കാക്കനാട്: പ്രളയ ദുരിതാശ്വത്തിന് വകയിരുത്തിയ കോടികള്‍ തട്ടിയവര്‍ക്കെതിരെ നടപടിയെടുക്കാത്തില് പ്രതിഷേധം പുകയന്നു. ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് കളക്ടര്‍ സസ്പെന്‍ഡ് ചെയ്ത സെക്ഷന്‍ ക്ലാര്‍ക്ക് കൃഷ്ണ പ്രസാദ് ഒളിവിലാണെന്നാണ് പോലീസ് വിശദീകരണം. ദുരിതാശ്വാസ നിധിയില്‍ 10.54 ലക്ഷം രൂപ തട്ടിയെതുത്ത സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയംഗം നിലംപതിഞ്ഞിമുകള്‍ സ്വദേശി എം.എം. അന്‍വറും ഒളിവിലാണ്.
തട്ടിപ്പുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടും സിപിഎം ഭരിക്കുന്ന അയ്യനാട് സര്‍വീസ് സഹകരണ ബാങ്ക് അധികൃതര്‍ക്കെതിരെയും നടപടിയില്ല. കഴിഞ്ഞ വര്‍ഷം നവംബര്‍ പതിനൊന്നിന് ഫെഡറല്‍ ബാങ്കിന്റെ അക്കൗണ്ടിലെത്തിയ അഞ്ച് ലക്ഷം രൂപ വാങ്ങി സഹകരണ ബാങ്ക് അക്കൗണ്ടില്‍ നിന്ന് രേഖകളില്ലാതെ അന്‍വറിന് കൈമാറിയ ബാങ്ക് അധികൃതരുടെ നടപടി ഗുരുതര ക്രമക്കേടാണെന്ന് കളക്ടര്‍ നിയോഗിച്ച ഫിനാന്‍സ് ഓഫീസര്‍ കണ്ടെത്തിയിരുന്നു.
എന്നാല്‍ അന്‍വര്‍ വാങ്ങിയ പണം തിരിച്ചടച്ച് തടി രക്ഷിക്കാനായിരുന്നു സിപിഎം നേതാക്കളുടെ ശ്രമം. സിപിഐ, സിപിഎം നേതാക്കള്‍ അവരുടെ ബന്ധുക്കളുടെയും മക്കളുടെയും പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് പണം ചോര്‍ത്തിയതിന് വ്യക്തമായ തെളിവുകളുണ്ടായിട്ടും പോലീസും ജില്ലാ ഭരണകൂടവും അന്വേഷണം കാര്യക്ഷമാക്കത്തതില് പൊതുപ്രവര്ത്തകന് ജി. ഗിരീഷ് ബാബു എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) പരാതി നല്കി.
















