ന്യൂയോര്‍ക്ക്: കൊറോണ വൈറസ് ടാസ്ക് ഫോഴ്സിന്റെ സുപ്രധാന ചുമതലയില്‍ ഇന്ത്യന്‍ അമേരിക്കന്‍ വംശജ സീമ വര്‍മയെ അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് നിയമിച്ചു.
മെഡിക്കെയര്‍, മെഡിക്കെയ്ഡ് സെന്റേഴ്സിന്റെ അഡ്മിനിസ്ട്രേറ്റര്‍ ചുമതലക്കു പുറമെയാണു പ്രസിഡന്റ് ട്രംപിന്റെ പ്രത്യേക നിര്‍ദേശപ്രകാരം സീമ വര്‍മയെ നിയമിച്ചതെന്നു പെന്‍സ് നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഹെല്‍ത്ത് ആന്റ് ഹുമന്‍ സര്‍വീസ് സെക്രട്ടറി അലക്സ് അസറാണ് ടാസ്ക്ക് ഫോഴ്സിന്റെ അധ്യക്ഷന്‍.
പ്രസിഡന്റ് ട്രംപ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത ഉടനെയാണ് സീമാ വര്‍മയെ സിഎംഎസിന്റെ തലപ്പത്തേക്ക് നോമിനേറ്റ് ചെയ്തത്. 2017 ല്‍ യുഎസ് സെനറ്റ് നിയമനം അംഗീകരിച്ചിരുന്നു.
അമേരിക്കയില്‍ കൊറോണ വൈറസിനെ നേരിടാന്‍ ഗവണ്മെന്റ് ശക്തമായ നടപടികള്‍ സ്വീകരിച്ചുവരുന്നു. 8 ബില്യണ്‍ ഡോളറാണ് യുഎസ് ഹൗസ് രോഗത്തെ പ്രതിരോധിക്കുന്നതിനായി അംഗീകരിച്ചിരിക്കുന്നത്.
വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ കണക്കനുസരിച്ചു കൊറോണ വൈറസ് ബാധിച്ചു രാജ്യാന്തര തലത്തില്‍ 3200 പേര് മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനയില്‍ മാത്രം 2871 പേര് മരിച്ചിട്ടുണ്ട്. ലോകത്താകമാനം 90,000 കേസ്സുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും ചൊവ്വാഴ്ച ഡബ്യു എച്ച്ഒ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: