ഉള്ളൂരിന്റെ പ്രേമസംഗീതം സരസമ്മ ടീച്ചര്‍ക്ക് വളരെ ഇഷ്ടമാണ്. പക്ഷേ, അതെടുത്ത് കൈകാര്യം ചെയ്യാന്‍ അല്പം ഭയവുമുണ്ട്. കവിത ചൊല്ലല്കാരെ ഇതിലെ വരികള്‍ കുഴക്കിക്കളയും, അതു തന്നെ കാരണം. കവിതകളെ പ്രാണനെപ്പോലെ സ്നേഹിക്കുന്ന സരസമ്മ ടീച്ചറിന്റെ ജീവിതത്തെ പ്രേമസംഗീതത്തിലെ രണ്ട് വരികള്‍ അന്വര്‍ത്ഥമാക്കുന്നു.
‘പദങ്ങളന്വയമാര്‍ന്നേ വാക്യം ഭവിപ്പൂ സാര്‍ത്ഥകമായ്ശ്രുതിയും താളവുമൊത്തേ ഗാനം ശ്രോത്രസുഖം നല്‍കൂ’. ഇതുപോലെയാണ് ടീച്ചറിന്റെ കവിതാ ലോകം. മലയാളത്തിലെ പ്രശസ്തരും ശ്രദ്ധേയരുമായ കവികളുടെ സൃഷ്ടികള്‍ സഹൃദയലോകത്തിന് പരിചയപ്പെടുത്തുകയാണ് മൂവാറ്റുപുഴ മുത്തലപുരം സ്വദേശിനി സരസമ്മ ടീച്ചര്‍. പ്രായം 75 ആയി. കവിത തേടി നടന്ന ഒരു ഭൂതകാലമുണ്ട് അവരുടെ ജീവിതത്തില്‍. ആ അവസ്ഥ ആര്‍ക്കും ഉണ്ടാകരുതെന്ന ചിന്തയില്‍ നിന്ന് ഉടലെടുത്ത ആശയമായിരുന്നു കവിതകള്‍ക്കായി ഒരു യൂട്യൂബ് ചാനല്‍ എന്നത്. ഒന്നരവര്‍ഷം മുമ്പ് ‘കവിതാരാമം’ എന്ന പേരില്‍ അത് യാഥാര്‍ത്ഥ്യമായി.
മനോഹരമായ, അര്‍ത്ഥ സമ്പുഷ്ടമായ കവിതപോലെയാണ് സരസമ്മ ടീച്ചറിന്റെ ജീവിതം. കവിതയോടുള്ള ഇഷ്ടം കൂടിക്കൂടിയിപ്പോള്‍ ജീവിതം തന്നെ കവിതാമയമായി. അക്ഷരങ്ങള്‍ കൂട്ടിവായിക്കാന്‍ തുടങ്ങിയപ്പോള്‍ മുതലുള്ള കൂട്ടാണ്, കവിതയുമായി. വീട്ടിലെ 11 മക്കളില്‍ നാലാമത്തെവള്‍ക്ക് വായിക്കാന്‍ സ്വന്തം പാഠപുസ്തകത്തിലെ കവിതകള്‍ പോരാതെ വന്നു. മൂത്തവരുടേയും ഇളയവരുടേയും പാഠപുസ്തകങ്ങളിലെ കവിതകള്‍ അവരേക്കാള്‍ വേഗത്തില്‍ ആവേശത്തോടെ ഉറക്കെച്ചൊല്ലി, മനപാഠമാക്കി. കവിതയോടുള്ള ഇഷ്ടം പെരുകിപ്പെരുകിവന്നപ്പോള് കവിതകള്‍ തേടിയലഞ്ഞു. ആനുകാലിക പ്രസിദ്ധീകരണങ്ങളിലെ കവിതകളായിരുന്നു അക്കാലത്ത് ആശ്വാസം. പിന്നീട് വിവാഹിതയായി. തന്റെ കവിതാ ഭ്രമം തിരിച്ചറിഞ്ഞതുപോലെയുള്ള ജീവിതപങ്കാളിയെ ലഭിച്ചപ്പോള്‍ ടീച്ചര്‍ക്ക് ഏറെ സന്തോഷം. മലയാള അധ്യാപകന് കൂടിയായ ഭര്‍ത്താവ് പി.എന്‍. കേശവന് നായര്‍ ഓരോ വിശേഷാവസരങ്ങളിലും പ്രിയതമയ്ക്ക് സമ്മാനമായി കവിതാ പുസ്തകങ്ങള്‍ നല്കി.
മൂത്ത മകന് മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന വേണ്ടി കവിതകള്‍ കണ്ടെത്തി, പഠിപ്പിച്ച് കൊടുക്കാന്‍ തുടങ്ങിയതോടെ ടീച്ചറുടെ ഈ സേവനം തേടി മറ്റുകുട്ടികളും അവരുടെ രക്ഷിതാക്കളും എത്തി. അങ്ങനെ വന്നവരെയെല്ലാം സ്വന്തം കുട്ടികളെന്നു കരുതി. അവര്‍ക്ക് വേണ്ടി കവിതകള്‍ തിരഞ്ഞെടുത്തു, ഈണമിട്ടു, പഠിപ്പിച്ചു. അങ്ങനെ ഏത് കലോത്സവം വന്നാലും കവിതാലാപനത്തിലും കാവ്യകേളിയിലും സമ്മാനം നേടുന്നത് സരസമ്മ ടീച്ചറുടെ ശിഷ്യര്‍ എന്ന നിലയിലേക്ക് കാര്യങ്ങളെത്തി.
കവിത എങ്ങനെ കൂടുതല്‍ പേരിലേക്ക് എത്തിക്കാം എന്നായി പിന്നത്തെ ആലോചന. വാട്സ് ആപിന്റെ കടന്നുവരവ് അതിനും ഉത്തരം നല്കി. കവിതകള്‍ക്കുവേണ്ടി മാത്രമായി വാട്സ് ആപ് കൂട്ടായ്മ തുടങ്ങി. കാവ്യാലാപനം ഗ്രൂപ്പിന്റെ ബാനറിലുള്ള ‘കാവ്യാലാപനം കളരി’. 30 പേര് ഈ ഗ്രൂപ്പിലുണ്ട്. മറ്റൊന്ന് അക്ഷരശ്ലോകങ്ങള്ക്കായുള്ള ‘അക്ഷരം കളരി’.
പ്രസിദ്ധങ്ങളായ, മൂല്യമുള്ള കവിതകള്‍ വാട്സ് ആപില്‍ പോസ്റ്റ് ചെയ്യും. കലോത്സവങ്ങള്‍ക്ക് വേണ്ടി കുട്ടികള്‍ വീട്ടില്‍ വന്നായിരുന്നു പഠിച്ചിരുന്നത്. ഇപ്പോഴത് വാട്സ് ആപ് ഗ്രൂപ്പ് വഴിയാണ്. കലോത്സവത്തില്‍ പങ്കെടുക്കുന്നതിന് മുമ്പ് കുട്ടികള്‍ നേരിട്ടെത്തി കവിത ചൊല്ലി കേള്‍പ്പിക്കും. കവിതയ്ക്ക് ആവശ്യമായ ഭാവം ഉള്‍ക്കൊണ്ടാണോ കുട്ടി കവിത ആലപിക്കുന്നത് എന്നറിയാന്‍ ഇത് സഹായിക്കും. കൈരളി ചാനലില്‍ സംപ്രേഷണം ചെയ്ത റിയാലിറ്റി ഷോ മാമ്പഴത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടി നിരവധി കുട്ടികള്‍ ടീച്ചറുടെ അടുത്ത് നിന്നും കവിത സ്വായത്തമാക്കിയിരുന്നു. ഇതില്‍ വിജയികളായവരെല്ലാം ശിഷ്യരായിരുന്നു എന്ന പ്രത്യേകതയുമുണ്ട്. കവിത പഠിപ്പിക്കാന്‍ അറിയാം എന്ന ആത്മവിശ്വാസമുണ്ടായി.
25 വര്‍ഷം പാലക്കുഴ ഗവ. മോഡല്‍ ഹൈസ്കൂളില്‍ അധ്യാപികയായിരുന്നു. ആറൂര്‍ യുപി സ്കൂളില്‍ 5 വര്‍ഷം സേവനം അനുഷ്ഠിച്ച ശേഷം ഹെഡ്മിസ്ട്രസായാണ് വിരമിച്ചത്. ഭര്‍ത്താവ് പി.എന്‍. കേശവന് നായരും മലയാളം അധ്യാപകനായിരുന്നു. മാറാടി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പലായിട്ട് വിരമിച്ചു. ഭാഷയെ സ്നേഹിക്കുന്നവര്‍ക്ക് പദാവലി വര്‍ധനത്തിന് കവിതയോളം നന്ന് മറ്റൊന്നില്ല. കവിതയെ സ്നേഹിക്കുന്നവര്‍ പുതിയ തലമുറയിലും ഉണ്ടെന്നത് ആശാവഹമാണ്. കവിത പഠിക്കാന്‍ വരുന്നവര്‍ക്ക് അതിന്റെ അര്‍ത്ഥം, പര്യായം, സൂചക കഥകള്‍, കവിതയുടെ പശ്ചാത്തലം തുടങ്ങി സമഗ്രമാവും കവിതാ പഠനം. വാട്സ് ആപ് ഗ്രൂപ്പിലൂടെയാണ് പഠനമെങ്കില്‍ പോലും ഇക്കാര്യങ്ങള്‍ എല്ലാം പരാമര്‍ശിക്കും-ടീച്ചര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: