ജെനീവ: കൊറോണ വൈറസ് എണ്‍പതോളം രാജ്യങ്ങളിലേക്ക് വ്യാപിച്ചതോടെ മെഡിക്കല്‍ സാമഗ്രികള്‍ക്ക് ആഗോളതലത്തില്‍ ക്ഷാമമുണ്ടാകുമെന്ന് ലോകാരോഗ്യ സംഘടന. മാസ്‌ക് അടക്കമുള്ള സുരക്ഷാ സാമഗ്രികളുടെ വിലക്കയറ്റം തടയണമെന്നും ഉത്പാദനം 40 ശതമാനം ഉയര്‍ത്തണമെന്നും ലോകാരോഗ്യ സംഘടന സര്‍ക്കാരുകളോടും ഉത്പാദകരോടും ആവശ്യപ്പെട്ടു. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്ക പലിശനിരക്കുകളില്‍ ഇളവ് നല്‍കാന്‍ തീരുമാനിച്ചു. വൈറസ് ബാധയ്‌ക്കെതിരെ പോരാടുന്ന രാജ്യങ്ങള്‍ക്ക് ലോക ബാങ്ക് എണ്‍പതിനായിരം കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു.
വൈറസ് വ്യാപനം തടയുന്നതിന് ഈ വര്‍ഷത്തെ ഉംറ തീര്‍ഥാടനം പൂര്‍ണമായി നിര്‍ത്തിയതായി സൗദി അറേബ്യ അറിയിച്ചു. രാജ്യത്തിനകത്തുള്ളവര്‍ക്കും തീര്‍ഥാടനത്തിന് താത്കാലിക വിലക്കുണ്ട്. ചൈനയില്‍ കൊറോണ വ്യാപനം ദിനംപ്രതി നിയന്ത്രണ വിധേയമാകുന്നുണ്ടെങ്കിലും മറ്റ് രാജ്യങ്ങളില്‍ രോഗികളുടെ എണ്ണം ഉയരുകയാണ്. ചൈനയ്‌ക്ക് പുറത്ത് ദക്ഷിണ കൊറിയ, ജപ്പാന്‍, യൂറോപ്പ്, ഇറാന്‍, അമേരിക്ക, എന്നിവിടങ്ങളിലാണ് വൈറസ് ബാധ ഏറ്റവും ശക്തമായിരിക്കുന്നത്.
റിപ്പോര്‍ട്ട് ചെയ്തതില്‍ 80000 രോഗികളും ചൈനയിലാണ്. 2946 ചൈനക്കാരും മറ്റ് രാജ്യങ്ങളിലെ 166 പേരും മരണത്തിന് കീഴടങ്ങി. ദക്ഷിണ കൊറിയയില്‍ 5612 പേര്‍ക്കാണ് വൈറസ് ബാധ. 32 പേര്‍ മരിച്ചു. ഇറ്റലിയില്‍ 2502 പേര്‍ക്ക് രോഗബാധ തിരിച്ചറിഞ്ഞു. 79 പേര്‍ മരിച്ചു. ഇറാനില്‍ 2359 രോഗികളില്‍ 77 പേരാണ് മരിച്ചത്. ജപ്പാനില്‍ 991 പേര്‍ക്ക് രോഗബാധയും 12 മരണങ്ങളും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, മറ്റ് രാജ്യങ്ങളില്‍ നിന്ന് ചൈനയിലെ വിമാനത്താവളങ്ങളില്‍ എത്തിയ 75 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇറ്റലിയിലെ എല്ലാ സ്‌കൂളുകളും സര്‍വകലാശാലകളും രണ്ടാഴ്ചത്തേക്ക് അടച്ചു. മന്ത്രിസഭയുടേതാണ് സ്‌കൂളുകള്‍ അടയ്‌ക്കാനുള്ള തീരുമാനം.















