കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുക്കുന്ന സംഘങ്ങള്‍ സജീവം. സിപിഎം-കോണ്‍ഗ്രസ് നേതാക്കളുടെ സംഘമാണ് ലക്ഷങ്ങള്‍ തട്ടുന്നത്. സംഘങ്ങള്‍ കോടിക്കണക്കിന് രൂപ തട്ടിയെടുത്തിട്ടുണ്ട്. ജില്ലയിലെ പോലീസ് സ്റ്റേഷനുകളില്‍ മാത്രം ഒട്ടേറെ പരാതികളാണ് ലഭിച്ചിട്ടുള്ളത്. തൊഴിലന്വേഷകരെ സമീപിച്ച് അവരുടെ യോഗ്യതയ്ക്കനുസരിച്ചുള്ള ജോലികള്‍ തരപ്പെടുത്തിക്കൊടുക്കാമെന്നാണ് വാഗ്ദാനം.
മന്ത്രിമാരുടെയും സിപിഎം നേതാക്കളുടെയും കിയാല്‍ മാനേജിങ് ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെയും പേരുകള്‍ ഉപയോഗിച്ചാണ് തട്ടിപ്പ്.റ്റവും ഒടുവില്‍ തട്ടിപ്പിനിരയായ അഞ്ചരക്കണ്ടി സ്വദേശിയുടെ പരാതിയില്‍ മുന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കഴിഞ്ഞദിവസം അറസ്റ്റു ചെയ്തിരുന്നു. കണ്ണൂര്‍ എടക്കാട് ഏരിയ കമ്മിറ്റിക്ക് കീഴിലെ മാളികപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന രാജേഷിനെയാണ് ചക്കരക്കല്ല് പോലീസ് അറസ്റ്റ് ചെയ്തത്. അമ്പതോളം പേരില്‍ നിന്ന് രാജേഷ് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തിട്ടുണ്ട്. വിമാനത്താവളത്തില്‍ ജോലി ലഭിക്കണമെങ്കില്‍ തലശ്ശേരി സ്വദേശിയുടെ അക്കൗണ്ടിലേക്ക് പണം നല്‍കാനാണ് ഇയാള്‍ ആവശ്യപ്പെട്ടിരുന്നത്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉടമസ്ഥരായ കിയാലിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ തനിക്ക് സ്വാധീനമുണ്ടെന്നും രാജേഷ് അവകാശപ്പെട്ടിരുന്നു.
വിമാനത്താവളം ഉദ്ഘാടനം ചെയ്ത് ഒരു വര്‍ഷം കഴിഞ്ഞിട്ടും ജോലി ലഭിക്കാത്തതിനെത്തുടര്‍ന്നാണ് പരാതികള്‍ പോലീസ് സ്റ്റേഷനുകളിലേക്ക് എത്തിത്തുടങ്ങിയത്. കഴിഞ്ഞയാഴ്ച ഒറ്റദിവസം പയ്യന്നൂര്‍ സ്റ്റേഷനില്‍ ലഭിച്ചത് അഞ്ച് പരാതികളാണ്. പരാതിയുടെ അടിസ്ഥാനത്തില്‍ പയ്യന്നൂര്‍ മേഖലയിലെ മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റിലാവുകയും കോടതി ഇവരെ റിമാന്റ് ചെയ്യുകയും ചെയ്തിരുന്നു. ഐഎന്‍ടിയുസി നേതാവ് വി.വി. ചന്ദ്രന്, ലീഗ് നേതാവ് കെ.പി. അനൂപ്കുമാര്‍, കെഎസ്യു നേതാവ് എം. പ്രിയദര്ശനന് എന്നിവരാണ് റിമാന്റിലായത്. ജോലി വാഗ്ദാനം ചെയ്ത് എട്ടുപേരില്‍ നിന്നായി 25 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചതിന് തലശ്ശേരി പോലീസ് അഞ്ച് പേര്‍ക്കെതിരെ ഏതാനും ആഴ്ച മുമ്പ് കേസെടുത്തിരുന്നു. കണ്ണൂര്‍ സിറ്റി സ്റ്റേഷനില്‍ ലഭിച്ച പരാതിയില്‍ ദമ്പതികള്‍ക്കെതിരെയും കേസ് നിലവിലുണ്ട്.
വിമാനത്താവള കമ്പനിയിലേക്കുള്ള നിയമനങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഏജന്‍സിയായ കിറ്റ്കോ വഴിയാണ് നടത്തുന്നതെന്നാണ് കമ്പനി അധികൃതര്‍ പറയുന്നതെങ്കിലും വിമാനത്താവളത്തിന്റെ നിര്‍മാണം ആരംഭിക്കുന്ന കാലംതൊട്ട് സിപിഎം-കോണ്‍ഗ്രസ് നേതാക്കള്‍ ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങി ഉന്നത തസ്തികകളിലടക്കം നിയമനങ്ങള്‍ നടത്തുകയാണ്. ഇതിന്റെ തുടര്‍ച്ചയായി ഇപ്പോഴും വിമാനത്താവളത്തില്‍ നിയമനത്തട്ടിപ്പുകള്‍ നടക്കുന്നുവെന്നതിന് തെളിവാണ് പരാതികളും തുടര്‍ന്നുള്ള അറസ്റ്റുകളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: