തിരുവനന്തപുരം: എ.പി.ജെ. അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാലയില്‍ മന്ത്രി കെ.ടി. ജലീലും പ്രൈവറ്റ് സെക്രട്ടറിമാരും സംഘടിപ്പിച്ച ഫയല്‍ അദാലത്ത് ചട്ടവിരുദ്ധമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍. സര്‍വകലാശാലയുടെ ആഭ്യന്തര കാര്യങ്ങളില്‍ മന്ത്രിമാരും സര്‍ക്കാരും ഇടപെടരുതെന്നും ഗവര്‍ണറുടെ നിര്‍ദേശം. അദാലത്തിനെക്കുറിച്ചു ലഭിച്ച നിരവധി പരാതികളില്‍ സ്വീകരിച്ച നടപടിക്രമങ്ങള്‍ ഉള്‍പ്പെടുത്തി തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഗവര്‍ണറുടെ ഈ നിര്‍ണായക കണ്ടെത്തല്‍.
എം.ജി. സര്‍വകലാശാലയിലടക്കം കെ.ടി. ജലീല്‍ നടത്തിയ ഫയല്‍ അദാലത്തുകളും മാര്‍ക്കുദാനങ്ങളും ക്രമവിരുദ്ധമാണെന്നു കൂടി റിപ്പോര്‍ട്ടിലൂടെ വ്യക്തമാവുകയാണ്. ഇതോടെ കെ.ടി. ജലീല്‍ വീണ്ടും കുരുക്കിലായി. ഫയല്‍ അദാലത്ത് ക്രമവിരുദ്ധമെന്ന് ആരോപണമുയര്‍ന്നപ്പോള്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു ജലീലിന്റെയും സര്‍ക്കാരിന്റെയും വാദം.
ചട്ടപ്രകാരം സര്‍വകലാശാലാ അധികൃതര്‍ക്ക് നിര്‍ദേശങ്ങളും ശുപാര്‍ശകളും നല്‍കാനായി അദാലത്തുകള്‍ സംഘടിപ്പിക്കാനാകില്ലെന്ന് നടപടിക്രമങ്ങളുടെ റിപ്പോര്‍ട്ടില്‍ ഗവര്‍ണര്‍ പറയുന്നു. മന്ത്രിയെയും പ്രൈവറ്റ് സെക്രട്ടറിമാരെയും ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി ഫയല്‍ അദാലത്ത് കമ്മിറ്റി രൂപീകരിക്കാനും തീരുമാനങ്ങള്‍ കൈക്കൊള്ളാനും യൂണിവേഴ്‌സിറ്റി ആക്ടിലെ വ്യവസ്ഥകള്‍ അനുശാസിക്കുന്നില്ല. ഇക്കാര്യം വ്യക്തമാക്കാന്‍ ഒരു മടിയുമില്ലെന്നും ഗവര്‍ണര്‍ നടപടിക്രമത്തില്‍ പറയുന്നു.
സ്വയംഭരണ സ്ഥാപനമായ സര്‍വകലാശാലയുടെ ആഭ്യന്തരകാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടാന്‍ പാടില്ലെന്ന 2003 ലെ സുപ്രീം കോടതി ഉത്തരവും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അദാലത്തില്‍ കൈക്കൊണ്ട തീരുമാനങ്ങളുടെ ന്യായ, അന്യായങ്ങളിലേക്ക് കടക്കുന്നില്ലെന്നു പറഞ്ഞ ഗവര്‍ണര്‍ മേലില്‍ ചട്ടങ്ങളും നടപടിക്രമങ്ങളും സര്‍വകലാശാലാ അധികൃതര്‍ കൃത്യമായി പാലിക്കണമെന്നും നിര്‍ദ്ദേശിച്ചു.
2019 ഫെബ്രുവരി 27നാണ് കെ.ടി. ജലീലിന്റെ നിര്‍ദ്ദേശപ്രകാരം സാങ്കേതിക സര്‍വകലാശാല അദാലത്ത് സംഘടിപ്പിച്ചത്. അദാലത്തില്‍ തോറ്റ ബിടെക് വിദ്യാര്‍ത്ഥിയെ വീണ്ടും മൂല്യനിര്‍ണയം നടത്തി വിജയിപ്പിക്കാന്‍ തീരുമാനിച്ചു. ഇതിനെതിരെ സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി നല്‍കിയ പരാതിയിലാണ് ഗവര്‍ണറുടെ നടപടി. പരാതി നല്‍കിയ സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ചെയര്‍മാന്‍ ആര്‍.എസ്. ശശികുമാര്‍, സെക്രട്ടറി എം. ഷാജര്‍ഖാന്‍ എന്നിവര്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടവും. സാങ്കേതിക സര്‍വകലാശാല വിസി ഡോ.എം.സി രാജശ്രീക്ക് വേണ്ടി യൂണിവേഴ്‌സിറ്റി സ്റ്റാന്‍ഡിങ് കൗണ്‍സല്‍ എഡ്വിന്‍ പീറ്ററും ഹിയറിങ്ങിനു ഹാജരായിരുന്നു. പരാതിക്കാരുടെയും സര്‍വകലാശാല അധികൃതരുടെയും വിശദീകരണങ്ങള്‍ നേരിട്ട് കേട്ടശേഷമാണ് ഗവര്‍ണറുടെ നടപടി.
ബന്ധുനിയമന വിവാദത്തെ തുടര്‍ന്നാണ് കെ.ടി. ജലീലിനെ തദ്ദേശ സ്വയംഭരണ വകുപ്പില്‍ നിന്നും മാറ്റി ഉന്നത വിദ്യാഭ്യാസ മന്ത്രിയാക്കിയത്. സംസ്ഥാന ഭരണത്തലവന്‍ കൂടിയായ ഗവര്‍ണര്‍ മന്ത്രിയുടെ നടപടിക്രമവിരുദ്ധമാണെന്ന് സ്ഥിരീകരിച്ചതോടെ നിയമസഭയിലടക്കം വരുംദിവസങ്ങളില്‍ ജലീലും സര്‍ക്കാരും പ്രതിരോധത്തിലാകും. സര്‍വകലാശാലകളിലെ മാര്‍ക്ക്ദാനവും ക്രമവിരുദ്ധ നടപടികളും ഉള്‍പ്പടയുള്ള വിഷയങ്ങള്‍ ഉയര്‍ത്തിയാകും പ്രതിപക്ഷം ജലീലിന്റെ രാജി ആവശ്യപ്പെടുക.
















