കൊച്ചി: സിപിഎം നേതാക്കള്‍ ചേര്‍ന്ന് പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിയെടുത്ത സംഭവം ഒതുക്കി തീര്‍ക്കുമെന്ന് പി.ടി. തോമസ് എംഎല്‍എ. കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത് സിപിഎം നേതാക്കളാണ്. അതിനാല്‍ പോലീസ് കേസ് ഒതുക്കി തീര്‍ക്കാനാകും ശ്രമം നടത്തുകയെന്നും അദ്ദേഹം ആരോപിച്ചു.
പ്രളയത്തെ തുടര്‍ന്ന് സിപിഎമ്മിന് നേട്ടമാണ് ഉണ്ടായത്. പ്രളയത്തില്‍ അകപ്പെട്ട് വീടും സമ്പാദ്യങ്ങളും എല്ലാം നഷ്ടപ്പെട്ടിട്ടും സഹായധനം ഒന്നും ലഭിക്കാത്ത നിരവധി പേര്‍ ഉണ്ട്. അവര്‍ക്ക് ലഭിക്കേണ്ട പണമാണ് ഇത്തരത്തില്‍ സിപിഎം നേതാക്കള്‍ വെട്ടിച്ചത്. ഇതിനെതിരെ സമഗ്രമായ അന്വേഷണം വേണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. ജനങ്ങള്‍ക്ക്് ദുരിതവും സിപിഎമ്മിന് ആശ്വാസവും എന്നതാണ് ഇപ്പോഴത്തെ അവസ്ഥയെന്നും പി.ടി. തോമസ് എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് 10.54 ലക്ഷം രൂപ സിപിഎം നേതാവും കളക്ട്രേറ്റ് ജീവനക്കാരനും സുഹൃത്തും ചേര്‍ന്ന് വെട്ടിച്ചതായി അടുത്തിടെകണ്ടെത്തിയിരുന്നു. തമിഴ്‌നാട്ടില്‍ കോഴി ഫാം ആരംഭിക്കുന്നതിനാണ് ഇവര്‍ ഫണ്ട് വെട്ടിച്ചത്. ഇതുമായി നടത്തിയ അന്വേഷണത്തില്‍ കളക്ട്രേറ്റ് ജീവനക്കാരനെ പിടികൂടുകയും ഫണ്ട് തിരുമറി നടത്തിയതായി ഇയാള്‍ കുറ്റംസമ്മതിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മറ്റ് രണ്ട് പേര്‍ ഒളിവിലാണ് ഇവര്‍ക്ക് വേണ്ടി തെരച്ചില്‍ നടത്തി വരികയാണ്.
















