ്റി ഷോ മാമ്പഴത്തിലൂടെ ശ്രദ്ധേയരായ ശിഷ്യര്‍, കവിതാമത്സരത്തില്‍ പ്രാഗത്ഭ്യം തെളിയിച്ചവര്‍, വാട്സ്ആപ് ഗ്രൂപ്പിലെ സുഹൃത്തുക്കള്‍ അങ്ങനെ നിരവധി പേരാണ് ചാനലിലേക്ക് കവിത ആലപിക്കുന്നത്. കവിതകള്‍ കണ്ടെത്തുന്നതിന് പ്രചോദനവും പ്രോത്സാഹനവുമായി കൂടെ നില്ക്കുന്ന ഭര്‍ത്താവ് കേശവന് നായരാണ് കവിത സംബന്ധിച്ച സംശയങ്ങള്‍ ദൂരീകരിക്കുന്നതും. ടീച്ചറിന് കുടുംബം പരിപൂര്‍ണ പിന്തുണ നല്കുന്നു. ബാലേന്ദു എന്ന പേരിലെഴുതുന്ന ചന്ദ്രശേഖര്‍, ബാലസാഹിത്യകാരന്‍ മുത്തലപുരം മോഹന്‍ ദാസ് എന്നിവര്‍ സഹോദരങ്ങളാണ്.
സരസമ്മ ടീച്ചറെ ഹൈടെക് അമ്മയാക്കിയ മകന് അരുണ്‍, സഹോദരന് മുത്തലപുരം മോഹന്‍ദാസിന്റെ മകന് ചന്തുമോഹന്‍, ഭാര്യ ശ്രീലക്ഷ്മി എന്നിവരാണ് ചാനലിന് വേണ്ട സാങ്കേതിക സഹായം നല്‍കുന്നത്. കെഎസ്ആര്‍ടിസിയില്‍ നിന്നും വിരമിച്ച സഹോദരന് ശശികുമാറാണ് കവിതയ്ക്ക് ആവശ്യമായ പശ്ചാത്തല ദൃശ്യങ്ങള്‍ കണ്ടെത്തുന്നത്. കൂത്താട്ടുകുളം സ്വദേശി വൈശാഖ് ഗോപി കവിതയെ കൂടുതല്‍ ശ്രവ്യ സുന്ദരമാക്കുന്നു.
മൂത്തമകന് ഡോ.പ്രവീണ്‍ അമേരിക്കയില്‍ ട്യൂമര്‍ ഇമ്യൂണോളജിയില്‍ പ്രവര്‍ത്തിക്കുന്നു. ഭാര്യ: മഞ്ജു. മക്കള്‍ ആനന്ദ്, ഭരത്. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ ഡയറക്ടറുടെ സെക്രട്ടറിയാണ് ഇളയമകന് അരുണ്‍. ഭാര്യ കാക്കനാട് രാജഗിരി ക്രിസ്തുജ്യോതിയില് സയന്‍സ് അധ്യാപികയായ രാജലക്ഷ്മി. രവിശങ്കര്‍, മീനാക്ഷി എന്നിവരാണ് മക്കള്‍.
2011 ല്‍ മലയാള ഭാഷയ്ക്കും കാവ്യശാഖയ്ക്കും നല്കുന്ന സേവനങ്ങള്‍ മാനിച്ച് എറണാകുളം ജില്ലാ ഭരണകൂടം മലയാള ദിനത്തില്‍ പുരസ്കാരം നല്കി ടീച്ചറെ ആദരിച്ചിരുന്നു. അക്ഷരശ്ലോക സമിതികളുടെ ബഹുമതികള്‍ക്കും അര്‍ഹയായി. ഫേസ്ബുക്കില്‍ നര്‍മം കലര്‍ന്ന, സരസമായ കുറിപ്പുകള്‍ എഴുതാറുണ്ട്. ധാരാളം വായനക്കാര്‍ ഇതിനുമുണ്ട്. എന്നാലും കവിത എഴുത്തില്‍ കൈവച്ചിട്ടില്ല. മുത്തലപുരം കൂരാപ്പിള്ളില്‍ കൃഷ്ണന് നായരുടേയും ജാനകിയമ്മയുടേയും ഈ നാലാമത്തെ മകള്‍ക്ക് കവിതവിട്ടൊരു ജീവിതമില്ല. ഇടപ്പള്ളി കൂനംതൈയ്ക്ക് അടുത്ത് സാകേതത്തില്‍ കവിതയുടെ ലോകത്ത് ടീച്ചര്‍ സദാ തിരക്കിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: