തിരുവനന്തപുരം: ഏവര്ക്കും ഗുരുതുല്യന്, കര്ക്കശക്കാരനാണെങ്കിലും സൗമ്യ സ്വഭാവം, അജാത ശത്രു തുടങ്ങിയ വിശേഷണങ്ങളായിരുന്നു പരമേശ്വര്ജി എന്ന പി. പരമേശ്വരനെ അടുത്തറിഞ്ഞവര് സ്മരിച്ചത്. പരമേശ്വര്ജി ഓര്മ്മയായിട്ട് ഇന്നലെ 17 ദിവസം. ഭാരതീയ വിചാരകേന്ദ്രം ‘നമാമി പരമേശ്വരം’ എന്ന പേരില് സംഘടിപ്പിച്ച ശ്രദ്ധാഞ്ജലി പ്രമുഖ വ്യക്തികളാല് സമ്പന്നമായിരുന്നു.
തിരുവനന്തപുരം കവടിയാര് ഉദയ് പാലസ് കണ്വെന്ഷന് സെന്ററില് ഇന്നലെ വൈകിട്ട് 5.30നാണ് പരിപാടി നിശ്ചയിച്ചിരുന്നതെങ്കിലും നാലിന് തന്നെ പൗരപ്രമുഖരെയും വിശിഷ്ട വ്യക്തികളെയും കൊണ്ട് നിറഞ്ഞു. പരമേശ്വര്ജിയുടെ തൂലികയില് നിന്ന് അടര്ന്നുവീണ ‘ഒരു കൊച്ച് കൈത്തിരി കത്തിച്ചു വയ്ക്കുവിന്…’ എന്ന ഗാനം ശ്രദ്ധാഞ്ജലിക്ക് മുന്നോടിയായി ആലപിച്ചത് കാവാലം ശ്രീകുമാറായിരുന്നു.
നിശ്ചയിച്ച പ്രകാരം 5.30ന് തന്നെ സര്സംഘചാലക് ഡോ. മോഹന് ഭഗവത് ഉള്പ്പെടെയുള്ളവര് എത്തി. പരമേശ്വര്ജിയുടെ ജ്വലിക്കുന്ന ഓര്മകള് മാത്രമായിരുന്ന്ു ഏവര്ക്കും പങ്കുവയ്ക്കാന് ഉണ്ടായിരുന്നത്. വേദിക്ക് മുന്നില് റോസാ പുഷ്പംകൊണ്ട് അലംകൃതമായ പരമേശ്വര്ജിയുടെ ചിത്രത്തിന് മുന്നില് പുഷ്പാര്ച്ചന നടത്തിയാണ് എല്ലാവരും വേദിയിലേക്ക് കയറിയത്.
പണ്ഡിറ്റ് രമേശ് നാരാണനും മകള് മധുശ്രീ നാരായണനും ചേര്ന്ന് അവതരിപ്പിച്ച സരസ്വതി വന്ദനത്തോടെ ശ്രദ്ധാഞ്ജലിക്ക് ആരംഭമായി. കേരള കലാമണ്ഡലം മുന് ചെയര്മാന് പ്രൊഫ. വി.ആര്. പ്രബോധചന്ദ്രന് നായരുടെ അധ്യക്ഷതയിലായിരുന്നു പരിപാടികള്. പരമേശ്വര്ജിയെക്കുറിച്ചുള്ള ഓര്മ്മകളും പരമേശ്വര്ജിക്കൊപ്പം ചെലവഴിച്ച നിമിഷങ്ങളും ഓരോരുത്തരും പങ്കുവയ്ക്കുമ്പോള് പരമേശ്വര്ജി എന്ന തപസ്വിയുടെ ഓര്മകള് കൂടുതല് പ്രഭാപൂരിതമായി. പരിപാടിയില് സ്വാഗതം ആശംസിച്ച ഭാരതീയ വിചാരകേന്ദ്രം ജോയിന്റ് ഡയറക്ടര് ആര്. സഞ്ജയന് പ്രധാനമന്ത്രി നരേന്ദ്ര മോദി പരമേശ്വര്ജിയെ അനുസ്മരിച്ച് കൊണ്ടെഴുതിയ കത്തും വായിച്ചു.
വിവിധ സന്ന്യാസിവര്യന്മാരും പ്രമുഖ വ്യക്തികളും പരമേശ്വര്ജിയെ അനുസ്മരിച്ചു. തുടര്ന്ന് വ്യക്തിഗീതത്തിന് ശേഷമാണ് സര്സംഘചാലക് മോഹന് ഭഗവത് അനുസ്മരണത്തിനായി എഴുന്നേറ്റത്. കണ്വെന്ഷന് സെന്റര് ജന നിബിഡമായി. അതിന് ഉള്ളിലേക്ക് പോലും കടക്കാന് കഴിയാതെ നിരവധി പേര് പുറത്ത് സര്സംഘചാലകിന്റെ വാക്കുകള്ക്കായി കാതോര്ത്തു. പരമേശ്വര്ജിയെ കുറിച്ചുള്ള ഓരോ വാക്കും ഓരോ ഓര്മയും അവര് നെഞ്ചിലേറ്റി.
സംഘപരിവാര് പ്രസ്ഥാനങ്ങളുടെ ബൗദ്ധിക മുഖമാണ് എന്നും പരമേശ്വര്ജി. കഴിഞ്ഞ ആറു പതിറ്റാണ്ട് കേരളത്തിലെ സാംസ്കാരിക മണ്ഡലത്തില് അദ്ദേഹം സജീവ സാന്നിധ്യം. ഭാരതീയ ദര്ശനങ്ങളിലെ ഗഹനമായ പാണ്ഡിത്യത്തോടൊപ്പം കമ്മ്യൂണിസം പോലുള്ള വൈദേശിക പ്രത്യയ ശാസ്ത്രങ്ങളെക്കുറിച്ചും അഗാധപഠനങ്ങളായിരുന്നു അദ്ദേഹത്തിന്റേത്. ഒരു സന്ന്യാസിവര്യന്റെ ജീവിതം അതേപടി പകര്ത്തിയ ആചാര്യന്. നമാമി പരമേശ്വരത്തിന് സമാപനം കുറിച്ചു ദേശീയഗാനം ഉയരുമ്പോള് രാജ്യത്തിനും ദേശീയ പതാകയ്ക്കുമൊപ്പം പരമേശ്വര്ജിയും ഓരോമനസ്സിലും തെളിയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: