പശുവളര്‍ത്തല്‍ വരുമാനമാക്കിയ രത്നകുമാര്‍ ദിവസവും കറക്കുന്നത് പതിനഞ്ച് പശുക്കളെ. മാസവരുമാനം 75,000 രൂപയിലധികം. വിളപ്പില്‍ശാല നെടുങ്കുഴി സത്യവിലാസം വീട്ടില്‍ രത്നകുമാര്‍ പശുവളര്‍ത്തല്‍ ആരംഭിച്ചിട്ട് വര്‍ഷം 40 കഴിഞ്ഞു. 1980-ല്‍ എസ്എസ്എല്‍സി പാസായ ശേഷം തുടര്‍പഠനത്തിന് പോകാതെ കറവ തൊഴിലാക്കി. വീടിന് സമീപത്തെ അഞ്ചുവീടുകളിലെ പശുക്കളെ കറക്കുവാന്‍ പരിശീലിച്ചു. ആദ്യമൊക്കെ ഒരു വീട്ടില്‍ രാവിലെയും വൈകുന്നേരവും പാല് കറന്ന് നല്കിയാല് മാസം 80 രൂപയാണ് കിട്ടിയിരുന്നത്. ഇപ്പോള്‍ 1000 രൂപവരെ കൂലിയുണ്ട്.
കറവ തൊഴിലാക്കി നടന്നപ്പോള്‍ രത്നകുമാര്‍ സ്വന്തമായി പശുവിനെ വളര്‍ത്തന്‍ ആഗ്രഹിച്ചു. സ്വന്തമായി പശു ഉണ്ടായിരുന്നുവെങ്കില്‍ കറവ കൈവശം ഉള്ളതിനാല്‍ ആ രൂപ കൂടി മിച്ചം പിടിക്കാമായിരുന്നുവെന്ന് മനസ് പറഞ്ഞു കൊണ്ടേയിരുന്നു. എന്നാല്‍ പശുക്കളെ വാങ്ങി വളര്‍ത്താന്‍ അന്ന് സാമ്പത്തികം അനുകൂലമല്ലായിരുന്നു. ഇതറിഞ്ഞ തന്റെ ഇടവക വികാരിയായിരുന്ന ഫാ. തോമസ് രണ്ട് കറവപ്പശുക്കളെ വാങ്ങി നല്കി. ഇതായിരുന്നു പശുവളര്‍ത്തലിലെ ആദ്യപ്രചോദനം.
ദാനം കിട്ടിയ ജേഴ്സി പശുക്കളെ നന്നായി വളര്‍ത്തി. അവയുടെ കന്നുകുട്ടികളെ അടുത്ത തലമുറയിലേക്ക് പ്രത്യേകം പരിഗണനകള്‍ നല്കി വളര്‍ത്തി. മൂരിക്കുട്ടികളെ (കാളകളെ) മാത്രം വിറ്റു. അങ്ങനെ പെറ്റുപെരുകിയ പശുക്കളില്‍ ഗുണമേന്മയുള്ളവയെ വളര്‍ത്തും. ഇന്ന് രണ്ട് തൊഴുത്തുകളിലായി കാണുന്ന 21 പശുക്കളും തോമസ് അച്ചന് ദാനം നല്കിയ പശുക്കളുടെ സന്തതി പരമ്പരകളാണ്.
ഇപ്പോള്‍ 15 പശുക്കള്‍ കറവയുണ്ട്. സ്വന്തമായി കറക്കുന്നതിനാല്‍ ആ വകയില്‍ 15,000 രൂപ മാസം ലാഭിക്കുന്നു. പിന്നെ ദിവസം 2000 രൂപവരെ ശരാശരി ലാഭം കിട്ടുന്നു. ഒരുദിവസം 225 ലിറ്റര്‍ പാല് വരെ ലഭിക്കും. ഇതില്‍ 25 ലിറ്റര്‍ പാല് അയല്‍വീട്ടുകാര്‍ വങ്ങും. ബാക്കി 200 ലിറ്റര്‍ പാല് വിളപ്പില്‍ശാല ക്ഷീര സഹകരണ സംഘത്തിന് നല്കുന്നു. ചാണകം ഉണക്കിയാണ് വില്‍പ്പന. ഒരുചാക്കിന് 80 രൂപ തന്ന് കര്‍ഷകര്‍ കൊണ്ടുപോകും. വീട്ടാവശ്യത്തിന് ചാണകത്തില്‍ നിന്ന് ഗ്യാസ് ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. സ്ലറി പുല്‍ത്തോട്ടത്തിന് വളമായി വെള്ളത്തിലൂടെ നല്‍കും.
40 വര്‍ഷത്തെ കറവയും പശുവളര്‍ത്തലില്‍ നിന്നും നേടിയതാണ് ഇരുനിലയുള്ള വീട്. മത്സ്യകൃഷി, കോഴിവളര്‍ത്തല്‍ എന്നിവയും ഉളള രത്നകുമാറിന് കൃഷിവകുപ്പിന്റെ ആത്മ പദ്ധതിയില്‍നിന്നും 50,000 രൂപ സബ്സിഡി ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: