തലശ്ശേരി: നിര്‍ത്തിയിട്ട കാറിന്റെ ചില്ല് തകര്‍ത്ത് പണം കവര്‍ന്ന കേസില്‍ പരാതിക്കാരനും സഹായികളും അറസ്റ്റിലായി. നാദാപുരം തൂണേരിയിലെ എടാടി വീട്ടില്‍ ഫസല്‍ (28), തൂണേരി മുടവന്തേരിയിലെ വരക്കണ്ടി താഴെക്കുനിയില്‍ വീട്ടില്‍ അര്‍ജ്ജുന്‍ (23), തൂണേരി സ്വദേശി ബരാത്ത് താഴെ കുനിയില്‍ വീട്ടില്‍ രജിത് (25), എന്നിവരെയാണ് തലശ്ശേരി ഡിവൈഎസ്‌പി കെ.വി. വേണുഗോപാലന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കഴിഞ്ഞ ശനിയാഴ്ച 3 മണിയോടെ പാലിശ്ശേരിയില്‍ വച്ചാണ് കാറിന്റെ ചില്ല് തകര്‍ത്ത് കാറില്‍ സൂക്ഷിച്ചിരുന്ന പണം അടിച്ചുമാറ്റിയിരുന്നത്. പണം തട്ടിയെടുക്കാന്‍ വേണ്ടി പരാതിക്കാരന്‍ തന്നെ വിളിച്ചുവരുത്തിയ സഹായികള്‍ തലശ്ശേരിയില്‍ എത്തിയ ബൈക്കും പോലീസ് കസ്റ്റഡിയിലുണ്ട്.
സിനിമയെ വെല്ലുന്ന തിരക്കഥയാണ് കവര്‍ച്ചയുടെ മുഖ്യ സൂത്രധാരന്‍ ഫസല്‍ ഒരുക്കിയത്. ഇത് മണിക്കൂറുകള്‍ക്കകം പോലീസ് പൊളിച്ചടുക്കി. സംഭവത്തിന്റെ തുടക്കം ഇങ്ങനെയാണ്. കഴിഞ്ഞ ശനിയാഴ്ച ഉച്ച 3 മണിയോടെ ഡിവൈഎസ്പി ഓഫീസില്‍ നിന്നും ഏകദേശം 60 മീറ്ററോളം മാറി ദേശീയപാതക്കരികിലുളള നാഷണല്‍ ഹോട്ടലിന് മുന്നിലേക്ക് ടൊയോട്ട എട്ടിയോസ് കാറില്‍ രണ്ടുപേര്‍ എത്തുന്നു. ഇരുവരും കാറില്‍ നിന്നിറങ്ങി കാറ് ലോക്ക് ചെയ്ത് ഹോട്ടലിലേക്ക് ഭക്ഷണം കഴിക്കാന്‍ കയറി. അല്‍പ്പസമയത്തിനകം തിരിച്ച് വന്നപ്പോഴാണ് കാറിന്റെ മുന്‍ഭാഗത്തെ ഇടതുവശത്തെ ചില്ല് തകര്‍ത്ത് കാറിന്റെ സീറ്റിനടിയില്‍ സൂക്ഷിച്ച പണം കവര്‍ന്നതായി കണ്ടത്. അല്‍പ്പ സമയത്തിനകം കാറില്‍ സൂക്ഷിച്ച 22 ലക്ഷം രൂപ കാറിന്റെ ചില്ല് തകര്‍ത്ത് കവര്‍ന്നു എന്ന പരാതിയുമായി ഫസല്‍ പോലീസിനെ സമീപിച്ചു. പരാതി ലഭിച്ച് നിമിഷങ്ങള്‍ക്കകം ഡിവൈഎസ്‌പി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
കണ്‍ട്രോള്‍ റൂമിലെ നിരീക്ഷണക്യാമറയില്‍ പതിഞ്ഞ അവ്യക്തമായ ദൃശ്യത്തിന്റെ ചുവട് പിടിച്ച് നടത്തിയ സമര്‍ത്ഥമായ അന്വേഷണമാണ് ദിവസങ്ങള്‍ക്കുള്ളില്‍ പ്രതികളെ പിടികൂടാന്‍ സഹായിച്ചത്. നിരീക്ഷണ ക്യാമറയിലെ ദൃശ്യം ഭൂതക്കണ്ണാടി വച്ച് പരിശോധിച്ചപ്പോള്‍ ഒരാള്‍ ധൃതിയില്‍ എത്തി ബൈക്കോടിച്ച് പോകുന്നത് കണ്ടു. ഈ ബജാജ് പള്‍സര്‍ ബൈക്കില്‍ വിനായക എന്ന് എഴുതിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അന്വേഷണ സംഘം ഈ തുമ്പ് പിടിച്ച് നൂറുകണക്കിന് നിരീക്ഷണ ക്യാമറകള്‍ പരിശോധിക്കുകയും പ്രതികളെ തിരിച്ചറിയുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
വടകര സ്വദേശിയായ സല്‍മാന്‍ എന്നയാളുടെ വിശ്വസ്തനായിരുന്നു ഫസല്‍. കാര്‍ഗോ ഉള്‍പ്പടെ നിരവധി ബിസിനസുകള്‍ ഉള്ള സല്‍മാന്‍ 19 ലക്ഷം രൂപ മട്ടന്നൂരിലെ ഒരാള്‍ക്ക് നല്‍കാന്‍ ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ഫസലിനെ ഏല്‍പ്പിച്ചിരുന്നു. കവര്‍ച്ച നടന്ന ദിവസം ഫസല്‍ ഈ പണത്തില്‍ നിന്നും ഒന്നര ലക്ഷം രൂപ കവറിലാക്കി കാറിന്റെ സീറ്റിനടയില്‍ സൂക്ഷിക്കുകയും 10 ലക്ഷം രൂപ കയ്യില്‍ കരുതുകയും ചെയ്തു. ബാക്കി പണം വീട്ടില്‍ സൂക്ഷിക്കുകയും ചെയ്തു. തുടര്‍ന്ന് നേരത്തെ തയ്യാറാക്കിയ പദ്ധതി പ്രകാരം കൂട്ടുപ്രതികള്‍ക്ക് വിവരം കൈമാറി ഡ്രൈവറെയും കൂട്ടി മട്ടന്നൂരിലെക്ക് വരികയായിരുന്നു. ഇതിനിടയില്‍ ഫോണില്‍ ബന്ധപ്പെടരുതെന്ന് കൂട്ടുപ്രതികളോട് നേരത്തെ പറഞ്ഞ് ഉറപ്പിച്ചിരുന്നു.
കൃത്യമായ പദ്ധതിയോടെ ഹോട്ടലിനു മുന്നില്‍ കാര്‍ നിര്‍ത്തുകയും ഫസലും ഡ്രൈവറും ഹോട്ടലിലേക്ക് കയറിയപ്പോള്‍ നേരത്തെ സ്ഥലത്തെത്തിയിരുന്ന രജത്ത് കാറിന്റെ ചില്ല് തകര്‍ത്ത് പണം കവര്‍ന്ന് ബൈക്കില്‍ അര്‍ജുനോടൊപ്പം രക്ഷപ്പെടുകയുമായിരുന്നു. പിന്നീട് കാറിനടുത്തെത്തിയ ഫസല്‍ കാറിന്റെ ചില്ല് തകര്‍ത്തത് കണ്ട് മുതലാളിയായ സല്‍മാനെ ഫോണില്‍ വിളിച്ച് കാറിന്റെ ചില്ല് തകര്‍ത്ത് പണം കവര്‍ന്നിട്ടുണ്ടെന്നും, എന്നാല്‍ രണ്ട് കെട്ടുകളാക്കിയാണ് പണം സൂക്ഷിച്ചത് എന്ന് പറഞ്ഞ് നേരത്തെ കയ്യില്‍ കരുതിയിരുന്ന 10 ലക്ഷം രൂപ ഡ്രൈവറുടെ കൈവശം നല്‍കി മുതലാളിക്ക് കൊടുത്തയക്കുകയായിരുന്നു. വിശ്വസ്തനും സത്യസന്ധനുമെന്ന് കാണിക്കാന്‍ ഫസല്‍ നടത്തിയ നാടകമായിരുന്നു ഇത്.
എന്നാല്‍ അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലില്‍ എല്ലാം തുറന്ന് പറയുകയായിരുന്നു. അന്വേഷണ സംഘത്തില്‍ സിഐ സനല്‍ കുമാര്‍, പാനൂര്‍ കണ്‍ട്രോള്‍ റൂം എസ്‌ഐ ബിജു, ഡിവൈഎസ്പിയുടെ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ശ്രീജേഷ്, സുജേഷ്, രാജീവന്‍, മീറജ് എന്നിവരാണ് ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: