തിരുവനന്തപുരം: കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ആള്‍ക്കൂട്ടങ്ങളും ആഘോഷങ്ങളും ഒഴിവാക്കേണ്ട സാഹചര്യമില്ലെന്നു ആരോഗ്യമന്ത്രി കെ.കെ. ഷൈലജ. ആറ്റുകാല്‍ പൊങ്കാല അടക്കം ഒരു ആഘോഷങ്ങളും ഒഴിവാക്കേണ്ടതില്ല. അത്തരത്തില്‍ ഒരു നിലപാട് സ്വീകരിച്ചാല്‍ അതു അനാവശ്യ പരിഭ്രാന്ത്രി പരത്തുന്നതിന് കാരണമാകും.
ആറ്റുകാല്‍ പൊങ്കാല സംബന്ധിച്ച് പ്രത്യേക നിര്‍ദേശമൊന്നും സര്‍ക്കാരില്‍ നിന്നോ ആരോഗ്യ വകുപ്പില്‍ നിന്നോ ക്ഷേത്ര ഭാരവാഹികള്‍ക്ക് ലഭിച്ചിരുന്നില്ല. മുന്‍വര്‍ഷങ്ങളില്‍ ലഭ്യമാക്കിയിട്ടുള്ള എല്ലാ ചികിത്സാ സംവിധാനങ്ങളും പൊങ്കാലയിലുണ്ടാവും. സര്‍ക്കാരോ ആരോഗ്യ വകുപ്പോ പ്രത്യേകമായി എന്തെങ്കിലും നിര്‍ദേശം നല്കിയാല് അത് പാലിക്കുമെന്നും ക്ഷേത്രം ഭാരവാഹികള്‍ ഉറപ്പ് നല്‍കിയിരുന്നു. നാളെ പൊങ്കാല സംബന്ധിച്ചു നടക്കുന്ന യോഗത്തില്‍ ആരോഗ്യവകുപ്പ് പ്രതിനിധികള്‍ പങ്കെടുക്കും.
രാജ്യത്ത് 29 പേര്‍ക്ക് കൊവിഡ് 19 എന്ന കൊറോണ വൈറസ് സ്ഥിരീകരിച്ചതിന് പിന്നാലെ ഹോളി ആഘോഷങ്ങളില്‍ നിന്ന് മാറി നില്‍ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. രാഷ്ട്രപതി ഭവനും ഹോളിയാഘോഷം ഒഴിവാക്കിയിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ആറ്റുകാല്‍ പൊങ്കാലയ്ക്ക് കോവിഡ് 19 ഭീഷണിയല്ലെന്നു നേരത്തേയും ആരോഗ്യമന്ത്രി അറിയിച്ചിരുന്നു. പൊങ്കാലയില്‍ പങ്കെടുക്കുന്ന വിദേശികളെ കൊറോണ പരിശോധനയ്ക്ക് വിധേയമാക്കാനാണ് ഇപ്പോഴത്തെ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: