പള്ളുരുത്തി: അദ്ദേഹം ‘ശിശുവിനെപ്പോലെ പുഞ്ചിരി തൂകി, സുന്ദരമായ രാഗപൂജയില്‍ കര്‍മ സാക്ഷിയായി’ നിന്നു. ‘ശിശിരക്കുളിര്‍ പോലെ’ ആരാധക വൃന്ദവും ബന്ധുക്കളും സ്വന്തക്കാരു മെത്തി,’ അപ്പോള്‍ ‘കറുത്ത പൗര്‍ണമി’യില്‍ സിനിമയില്‍ തുടങ്ങി, ആയിരം പൂര്‍ണ ചന്ദ്രനെ കണ്ട സാക്ഷാല്‍ അര്ജുനന് മാഷ് എന്ന എം.കെ. അര്ജുനന്, സംഗീതജ്ഞന് ‘ആനന്ദംകൊണ്ടു.’ പള്ളുരുത്തിയിലെ പാര്‍വതി മന്ദിരത്തില്‍ കുടുംബക്കാരും ബന്ധുക്കളും ചേര്‍ന്നാണ് അര്ജുനന് മാസ്റ്ററുടെ 84-ാം പിറന്നാള്‍ ആഘോഷമാക്കിയത്. അത് ആനന്ദഭരിതമാക്കാന്‍ ആരാധകരും കൂടി.
കറുത്ത പൗര്‍ണമി എന്ന ചിത്രത്തിലെ (1968) ‘ശിശുവിനെ പേല് പുഞ്ചിരി തൂക, ശശിര പഞ്ചമി ഓടിയെത്തി, നമ്മുടെ സുന്ദര രാഗപൂജയില്‍ കര്‍മ സാക്ഷിയായ് കാലം നിന്നൂ’ എന്ന പി. ഭാസ്കരന്റെ കവിതയ്ക്ക് ഈണമിട്ടായിരുന്നു 52 വര്‍ഷം മുമ്പ് അദ്ദേഹം ചലച്ചിത്ര ഗാന രംഗത്ത് തുടക്കമിട്ടത്. സംഗീത ജീവിതവും സൗഹൃദ ലോകവും സൃഷ്ടിച്ച് അദ്ദേഹം ആയിരം പൂര്‍ണ ചന്ദ്രന്മാരെ കാണുകയായിരുന്നു.
ആരാധകരില്‍ ഒരാള്‍ കൊണ്ടുവന്ന കേക്ക് മുറിച്ചായിരുന്നു ആഘോഷങ്ങളുടെ തുടക്കം. മാസ്റ്ററുടെ സഹധര്‍മ്മിണി ഭാരതിയമ്മ കേക്ക് മുറിക്കാന്‍ മാഷിനെ സഹായിച്ചു. ബന്ധുക്കളുടേയും സ്നേഹിക്കുന്നവരുടേയും ഒപ്പമുള്ള പിറന്നാള്‍ ആഘോഷം ആദ്യമായാണെന്ന് താഴ്ന്ന ശ്രുതിയില്‍ മാഷ് പറന്നുണ്ടായിരുന്നു. സ്ഥലത്തുണ്ടായിരുന്ന ഗായകന് കലാഭവന്‍ സാബു ഒരു ഭഗവത്കീര്‍ത്തനം പാടിയതോടെ വേദി സജീവമായി. പിന്നീട് വീട്ടുകാര്‍ ഒരുക്കിയ പായസം എല്ലാവര്ക്കും നല്കി.
ഗായകന് പ്രദീപ് പള്ളുരുത്തി മാഷ് സംഗീതം ചെയ്ത ‘ആയിരം അജന്താ ശില്പങ്ങളില്’ എന്ന ഗാനം പാടി. സിനിമാ രംഗത്ത് മാഷ് നല്കിയ സഹായം ഗാന രചയിതാവ് ആര്.കെ. ദാമോദരന്‍ ഓര്‍മിച്ചു.ജര്‍മനിയില്‍ നിന്ന് പോള്‍ ഗോപുരത്തിങ്കലിന്റെ നേതൃത്വത്തിലെത്തിയ ഏഴംഗ സംഘം മാഷിന്റെ പിറന്നാളാണെന്ന് അറിഞ്ഞ് സന്ദര്‍ശിച്ച് പിറന്നാള്‍ മംഗളം നേര്‍ന്നു. ബുദ്ധിമുട്ടി ഇവിടംവരെ എത്തിയതിന് ഞാനെന്താ പകരം തരേണ്ടതെന്ന മാസ്റ്ററുടെ വിനയം നിറഞ്ഞ ചോദ്യത്തിനു മറുപടിയായി മാഷ് സംഗീതം നല്കിയ പാട്ടുകള്‍ പാടി കേള്‍പ്പിച്ചാണ് അവര്‍ മടങ്ങിയത്.
ഉച്ചയോടെ പിഎസ്സി മുന്‍ ചെയര്മാന് ഡോ. കെ.എസ്. രാധാകൃഷ്ണന് മാഷിനെ സന്ദര്‍ശിച്ച് ആശംസകള്‍ നേര്‍ന്നു. സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്, ഗായകന് കൊച്ചിന് വര്‍ഗീസ്, ഡെപ്യൂട്ടി മേയര്‍ കെ.ആര്. പ്രേംകുമാര്‍ എന്നിവര്‍ മാഷിനെ സന്ദര്‍ശിച്ചു. ദീപം വത്സന് രചിച്ച ‘അര്‍ജുന സംഗീതം’ എന്ന മാഷിന്റെ ജീവിത കഥയടങ്ങിയ പുസ്തകവും പിറന്നാള്‍ ആഘോഷ വേളയില്‍ പ്രകാശനം ചെയ്തു. വേണു വെമ്പള്ളില്‍, പി.എസ്. വിപിന്‍ എന്നിവര്‍ പങ്കെടുത്തു.മഹാകവി കാളിദാസ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ഡോ. കെ.എസ്. രാധാകൃഷ്ണനും കൂട്ടരും പൊന്നാട അണിയിച്ച് ഫലമൂലാദികള്‍ സമര്‍പ്പിച്ച് ആദരിച്ചു. ഭാരവാഹികളായ പി. രാമചന്ദ്രന്, സിഐസിസി ജയചന്ദ്രന്, സി.ജി. രാജഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.
ദേവകലയാണിത്കരുതല് വേണംസംസാരിക്കാന് പണിപ്പെട്ടെങ്കിലും, ജന്മഭൂമിയുടെ പിറന്നാള്‍ ആശംസയ്ക്ക് മറുപടിയായി വായനക്കാരോട് അദ്ദേഹം ഇങ്ങനെ പറഞ്ഞു: ”പുതു തലമുറ ശുദ്ധസംഗീതം മറക്കരുത്. ദേവ കലയാണിത്. വെസ്റ്റേണ്‍ മ്യൂസിക്കിന്റെ അതിപ്രസരം, നല്ലതായിത്തീരേണ്ട പാട്ടുകളുടെകൂടി ശോഭ കെടുത്തി. അതില്‍ കരുതല്‍ വേണം…”
പ്രതികരിക്കാൻ ഇവിടെ എഴുതുക: