ഭുവനേശ്വര്‍: പൗരത്വ നിയമത്തിന്റെ പേരില്‍ പ്രതിപക്ഷം രാജ്യമാകെ കള്ളപ്രചാരണവും പ്രകോപനവും സൃഷ്ടിക്കുന്നെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിഎസ്പി, എസ്പി, കമ്യൂണിസ്റ്റ്, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ കള്ള പ്രചാരണം നടത്തുന്നു. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നഷ്ടപ്പെടുമെന്നാണ് മമത ബാനര്‍ജിയുടെ വാദം. ഇത്തരത്തിലുള്ള നുണകള്‍ ഇനിയെങ്കിലും അവസാനിപ്പിക്കാന്‍ പ്രതിപക്ഷം തയാറാകണമെന്നും ഭുവനേശ്വറില്‍ നടന്ന പൊതുപരിപാടിയില്‍ അമിത് ഷാ വ്യക്തമാക്കി.
പൗരത്വ നിയമം രാജ്യത്തെ ന്യൂനപക്ഷങ്ങളെ ബാധിക്കുന്നതല്ല. പൗരത്വം നല്‍കാനുള്ള പുതിയ ഭേദഗതിയാണ് നിയമമാക്കിയത്. പൗരത്വം നല്‍കുകയാണ് സിഎഎ ചെയ്യുന്നതെന്നും മറിച്ച് പ്രതിപക്ഷത്തിന്റെ കള്ള പ്രചാരണം പോലെ പൗരത്വം നഷ്ടപ്പെടുത്തുകയല്ലെന്നും അമിത് ഷാ ആവര്‍ത്തിച്ചു. ഇത്തരം നുണകള്‍ പ്രചരിപ്പിക്കുന്നതിലൂടെ രാജ്യത്ത് അക്രമമുണ്ടാക്കുകയാണ് ചിലരുടെ ലക്ഷ്യം. ഇത്തരം പ്രചാരണങ്ങളെ വിശ്വസിക്കാന്‍ ജനങ്ങള്‍ തയാറാകരുതെന്നും അമിത് ഷാ പറഞ്ഞു. ദല്‍ഹിയില്‍ അരങ്ങേറിയ അക്രമങ്ങള്‍ക്ക് പിന്നാലെയാണ് നുണകളില്‍ ആകൃഷ്ടരായി പ്രകോപിതരാകരുതെന്ന അമിത് ഷായുടെ ആഹ്വാനം.
രാമക്ഷേത്ര നിര്‍മാണത്തില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച ആഭ്യന്തര മന്ത്രി, സുപ്രീംകോടതിയില്‍ ജനങ്ങളെ വഞ്ചിക്കുന്ന നിലപാടാണ് അവര്‍ സ്വീകരിച്ചതെന്നും പറഞ്ഞു. രാമക്ഷേത്ര നിര്‍മാണത്തിന്റെ വാതിലുകള്‍ തുറന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ഉടനെ തന്നെ രാമജന്മ ഭൂമിയില്‍ രാമക്ഷേത്രം ഉയരും. ഇത് രാജ്യത്തിന്റെ അഭിമാന നിമിഷമാണെന്നും അദ്ദേഹം പറഞ്ഞു.
2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒഡീഷയില്‍ ബിജെപി നടത്തിയ മുന്നേറ്റത്തെക്കുറിച്ചും അമിത് ഷാ പ്രതികരിച്ചു. ഒഡീഷയിലെ ജനങ്ങള്‍ തന്ന പിന്തുണയ്ക്ക് നന്ദി. 21 ശതമാനം വോട്ടില്‍നിന്ന് 2019ല്‍ 38.4 ശതമാനമായി ബിജെപിയുടെ വോട്ടുനില വളര്‍ന്നു. ഏകദേശം 91 ലക്ഷം വോട്ടാണ് ഒഡീഷയില്‍ ലഭിച്ചത്. അടുത്ത ലക്ഷ്യം ഒഡീഷയില്‍ ബിജെപി സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് ഒഡീഷയുടെ ശബ്ദം പുറത്തുവരുന്നത് ബിജെപി പ്രതിനിധികളിലൂടെയാണ്. പ്രധാന പ്രതിപക്ഷ സ്ഥാനത്തുനിന്ന് പോലും സംസ്ഥാനത്ത് കോണ്‍ഗ്രസ് പടിയിറങ്ങി. പ്രതിപക്ഷമായുള്ള ബിജെപിയുടെ കടന്നുവരവ് പുതിയ മാറ്റത്തിന്റെ തുടക്കമാണ്. രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും വികസനമെന്നതാണ് തന്റെ സര്‍ക്കാരിന്റെ ലക്ഷ്യം. ഒഡീഷയുടെ വികസനത്തിനായി മോദി സര്‍ക്കാരിന്റെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.
അമിത് ഷായ്ക്കൊപ്പം മമത, നിതീഷ് , നവീന്‍
ഈസ്റ്റേണ്‍ സോണല്‍ കൗണ്‍സില്‍ യോഗത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്നിവരുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മേഖലയിലെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. കൗണ്‍സിലില്‍ ഉള്‍പ്പെട്ട ഝാര്‍ഖണ്ഡിന്റെ മുഖ്യമന്ത്രി ഹേമന്ത് സോറന് യോഗത്തില്‍ പങ്കെടുത്തില്ല.
നവീന്‍ പട്നായിക്കിന്റെ വീട്ടിലായിരുന്നു ഉച്ചഭക്ഷണം. ബിഹാറിന് പ്രത്യേക സാമ്പത്തിക പാക്കേജ് വേണമെന്ന് നിതീഷ് ആവശ്യപ്പെട്ടു. ബംഗാളിനു ലഭിക്കാനുള്ള അമ്പതിനായിരം കോടി രൂപ ഉടന്‍ അനുവദിക്കണമെന്ന് മമത ആവശ്യപ്പെട്ടു. ദല്‍ഹിയിലെ കലാപത്തില്‍ ആശങ്കയുണ്ടെന്ന് യോഗത്തില്‍ മമത പറഞ്ഞു. പൗരത്വ നിയമത്തെക്കുറിച്ച് ചര്‍ച്ച ചെയ്തില്ലെന്ന് മമത യോഗത്തിനു ശേഷം മാധ്യമങ്ങളോടു പറഞ്ഞു. കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ രാജിവെക്കണം എന്ന കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളുടെ ആവശ്യത്തോടു യോജിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ആദ്യം പ്രശ്നങ്ങള്‍ അവസാനിക്കട്ടെ രാഷ്ട്രീയം പിന്നെ ചര്‍ച്ച ചെയ്യാം എന്നായിരുന്നു മമതയുടെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: