ചികിത്സാസൗകര്യത്തിനായി രോഗലക്ഷണങ്ങളെ എല്ലാം മൂന്നുകൂട്ടങ്ങളായി പട്ടിക തിരിച്ച് അവയെ സൂചിപ്പിക്കുന്ന മൂന്നു പ്രതീകകല്പനകള് മാത്രമാണോ ഈ വാതപിത്തകഫത്രയം അതോ യഥാര്‍ത്ഥഭൗതികവസ്തുക്കള്‍ തന്നെയോ എന്ന വിഷയവും ദാസ്ഗുപ്ത ചര്‍ച്ച ചെയ്യുന്നുണ്ട്. പക്ഷേ ഇവയുടെ മേല്‍പ്പറഞ്ഞ ഉല്‍പ്പത്തി, സ്ഥാനം, സ്വഭാവം തുടങ്ങിയവ പരിശോധിക്കുമ്പോള്‍ ഇവ വെറും കല്പന മാത്രമാകാന്‍ തരമില്ല എന്ന നിഗമനത്തിലാണ് അദ്ദേഹം എത്തിച്ചേരുന്നത്. . ഈ ധാതുക്കള്‍ ശരിയായ അളവില്‍ ശരീരത്തില്‍ ഉണ്ടാകുകയും തമ്മില്‍ സമാവസ്ഥ പാലിക്കുകയും ചെയ്യുമ്പോള്‍ (ധാതുസാമ്യം) ശരീരം വേണ്ടതുപോലെ പ്രവര്‍ത്തിക്കും. അവയില്‍ ഒന്നോ, അതിലധികമോ ഘടകങ്ങള്‍ ഭാഗികമായോ പൂര്‍ണ്ണമായോ കൂടുകയോ കുറയുകയോ ചെയ്യുകയും അതു രോഗാവസ്ഥ ഉണ്ടാക്കുകയും ചെയ്യുമ്പോള്‍ ആ അവസ്ഥയ്ക്ക് ധാതുവൈഷമ്യം എന്നു പറയുന്നു. ധാതുക്കളുടെ ശരിയായ അളവിന് പ്രാകൃതമാനം എന്നു പറയുന്നു. അതായത് ധാതുക്കളുടെ പ്രാകൃതമാനം ആരോഗ്യത്തെയും ധാതുവൈഷമ്യം രോഗത്തെയും സൂചിപ്പിക്കുന്നു. ധാതുക്കള്‍ക്ക് പ്രാകൃതമാനമാണെങ്കിലും ചിലപ്പോള്‍ വായു ഏതെങ്കിലുമൊരു ധാതുവിനെ ശരീരത്തിന്റെ മറ്റേതെങ്കിലും ഭാഗത്തേക്കു മാറ്റിയാല്‍ ആ ഭാഗത്ത് പ്രാദേശികമായ അസ്വസ്ഥത ( ഉദാഹരണത്തിനു ചൊറിച്ചില്‍) അനുഭവപ്പെടാം.
ഒരു ധാതുവിന്റെ അതേ ഘടനയുള്ള ദ്രവ്യം ആ ധാതുവിനെ വര്‍ധിപ്പിക്കും. വിപരീതഘടനയുള്ളത് അതിനെ ശോഷിപ്പിക്കും. തന്മൂലം ഒരു ധാതുവിനെ പോഷിപ്പിക്കുന്നത് മറ്റു ധാതുക്കളെ ശോഷിപ്പിക്കുമെന്നും കാണാം. ഇവിടെ ആണ് ആയുര്‍വേദത്തിന്റെ രസസിദ്ധാന്തത്തിന്റെ പ്രസക്തി. ആയുര്‍വേദമനുസരിച്ച് ഭക്ഷണം, ഔഷധം എന്നിവയെ തിരഞ്ഞെടുക്കുന്നത് ഈ സിദ്ധാന്തപ്രകാരമാണ്്. ചരകസംഹിതയില്‍ (1. 26) ചൈത്രരഥമെന്ന വനത്തില്‍ ഈ സിദ്ധാന്തം ചര്‍ച്ച ചെയ്യാനായി ആത്രേയന്, ഭദ്രകാപ്യന്‍, ശാകുന്തേയന്, പൂര്ണാക്ഷമൗദ്ഗല്യന്, ഹിരണ്യാക്ഷകൗശികന്, കുമാരശിരസ്സ് ഭരദ്വാജന്, വായോര്വിദ്, വൈദേഹരാജനായ നിമി, ബഡിശന്‍, ബാല്‍ക് വൈദ്യനായ കാങ്കായനന്‍ തുടങ്ങിയ മനീഷികള്‍ ഒത്തുചേര്‍ന്നതായി പറയുന്നു. ആ ചര്‍ച്ചയുടെ വിശദാംശങ്ങളും അതില്‍ വിവരിക്കുന്നുണ്ട്. ചര്‍ച്ചയുടെ അവസാനംആത്രേയപുനര്വസു രസസിദ്ധാന്തത്തെ വിശദീകരിക്കുന്നണ്ട്. ആറു രസങ്ങളെ ആണ് ആയുര്‍വേദം പറയുന്നത്. മധുരം (sweet), അമഌ (acid), ലവണം (saline), കടു (hot and pungent), തിക്തം (bitter), കഷായം (astringent) എന്നിവയാണവ. സോമത്തിന്റെ ആധിക്യത്തില്‍ മധുരം, ഭൂമ്യഗ്നികളുടെ ആധിക്യത്തില്‍ അമഌ, അഗ്നിജലാധിക്യത്തില് ലവണം, വായ്വഗ്നികളുടെ ആധിക്യത്തില്‍ കടു, വായ്വാകാശങ്ങളുടെ ആധിക്യത്തില്‍ തിക്തം, ഭൂമിവായുക്കളുടെ ആധിക്യത്തില്‍ കഷായം എന്നിങ്ങനെയാണ് പഞ്ചഭൂതങ്ങളുടെ വ്യത്യസ്തചേരുവകള് വഴി ഈ ആറു രസങ്ങളുണ്ടാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: