ന്യൂദല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ വിഷയം വിശാല ബെഞ്ച് കേള്‍ക്കണമെന്ന് ആവശ്യം സുപ്രീം കോടതി തള്ളി. 370ാം വകുപ്പ് റദ്ദാക്കിയത് അഞ്ചംഗ ഭരണഘടന ബെഞ്ച് തന്നെ പരിഗണിച്ചാല്‍ മതിയെന്ന് ജസ്റ്റിസ് എം.വി. രമണ അധ്യക്ഷനായ ബെഞ്ച് വിധിച്ചു. കേസില്‍ സുപ്രിംകോടതി നേരത്തേ വാദം കേട്ടിരുന്നു. ഹര്‍ജിക്കാര്‍ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകരായ സഞ്ജയ് പരീഖ്, ദിനേശ് ദ്വിവേദി, ഗോപാല്‍ ശങ്കരനാരായണന്, സി യു സിങ്, സെഡ് എ ഷാ തുടങ്ങിയവരാണ് ഏഴംഗബെഞ്ച് വേണമെന്നാവശ്യപ്പെട്ടത്.
2019 ഓഗസ്റ്റ് അഞ്ചിന് രാഷ്ട്രപതി ഇറക്കിയ ഉത്തരവുപ്രകാരം ജമ്മുകശ്മീരിനു പ്രത്യേകാധികാരം നല്കുന്ന ഭരണഘടനയിലെ 370ാം വകുപ്പ് റദ്ദാക്കിയിരുന്നു. ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ വിശാല ബെഞ്ചിനു വിടണമോ എന്നതിലാണ് ഇപ്പോള്‍ സുപ്രീം കോടതി തീര്‍പ്പു കല്പ്പിച്ചിരിക്കുന്നത്. രാഷ്ട്രപതിയുടെ ഉത്തരവുപ്രകാരം ആര്‍ട്ടിക്കിള്‍ 370ാം വകുപ്പ് റദ്ദാക്കി ഇന്ത്യന്‍ ഭരണഘടനയുടെ എല്ലാ വകുപ്പും കശ്മീരിലും നടപ്പാക്കുകയും സംസ്ഥാനത്തെ രണ്ടു കേന്ദ്രഭരണപ്രദേശങ്ങളാക്കി മാറ്റുകയുംചെയ്തു. കേസ് എന്നു മുതല്‍ അഞ്ചംഗ ബെഞ്ച് പരിഗണിക്കും എന്നത് വ്യക്തമാക്കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: