ന്യൂദല്‍ഹി : അടുത്തിടെ ദല്‍ഹിയിലുണ്ടായ കലാപത്തില്‍ കൊല്ലപ്പെട്ടവരില്‍ തിരിച്ചറിയാത്തവരുടെ മൃതദേഹങ്ങള്‍ ഈ മാസം 11 വരെ സംസ്‌കരിക്കരുതെന്ന് കോടതി. ഇവരെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ കണ്ടെത്താന്‍ സാധിക്കാത്തതിനാലാണ് സംസ്‌കരിക്കരുതെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ദല്‍ഹി ഹൈക്കോടതിയുടേതാണ് ഉത്തരവ്.
തിരിച്ചറിയാത്തവരുടെ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയുടെ വീഡിയോ ദൃശ്യങ്ങള്‍ ചിത്രീകരിക്കണമെന്നും ദല്‍ഹി പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ ഇവരുടെ ഡിഎന്‍എ സാംപിള്‍ സൂക്ഷിച്ചുവെയ്‌ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ഇത് സൂക്ഷിച്ചുവെയ്‌ക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കലാപത്തിനിടെ കാണാതായവരെ കുറിച്ച് ലഭിച്ച പരാതികളില്‍ അടിയന്തര നടപടി സ്വീകരിക്കാനും കോടതി പോലീസിന് നിര്‍ദ്ദേശം നല്‍കി. കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ തിരിച്ചറിയാന്‍ സാധിക്കാത്ത മൃതദേഹങ്ങളെ സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ ദല്‍ഹി പോലീസിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ ദല്‍ഹി ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം പൗരത്വ നിയമ ഭേദഗതിക്കെതിരായെന്ന പേരില്‍ ദല്‍ഹിയില്‍ നടന്ന കലാപത്തില്‍ 130 ഓളം പേരെ കാണാതായതായെന്ന് പരാതി ലഭിച്ചിട്ടുണ്ട്. ചാന്ദ് ബാഗില്‍ നിന്ന് മാത്രം 40 പേരെയാണ് കാണാതായിരിക്കുന്നത്. ഇവര്‍ക്കുവേണ്ടിയും അന്വേഷണം നടത്തി വരികയാണ്.
പൗരത്വ ഭേദഗതി നിയമത്തിന്റെ മറവിലുണ്ടായ കലാപങ്ങള്‍ക്ക് പിന്നിലുള്ളവരെ പിടുകൂടുന്നതിനായി ദല്‍ഹി പോലീസ് നടപടികള്‍ ശക്തമാക്കി. കലാപം രൂക്ഷമായി ബാധിച്ച പ്രദേശങ്ങളിലെ വീടുകളിലും സ്ഥാപനങ്ങളിലും സന്ദര്‍ശനം നടത്തി ആളുകളില്‍ മനിന്നും പരമാവധി ദൃശ്യങ്ങള്‍ ശേഖരിച്ച് കലാപകാരികളെ പിടികൂടാനാണ് തീരുമാനം.
കലാപം കൂടുതലായി അരങ്ങേറിയ പ്രദേശങ്ങളിലുള്ളവരുടെ മൊബൈലില്‍ ഷൂട്ട് ചെയ്ത ദൃശ്യങ്ങളും സിസിടിവി വീഡിയോകളും ശേഖരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: