കൊച്ചി : നടിയ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ സാക്ഷിയായ നടന് കുഞ്ചാക്കോ ബോബനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. കേസ് വിസ്താരത്തിന് സാക്ഷി പറയാനായി വെള്ളിയാഴ്ച കോടതിയില്‍ എത്താന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച സമന്‍സ് കൈപ്പറ്റാന്‍ കുഞ്ചാക്കോ ബോബന് തയ്യാറാകാത്തതിനെ തുടര്‍ന്നാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗ്ഗീസാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. കുഞ്ചാക്കോ ബോബന് അഭിനയിച്ച ഹൗ ഓള്‍ഡ് ആര്‍യു എന്ന സിനിമയില്‍ ആക്രമിക്കപ്പെട്ട നടിയേയും അഭിനയിപ്പിക്കാന്‍ ആദ്യം തീരുമാനിച്ചതാണ്. എന്നാല്‍ പിന്നീട് അവരെ ഒഴിവാക്കി. നടിയെ ഒഴിവാക്കണമെന്ന് ദിലീപ് തന്നോട് നേരത്തെ ആവശ്യപ്പെട്ടിരുന്നതായി കുഞ്ചാക്കോ ബോബന് അന്വേഷണ സംഘത്തിന് മുമ്പാകെ മൊഴി നല്‍കിയിരുന്നു.
ഇതുസംബന്ധിച്ച സാക്ഷി വിസ്താരത്തിന് ഹാജരാകാനാണ് കുഞ്ചാക്കോ ബോബനോട് ആവശ്യപ്പെട്ടത്. ഇതിന് തയ്യാറാകാത്തതിനെ തുടര്‍ന്നാണ് അറസ്റ്റ് വാറണ്ട് നല്‍കിയിരിക്കുന്നത്. കേസ് രജിസ്റ്റര്‍ ചെയ്ത നെടുമ്പാശ്ശേരി സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനാണ് കോടതി വാറണ്ട് നല്‍കിയത്. ജാമ്യം ലഭിക്കാവുന്ന വാറണ്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്.
അതേസമയം സിനിമാചിത്രീകരണവുമായി ബന്ധപ്പെട്ട് കൊടൈക്കനാലില്‍ ആണെന്നും ഹാജരാകാന്‍ സാധിക്കില്ലെന്നുമാണ് കുഞ്ചാക്കോ ബോബന് കോടതിയില്‍ അറിയിച്ചത്. തുടര്‍ന്ന് അടുത്തമാസം 4ന് ഹാജരാകാനും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കുഞ്ചാക്കോ ബോബനെക്കൂടാതെ മറ്റ് സാക്ഷികളായ ഗീതു മോഹന്‍ദാസ്, സംയുക്ത വര്‍മ്മ എന്നിവരോടും വെള്ളിയാഴ്ച കോടതിയില്‍ വിചാരണയ്ക്കായി ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. ഇരുവരും കോടതിയില്‍ എത്തുകയും ചെയ്തിരുന്നു.
എന്നാല്‍ സംയുക്താ വര്‍മ്മയുടെ വിസ്താരം കോടതി ഒഴിവാക്കി. ഗീതുവിനോടും സംയുക്തയോടും ഒരേ കാര്യങ്ങള്‍ തന്നെയാണ് ചോദിക്കാനുണ്ടായിരുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു തീരുമാനം. കേസിലെ മറ്റൊരു സാക്ഷിയായ സംവിധായകന് ശ്രീകുമാര്‍ മേനോനെ വിസ്തരിക്കുന്നതും മാര്‍ച്ച് നാലിലേക്ക് മാറ്റിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: