ഗുരുവായൂര്‍: തുടര്‍ച്ചയായി എട്ടാം തവണയും ആനയോട്ടമത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഗജരാജന്‍ ഗോപീകണ്ണന്‍. ഗുരുവായൂര്‍ ദേവസ്വത്തിന്റെ കീഴിലുള്ള 23ആനകളാണ് മത്സരത്തില്‍ പങ്കെടുത്തത്. മത്സരത്തില്‍ വിജയിക്കുന്ന ആനക്കായിരിക്കും ഗുരുവായുരപ്പന്റെ സ്വര്‍ണത്തിടമ്പേക്കാനുള്ള അവകാശം ലഭിക്കുന്നത്. അങ്ങനെ ഇത്തവണയും ഗോപീകണ്ണനാണ് അതിനുള്ള യോഗ്യത നേടിയിരിക്കുന്നത്.
ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവ കൊടിയേറ്റിനോടനുബന്ധിച്ചാണ് ആനയോട്ട മത്സരം നടത്തിയത്. ജേതാവായ ആന അമ്പലത്തിന്റെ ഉള്ളില്‍ ഏഴു പ്രദക്ഷിണം നടത്തുന്നതോടെ മത്സരം അവസാനിക്കുന്നു. സമീപദിവസങ്ങളില്‍ നാട്ടാനകള്‍ ഇടയുന്ന സംഭവം പതിവായതിനാല്‍ കനത്ത സുരക്ഷയിലാണ് ആനയോട്ടം നടന്നത്. മത്സരം ആരംഭിക്കുന്നത് മണിക്കുറുകള്‍ മുന്‍പ് തൃശൂരില്‍ രണ്ടിടത്ത് ആനകള്‍ ഇടഞ്ഞതും സുരക്ഷ വര്‍ധിപ്പിക്കാന്‍ കാരണമായി. ഗുരുവായൂര്‍ ക്ഷേത്രത്തിന് കിഴക്ക് മഞ്ജുളാല്‍ പരിസരത്ത് നിന്നുമാണ് ആനയോട്ട മത്സരം ആരംഭിച്ചത്. മുന്നിലോടി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരം ആദ്യം കടക്കുന്ന ആനയാണ് മത്സരത്തില്‍ ജയിച്ചതായി കണക്കാക്കുന്നത്.
















