ന്യൂദല്‍ഹി: ദല്‍ഹി കലാപത്തിന്റെ പശ്ചാത്തലത്തില്‍ വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന വാര്‍ത്തകള്‍ സംപ്രേഷണം ചെയ്ത മലയാളം വാര്‍ത്താചാനലുകളായ എഷ്യാനെറ്റ് ന്യൂസ്, മീഡിയ വണ്‍ ചാനലുകളെ വിലക്കിയതില്‍ വിശദീകരണവുമായി കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി പ്രകാശ് ജാവദേക്കര്‍. മാധ്യമസ്വാതന്ത്ര്യത്തിനു വേണ്ടി എന്നും നിലകൊണ്ടിട്ടുള്ള പാര്‍ട്ടിയാണ് ബിജെപി. മാധ്യമ സ്വാതന്ത്ര്യം നിലനിര്‍ത്താന്‍ ഏതറ്റം വരേയും പോയിട്ടുള്ളവരാണ് തങ്ങളെന്ന് അടിയന്തരാവസ്ഥ കാലത്ത് തെളിഞ്ഞതാണ്. കേരളത്തിലെ രണ്ടു മാധ്യമങ്ങളെ വിലക്കിയതില്‍ പ്രധാനമന്ത്രി നേരിട്ട് ആശങ്ക അറിയിച്ചിരുന്നു. വിഷയത്തില്‍ പിഴവ് പറ്റിയെങ്കില്‍ അതു തിരുത്താനുള്ള നടപടി ഉണ്ടാകും. വിഷയം ശ്രദ്ധയില്‍പ്പെട്ടയുടന്‍ ഇടപെട്ട് വിലക്ക് നീക്കാന്‍ നിര്‍ദേശം നല്‍കിയെന്നും ജാവദേക്കര്‍. ജനാധിപത്യം നിലനില്ക്കാന് മാധ്യമസ്വാതന്ത്ര്യം അനിവാര്യമാണ്. അതിനു വേണ്ടി എല്ലാ നടപടികളും സ്വീകരിക്കുമെന്നും മന്ത്രി.
ആരാധാനാലയങ്ങള്‍ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തു, കലാപം ഏകപക്ഷീയമായി റിപ്പോര്‍ട്ട് ചെയ്തു, സംഘര്‍ഷ സാധ്യത നില്ക്കുന്ന സാഹചര്യത്തില്‍ രാജ്യം മുഴുവന്‍ കലാപം പടര്‍ന്നു പിടിക്കാന്‍ സഹായിക്കുന്ന രീതിയില്‍ റിപ്പോര്‍ട്ട് ചെയ്തു മുതലായ കുറ്റങ്ങള്‍ക്കാണ് ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്ണിനും എതിരെ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. കലാപകാരികള്‍ സിഎഎ വിരുദ്ധ പ്രക്ഷോഭകര്‍ക്ക് നേരെ പോലീസ് നോക്കി നില്‍ക്കെ വെടി ഉതിര്‍ത്തു എന്നാണ് റിപ്പോര്‍ട്ടര്‍ വാര്‍ത്ത നല്‍കിയത്. എന്നാല്‍ ഇതെല്ലാം വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. കലാപമേഖലയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ പാലിക്കേണ്ട മിതത്വം ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ സ്വീകരിച്ചില്ല. സാമൂഹ്യ സ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യരുത് എന്ന നിബന്ധന ലംഘിച്ചു. ഒരു വിഭാഗമാണ് കാലപം നടത്തുന്നത് എന്ന രീതിയില്‍ ഏകപക്ഷീയമായ വാര്‍ത്ത വിതരണരീതി അവലംബിച്ചുവെന്നും വിലക്ക് ഏര്‍പ്പെടുത്തി കൊണ്ടുള്ള ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിഷയത്തില്‍ ചാനലുകളോട് വിശദീകരണം ചോദിച്ചെങ്കിലും നല്കിയ മറുപടി തൃപ്തികരമല്ലാത്തതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്. വെള്ളിയാഴ്ച രാത്രി 7.30 ഓടെയാണ് ഇരു ചാനലിന്റേയും സംപ്രേഷണം നിര്‍ത്തിവെച്ചത്. തുടര്‍ന്ന് ഇന്നു പുലര്‍ച്ചെ രണ്ടോടു കൂടി ഏഷ്യാനെറ്റിന്റേയും രാവിലെ ഒമ്പതിന് മീഡിയ വണ്ണിന്റേയും വിലക്ക് പിന്‍വലിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: