കോഴിക്കോട്; രാത്രികാലങ്ങളില്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ സ്ത്രീകളെ ഉള്‍പ്പെടുത്തേണ്ടതില്ലായെന്ന് പ്രവര്‍ത്തകര്‍ക്ക് സന്ദേശം നല്‍കി ലീഗ് വനിതാ നേതാവ്. വനിതാ ലീഗ് ദേശീയ സെക്രട്ടറി നൂര്‍ബിനാ റഷീദാണ് വാട്‌സ് ആപ്പ് ആഡിയോ വഴി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയത്. ദല്‍ഹിയിലെ ഷഹീന്‍ബാഗ് മോഡലില്‍ ലീഗ് കോഴിക്കോട് സംഘടിപ്പിച്ച സമരത്തില്‍ സ്ത്രീകള്‍ പങ്കെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് വനിതാ നേതാവ് തന്നെ ഇത്തരം സമരങ്ങള്‍ വിലക്കിക്കൊണ്ട് രംഗത്തുവന്നിരിക്കുന്നത്.
സംഭവം വിവാദമായെങ്കിലും തന്റെ പ്രസ്താവന പിന്‍വലിക്കാന്‍ നൂര്‍ബിനാ തയ്യാറായിട്ടില്ല. 1996 മുതല്‍ മുസ്ലീം ലീഗ് സ്വീകരിച്ചുപോരുന്ന നിലപാടാണ് താന്‍ പറഞ്ഞത് എന്നാണ് നൂര്‍ബിനയുടെ വാദം. നൂര്‍ബിനയെ തിരുത്താനോ വാദം തെറ്റാണെന്ന് പറയാനോ ലീഗ് നേതാക്കള്‍ തയ്യാറായിട്ടില്ല. എംഎസ്എഫും യൂത്ത് ലീഗും പ്രസ്താവനയെ അനുകൂലിച്ചോ പ്രതികൂലിച്ചോ രംഗത്തു വന്നിട്ടില്ലായെന്നതും ശ്രദ്ധേയമാണ്.
സമരങ്ങളിലെ സ്ത്രീ പങ്കാളിത്തത്തെ വിമര്‍ശിച്ച് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ രംഗത്തു വന്നിരുന്നു.സ്ത്രീകള്‍ പുരുഷന്മാരെപ്പോലെ തെരുവില്‍ സമരത്തിന് ഇറങ്ങാന്‍ പാടില്ലെന്നായിരുന്നു കാന്തപുരം പറഞ്ഞത്. മുസ്ലിം സ്ത്രീകള്‍ നടത്തുന്ന പ്രകടനങ്ങളെ വിമര്‍ശിച്ച് കേരള സുന്നി യുവജന സംഘം സെക്രട്ടറി അബ്ദുള്‍ ഹമീദ് ഫൈസി അമ്പലക്കടവും രംഗത്ത് വന്നിരുന്നു. ഖുറാനിലെ വാചകങ്ങളും മറ്റും ഉയര്‍ത്തിക്കാട്ടി ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഫൈസിയുടെ വിമര്‍ശനം.
















