ജിദ്ദ: രാജ്യദ്രോഹകുറ്റം ആരോപിച്ച് സൗദി അറേബ്യയില്‍ രാജകുമാരന്മാർ ഉൾപ്പടെ മൂന്നു പേരെ അറസ്റ്റ് ചെയ്തു. സല്മാന് രാജാവിന്റെ സഹോദരന് അഹമ്മദ് ബിന്‍ അബ്ദുളസീസ് അല്‍ സൗദ്, ഭരണാധിപന്റെ മരുമകന് മുഹമ്മദ് ബിന്‍ നയേഫ് രാജകുമാരന് എന്നിവരെയും നയേഫ് രാജകുമാരന്റെ ഇളയ സഹോദരന് നവാഫ് ബിന്‍ നയേഫിനെയുമാണ് അറസ്റ്റ് ചെയ്തതെന്ന് വാള് സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.
രാജ ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നാണ് ഇവർക്കെതിരെയുള്ള ആരോപണം. ഒരു പക്ഷേ, ജീവപര്യന്തം തടവോ വധശിക്ഷയോ വരെ കിട്ടാവുന്ന കേസാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നിര്‍ദേശ പ്രകാരമാണ് അറസ്റ്റ് എന്നാണ് റിപ്പോര്‍ട്ടുകള്‍. കറുത്ത യൂണിഫോം ധരിച്ച പ്രത്യേക ഗാര്‍ഡുമാര്‍ ഇവരുടെ വീട്ടിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ കിരീടവകാശിയായി നിയമിക്കപ്പെടുമെന്ന് കരുതിയിരുന്ന രാജകുമാരനാണ് മുഹമ്മദ് ബിന്‍ നായേഫ്.
പ്രമുഖ പുരോഹിതന്മാരെയും, ആക്ടിവിസ്റ്റുകള്‍ക്കും പുറമെ രാജകുമാരന്മാരെയും, ബിസിനസ്സ് വ്യക്തിത്വങ്ങളെയും പിടികൂടി അധികാരത്തില്‍ പിടിയുറപ്പിക്കുന്ന നിയുക്ത രാജകുമാരന് മുഹമ്മദ് ബിന്‍ സല്‍മാന്റേതാണ് പുതിയ നടപടികള്‍. അധികാരത്തില്‍ തന്റെ ശക്തി കൂടുതല്‍ പ്രകടമാക്കുന്ന സല്മാന് രാജകുമാരന്റെ നിലപാടുകളുടെ സൂചനയാണ് ഈ അറസ്റ്റുകള്‍ എന്നാണ് കരുതുന്നത്.
അതേ സമയം സൗദി അധികൃതര്‍ റിപ്പോര്‍ട്ടുകളോട് പ്രതികരിച്ചിട്ടില്ല. ഭരണകൂടത്തെ വിമര്‍ശിച്ച മാധ്യമപ്രവര്ത്തകന് ജമാല്‍ ഖഷോഗിയെ ഈസ്താബൂളിലെ കോണ്‍സുലേറ്റില്‍ വെച്ച് വധിച്ചത് സല്മാന് രാജകുമാരനെതിരെ ആഗോള തലത്തില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. തന്റെ വളര്‍ച്ചയ്ക്ക് തടസ്സം നില്‍ക്കുന്നവരെയെല്ലാം ജയിലിലേക്ക് അയച്ചാണ് മുഹമ്മദ് രാജകുമാരന് നീങ്ങുന്നത്. തന്നെ മറികടക്കാന്‍ രാജകുടുംബത്തിലെ അംഗങ്ങള്‍ പോലും ശ്രമിക്കരുതെന്ന സന്ദേശമാണ് പുതിയ അറസ്റ്റുകള്‍ നല്‍കുന്നത്.
കൊറോണാവൈറസ് ഭീതി മൂലം ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ സുപ്രധാന ഘട്ടത്തിലാണ് രാജകുമാരന്മാരെ രാജ്യദ്രോഹം ആരോപിച്ച് തടവിലാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: