കൊല്ലം: കേന്ദ്ര സർക്കാരിന്റെ നാരീശക്തി പുരസ്കാരത്തിന് ഇന്ത്യയിലെ അക്ഷരമുത്തശ്ശി കൊല്ലം സ്വദേശി ഭാഗീരഥിയമ്മ അർഹയായി. രണ്ടുലക്ഷം രൂപയും സാക്ഷ്യപത്രങ്ങളുമടങ്ങുന്ന പുരസ്കാരം ആലപ്പുഴയിലെ 96 വയസ്സുള്ള സാക്ഷരതാപഠിതാവ് കാർത്ത്യായനിയമ്മയുമാണ് പങ്കിടുന്നത്.
വനിതാദിനത്തിൽ രാഷ്‌ട്രപതിഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്‌ട്രപതി രാംനാഥ്കോവിന്ദ് പുരസ്കാരങ്ങൾ സമ്മാനിക്കും. അവാർഡിന് അർഹയായ വിവരവും, മാർച്ച് 8 ന് രാഷ്‌ട്രപതിഭവനിലെത്തി പുരസ്കാരം സ്വീകരിക്കണമെന്നും, അതിനുള്ള യാത്ര – താമസസൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും വ്യക്തമാക്കുന്ന കത്ത് കൊല്ലം ജില്ലാ കളക്ടർ ബി. അബ്ദുൽനാസർ രാവിലെ പ്രാക്കുളത്തെ വീട്ടിലെത്തി ഭാഗീരഥിയമ്മയ്‌ക്ക് കൈമാറി.
105 ആം വയസ്സിൽ നാലാംതരം തുല്യതാപരീക്ഷ പാസായ ഭാഗീരഥിയമ്മയെക്കുറിച്ച് ദൂരദർശൻ വാർത്തകളിലൂടെ അറിഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി അവരെ മൻകിബാത്തിൽ ആദരിച്ചിരുന്നു. ഇതേത്തുടർന്നാണ് ഭാരതത്തിലെ വേറിട്ട സ്ത്രീശാക്തീകരണ വ്യക്തിത്വങ്ങൾക്കുള്ള കേന്ദ്ര വനിതാ-ശിശു ക്ഷേമ മന്ത്രാലയത്തിന്റെ നാരീശക്തി പുരസ്കാരം ഭാഗീരഥിയമ്മയ്‌ക്ക് ലഭിക്കുന്നത്. പുരസ്കാരം ലഭിച്ചതിൽ വളരെ സന്തോഷമുണ്ടെന്നും, എന്നാൽ പ്രായത്തിന്റെ അവശതകൾമൂലം രാഷ്‌ട്രപതിഭവനിലെത്തി രാഷ്‌ട്രപതിയിൽ നിന്നും അവാർഡ് വാങ്ങാൻ നിർവ്വാഹമില്ലെന്നും പ്രതികരിച്ചു.
ഭാഗീരഥിയമ്മയ്‌ക്ക് നേരിട്ട് സ്വീകരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഭാഗീരഥിയമ്മ നിയോഗിക്കുന്ന പ്രതിനിധിക്കോ , ഉചിതമായരീതിൽ പുരസ്കാരം വീട്ടിൽ എത്തിച്ചു നൽകുകയോ ചെയ്യണമെന്ന് കാണിച്ച് സർക്കാരിന് കത്തയച്ചിട്ടുണ്ടെന്നും മറുപടി ലഭിച്ചശേഷം അതിനനുസരിച്ച് ക്രമീകരണങ്ങൾ നടത്തുമെന്നും കളക്ടർ വ്യക്തമാക്കി. ആലപ്പുഴയിലെ കാർത്ത്യായനിയമ്മയ്‌ക്കുള്ള കത്ത് കൈമാറാൻ സാക്ഷരതാ കോർഡിനേറ്ററെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് കളക്ടർ ബി. അബ്ദുൾനാസർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: