ചാവക്കാട്: കഴിഞ്ഞ ദിവസം വിടവാങ്ങിയ ഗജരത്‌നം ഗുരുവായൂര്‍ പദ്മനാഭന്റെ ചിതാഭസ്മം നിമജ്ജനം ചെയ്തു. ഇന്നലെ രാവിലെ ഏഴരയോടെ ഗുരുവായൂര്‍ ആനക്കോട്ടയില്‍ നിന്ന് പ്രത്യേകം തയാറാക്കിയ വാഹനത്തില്‍ ചിതാഭസ്മം ചാവക്കാട് എടക്കഴിയൂര്‍ പഞ്ചവടി കടപ്പുറത്തെത്തിച്ചു. കടല്‍ തീരത്ത് നടന്ന പൂജകള്‍ക്ക് ശേഷം ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ കെ.ബി. മോഹന്‍ദാസ് ചിതാഭസ്മം നിമജ്ജനം ചെയ്തു.
ദേവസ്വം ഭരണ സമിതി അംഗങ്ങളായ എ.വി. പ്രശാന്ത്, കെ.വി. ഷാജി, ദേവസ്വം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ ശശിധരന്‍, മാനേജര്‍ ഹരിദാസന്‍, ആന പ്രേമി സംഘം സംസ്ഥാന പ്രസിഡന്റ് കെ.പി.ഉദയന്‍, ട്രഷറര്‍ ബാബുരാജ്, ഗുരുവായൂര്‍ പദ്മനാഭന്റെ പാപ്പാന്മാരായിരുന്ന സന്തോഷ്, കൃഷ്ണന്‍കുട്ടി, ജ്യോതിഷ്, പഞ്ചവടി ശ്രീശങ്കര നാരായണ മഹാക്ഷേത്ര ഭരണസമിതി ഭാരവാഹികള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
















