മുംബയ്: സമ്മാനത്തുക പകുതിയാക്കിയത് ഉള്‍പ്പെടെ സമൂല മാറ്റങ്ങളുമായി ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് വരുന്നു. ഓട്ടോ നോ ബോള്‍ നിയമവും താര വായ്പാ പരിഷ്കാരവുമൊക്കെ ഈ സീസണില്‍ നടപ്പിലാക്കും. മാര്‍ച്ച് 29നാണ് ഐപിഎല്‍ ആരംഭിക്കുക.
ജേതാവിന് പത്തു കോടി രൂപയാണ് സമ്മാനത്തുക. റണ്ണര്‍ അപ്പിന് 6.25 കോടി . മൂന്നും നാലും സ്ഥാനത്ത് സീസണ് പൂര്‍ത്തിയാക്കുന്ന ടീമുകള്‍ക്ക് 4.375 കോടി വീതമാണ് സമ്മാനത്തുക. കഴിഞ്ഞ സീസണില്‍ ഇത് യഥാക്രമം 20 കോടി, 12.5 കോടി, 8.75 കോടി എന്നിങ്ങനെയായിരുന്നു. 50 ശതമാനത്തോളം കുറവാണ് സമ്മാനത്തുകയില്‍ ഉണ്ടായിരിക്കുന്നത്.
ഇതോടൊപ്പം സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് ഐപിഎല്‍ ഫ്രാഞ്ചസികള്‍ നല്‍കേണ്ട തുകയും വര്‍ധിപ്പിച്ചു. ഓരോ മത്സരത്തിനും 30 ലക്ഷം രൂപയാണ് കഴിഞ്ഞ സീസണ് വരെ ഫ്രാഞ്ചസികള്‍ നല്‍കേണ്ടിയിരുന്നത്. ഈ സീസണ് മുതല്‍ 50 ലക്ഷം വീതം നല്‍കണം. ബിസിസിഐയും 50 ലക്ഷം വീതം ഓരോ മത്സരത്തിനും നല്‍കും.
താര വായ്പയുടെ കാര്യത്തിലും ഇത്തവണ മാറ്റങ്ങളുണ്ട്. കഴിഞ്ഞ സീസണില്‍ ഇന്ത്യന്‍ താരങ്ങളെ മാത്രം വായ്പ നല്‍കാനാണ് അനുമതി ഉണ്ടായിരുന്നത്. എന്നാല്‍ ഈ കൊല്ലം വിദേശ താരങ്ങളെയും വായ്പ നല്‍കാം. ഫ്രണ്ട് ഫൂട്ട് നോ ബോള്‍ വിളിക്കാനുള്ള ചുമതല തേര്‍ഡ് അമ്പയറിനു നല്‍കിയതാണ് മറ്റൊരു മാറ്റം.
ഇതോടൊപ്പം യാത്രാ നയത്തിലും ബിസിസിഐ മാറ്റങ്ങള്‍ വരുത്തി. മൂന്നു മണിക്കൂറില്‍ കൂടുതലുള്ള യാത്രകള്‍ക്ക് ബിസിനസ് ക്ലാസ് ടിക്കറ്റാണ് ജീവനക്കാര്‍ക്കായി ബിസിസിഐ എടുത്തു കൊടുത്തിരുന്നത്. എന്നാല്‍ ഈ വര്‍ഷം മുതല്‍ എട്ടു മണിക്കൂറില്‍ താഴെയുള്ള യാത്രകള്‍ക്കെല്ലാം ഇക്കോണമി ക്ലാസ് ബുക്ക് ചെയ്യാനാണ് ബിസിസിഐയുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: