കോട്ടയം: ഫെബ്രുവരി 24, 25 തീയതികളിലായി രാജ്യതലസ്ഥാനത്ത് പൊട്ടിപുറപ്പെട്ട കലാപത്തെ വളച്ചൊടിക്കുകയും സമുദായിക സ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ വാര്‍ത്ത കൊടുക്കുകയും ചെയ്ത ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വണ്‍ ചാനലുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ അഭിനന്ദിച്ച് മാനന്തവാടി രൂപത വൈദികന് ഫാ.നോബിള്‍ തോമസ് പാറയ്ക്കല്‍.
ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഫാ.നോബിള്‍ ഏഷ്യാനെറ്റ് ന്യുസിനെ വിലക്കിയതിലുള്ള സന്തോഷം പങ്കുവച്ചിരിക്കുന്നത്. കളവുകളെ കച്ചവടം ചെയ്യുന്ന ഏഷ്യാനെറ്റ് ന്യുസ് എന്ന മാധ്യമസ്ഥാപനത്തിന്റെ അഹങ്കാരത്തിന് ഏറ്റ കനത്ത ആഘാതം എന്ന് തന്നെ ഈ നടപടിയെ വിശേഷിപ്പിക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്ന് ഫാ.നോബിള്‍ പറയുന്നു.
സത്യത്തിന് തെല്ലും വില കല്പിക്കാത്തതും നിറം ചേര്‍ത്തതും വളച്ചൊടിച്ചതുമായ റിപ്പോര്‍ട്ടുകള്‍ മാത്രമായിരുന്നു ഇതിന് മൂന്‍പും ഏഷ്യാനെറ്റ ന്യൂസ് നല്‍കിയിരുന്നത്. അതുകൊണ്ട് തന്നെ അത്തരം പല സംഭവങ്ങളിലൊന്നിന്റൈ പേരില്‍ ഈ മാധ്യമ സ്ഥാപനം ശിക്ഷിക്കപ്പെട്ടു എന്നറിയുമ്പോള്‍ അതിന്റെ ഏറ്റവുമടത്ത രാഷ്ട്രീയ സാഹചര്യങ്ങള്‍ പരിഗണിക്കാതെ തന്നെ ആ യഥാര്‍ത്ഥ്യത്തെ അഭിനന്ദനങ്ങളോടെ അംഗീകരിക്കാന്‍ താന്‍ നിര്‍ബന്ധിതനാകുന്നുവെന്നും ദല്‍ഹി സംഭവത്തിലുള്ള റിപ്പോര്‍ട്ടിന്റെ മാത്രം അനന്തരഫലമായി ഈ നടപടിയെ കാണാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ഫാ. നോബില്‍ പറയുന്നു.
വര്‍ത്തമാനകാല ഇന്ത്യയിലെ ഫാസിസം ഇനിയും ആവിഷ്കരണങ്ങള്‍ ആവശ്യമുള്ള ആരോപണമാണെന്ന കാരണത്താല്‍ ഫാസിസത്തിന്റെ പടപ്പുറപ്പാടിനേക്കാള്‍ ഈ മാധ്യമങ്ങളുടെ വ്യാജപ്രചാരണങ്ങളെ താന്‍ ഭയക്കുന്നു. അതിനേക്കാള്‍ അപകടകരമാണ് ഫാസിസം പോലെയുള്ള ആപത്തുകളെ തിരിച്ചറിയാനാവാത്ത വിധം മനുഷ്യബോധത്തെ വ്യാജവാര്‍ത്തകളില്‍ മുക്കിക്കൊല്ലുന്ന ധനാസക്തിയാല്‍ വികൃതമാക്കപ്പെട്ട സത്യാന്തരകാലത്തെ മാധ്യമധര്‍മ്മമെന്നും ഫാ.നോബിള്‍ ഫെയ്സ്ബുക്കിലൂടെ പറഞ്ഞു വയ്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: