ന്യൂദല്‍ഹി: ഏഷ്യയിലെയും യൂറോപ്പിലെയും രാജ്യങ്ങളില്‍ ഓരോ ദിവസം കഴിയുന്തോറും കൊറാണ വൈറസ് ഭീതി കടുത്ത ആശങ്കയാവുന്നു. കോവിഡ്-19 എന്ന കൊറോണ വൈറസ് ബാധയില്‍ 2,980 പേര്‍ ഇതുവരെ മരിച്ചു. ഇന്നലെ മാത്രം 954 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. 64 രാജ്യങ്ങളിലായി 86,993ലധികം പേരെ വൈറസ് ബാധിച്ചു.
കഴിഞ്ഞ വര്‍ഷം 35,000 പേര്‍ ഓടിയ ടോക്കിയോ മാരത്തണില്‍ കഴിഞ്ഞ ദിവസം ഓടിയത് മുന്നൂറു പേര്‍ മാത്രമെന്നത് കൊറോണ ഭീതി എത്രമാത്രം രൂക്ഷമെന്നതിനു തെളിവാണ്. വ്യോമഗതാഗത വ്യവസായത്തിന്റെ നട്ടെല്ലൊടിച്ചാണ് കൊറോണ പടരുന്നത്. ഗുരുതരമായ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ അവധിയില്‍ പ്രവേശിക്കണമെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍ മാനേജ്‌മെന്റ് ജീവനക്കാരോടാവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം 35 പേര്‍ കൂടി മരിച്ച സാഹചര്യത്തില്‍ ചൈനയില്‍ മരിച്ചവരുടെ എണ്ണം 2,870 ആയി. അതേസമയം, വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ വര്‍ധനയും രേഖപ്പെടുത്തി. പുതിയതായി 576 പേരില്‍ രോഗബാധ കണ്ടെത്തി. ചൈനയില്‍ മാത്രം 79,827 പേര്‍ക്ക് വൈറസ് ബാധ ഉറപ്പിച്ചു.
അതേസമയം, 42,082 പേര്‍ക്ക് രോഗം ഭേദമായി. 7,365 പേര്‍ ഗുരുതരാവസ്ഥയിലാണ്. അയര്‍ലന്‍ഡ്, അര്‍മേനിയ എന്നിവിടങ്ങളിലും കൊറോണ റിപ്പോര്‍ട്ട് ചെയ്തു.
അമേരിക്കയിലും ഓസ്‌ട്രേലിയയിലും തായ്‌വാനിലും ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. യുഎസില്‍ വാഷിങ്ടണിലുള്ളയാളാണ് മരിച്ചതെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 69 പേര്‍ വൈറസ് ബാധിതരായി. വാഷിങ്ടണില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഓസ്‌ട്രേലിയയില്‍ എഴുപത്തെട്ടുകാരന്‍ മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജപ്പാനിലെ യോക്കോഹാമയില്‍ നങ്കൂരമിട്ടിരുന്ന ഡയമണ്ട് പ്രിന്‍സസ് കപ്പലില്‍ നിന്നെത്തിയയാളാണിത്. ഇയാളുടെ ഭാര്യക്കും രോഗം സ്ഥിരീകരിച്ചു. ഓസ്‌ട്രേലിയയില്‍ വൈറസ് ബാധിതരുടെ എണ്ണം 25 ആയി.
ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന മുപ്പത്തഞ്ചു വയസുകാരനാണ് തായ്‌ലന്‍ഡില്‍ കൊറോണ ബാധയേറ്റ് മരിച്ചത്. നാല്‍പ്പത്തിരണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ചൈനയ്‌ക്ക് ശേഷം ഏറ്റവും കൂടുതല്‍ പേര്‍ക്ക് വൈറസ് ബാധ ദക്ഷിണ കൊറിയയിലാണ്. പുതിയതായി 376 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതുള്‍പ്പെടെ 3,736 പേര്‍ക്ക് വൈറസ് ബാധയുണ്ടായി. മരിച്ചവരുടെ എണ്ണം 18. ഇറാനില്‍ മരിച്ചവരുടെ എണ്ണം 54 ആയി. ചൈനയ്‌ക്ക് പുറത്ത് കൊറോണ ബാധിച്ച് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ഇറാനിലാണ്. ഇവിടെ 987 പേരെ വൈറസ് ബാധിച്ചു.
ഇറ്റലിയില്‍ 1,128 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മരിച്ചവരുടെ എണ്ണം 29 ആയി. വൈറസ് ബാധയേറ്റ 105 പേരുടെ നില ഗുരുതരം. ജപ്പാനില്‍ ഒരാള്‍ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം ഏഴായി. 241 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.














