കോട്ടയം: കൊടുംവരള്‍ച്ചയെത്തുടര്‍ന്ന് സംസ്ഥാനത്ത് പാല്‍ക്ഷാമം. ഉത്പാദനം പകുതിയായി കുറയാന്‍ സാധ്യതയുള്ളതിനാല്‍ ദിവസവും തമിഴ്നാട്ടില്‍ നിന്ന് ഒന്നര ലക്ഷം ലിറ്റര്‍ പാല് വാങ്ങാന്‍ മില്‍മ തീരുമാനിച്ചു. 2008ന് ശേഷമാണ് മില്‍മ ഇത്രയും വലിയ പ്രതിസന്ധി നേരിടുന്നത്. വേനല്‍ക്കാലത്ത് കൂടുതല്‍ പാല് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിക്കേണ്ടതിനാല് വില കൂട്ടണമെന്ന നിര്‍ദേശം മില്‍മ മുന്നോട്ടുവച്ചു. കഴിഞ്ഞ ഓണത്തിന് മുമ്പാണ് ലിറ്ററിന് നാല് രൂപ കൂട്ടിയത്.
മില്‍മയുടെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ഒരു ദിവസം 12.75 ലക്ഷം ലിറ്റര്‍ പാലാണ് സംഭരിക്കുന്നത്. എന്നാല്‍, കൊടുംചൂടില്‍ പച്ചപ്പുല്ല് കരിഞ്ഞുണങ്ങിയതോടെ ക്ഷീര കര്‍ഷകര്‍ തീറ്റക്ഷാമം നേരിടുകയാണ്. ഇത് പാല് ഉത്പാദനത്തെയും ബാധിച്ചു. ഉത്പാദനം പകുതിയായി കുറഞ്ഞെന്നാണ് കര്‍ഷകര്‍ പറയുന്നത്. അതേസമയം, കാലിത്തീറ്റയുടെ വില കുതിക്കുന്നു. ഒരു ചാക്കിന് 1450 രൂപയായി. ചോളത്തിന്റെ വില വര്‍ധന ചൂണ്ടിക്കാട്ടിയാണ് കാലിത്തീറ്റ നിര്‍മാണ കമ്പനികള്‍ വില കൂട്ടിയത്. ഇപ്പോള്‍ ചോളത്തിന്റെ വില പകുതിയായി കുറഞ്ഞിട്ടും വില കുറച്ചിട്ടില്ല. സര്‍ക്കാര്‍ സ്ഥാപനമായ കേരള ഫീഡ്സും വേനല്‍ക്കാലത്ത് കുറഞ്ഞ വിലയ്ക്ക് കാലിത്തീറ്റ നല്കാന് തയാറായിട്ടില്ല.
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ലിറ്ററിന് 28 മുതല്‍ 30 രൂപ വരെ നിരക്കില്‍ വാങ്ങുന്ന പാല് സംസ്കരിച്ച് വിപണിയില്‍ എത്തിക്കുമ്പോള്‍ ലിറ്ററിന് മില്‍മയ്ക്ക് രണ്ട് രൂപയോളം നഷ്ടമാണ്. കൂടാതെ പാലിന് വില കൂട്ടണമെന്ന് പ്രദേശിക മില്‍മ യൂണിറ്റുകള്‍ ആവശ്യപ്പെട്ടിരുന്നു. ലിറ്ററിന് ആറ് രൂപ വരെ കൂട്ടണമെന്നതായിരുന്നു ആവശ്യം. നിലവില്‍ മില്‍മ കര്‍ണാടക മില്‍ക് ഫെഡറേഷനില്‍ നിന്ന് 95,000 ലിറ്റര്‍ പാല് വാങ്ങിയിരുന്നത് തുടരും. കര്‍ണാടകയില്‍ നിന്ന് 2.5 ലക്ഷം ലിറ്റര്‍ പാല് ആയിരുന്നു വാങ്ങിയിരുന്നത്. പാല്‍ക്ഷാമം ചൂണ്ടിക്കാട്ടി ഫെബ്രുവരി ഒന്നു മുതല്‍ കര്‍ണാടകം മില്‍മയ്ക്ക് നല്കുന്ന പാലിന്റെ അളവ് കുറച്ചു. ഇതോടെയാണ് തമിഴ്നാടിനെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: