തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലേക്കുള്ള പരീക്ഷാ ചോദ്യപേപ്പറുകള്‍ സംബന്ധിച്ചുള്ള ആശങ്കകള്‍ വിരല്‍ചൂണ്ടുന്നത് കേരള സിവില്‍ സര്‍വീസ് അക്കാദമിയിലേക്ക്. മുന്‍ ഡിജിപിക്കും അക്കാദമിയിലെ പരിശീലനത്തിന് നേതൃത്വം നല്കുന്നവര്ക്കും കെഎഎസ് പരീക്ഷാ ചോദ്യപേപ്പര്‍ വിവാദത്തില്‍ പങ്കെന്നും ആരോപണം.
കെഎഎസ് പരീക്ഷയ്ക്കുള്ള സിലബസ് പിഎസ്സി പുറത്തിറക്കിയിരുന്നെങ്കിലും ചോദ്യങ്ങളുടെ പാറ്റേണ്‍ പുറത്തുവിട്ടിരുന്നില്ല. എന്നാല്‍ അക്കാദമിയില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കെഎഎസ് പരീക്ഷയുടെ പാറ്റേണ്‍ നല്കി,ഒപ്പം പരിശീലനവും. ഇതെങ്ങനെയെന്നാണ് ചോദ്യം. മാത്രമല്ല ഇവിടെ നിന്ന് വിവിധ സ്വകാര്യ പരിശീലന കേന്ദ്രങ്ങള്‍ക്കും പാറ്റേണ്‍ കൈമാറിയിട്ടുണ്ട്.
പിഎസ്സിക്ക് ഉദ്യോഗാര്‍ഥികള്‍ നല്കിയ പരാതിയില്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. അക്കാദമിയാണ് കെഎഎസിന് ചോദ്യങ്ങള്‍ തയാറാക്കി നല്‍കിയതെന്നും അവ ഏതൊക്കെ പരിശീലന കേന്ദ്രങ്ങള്‍ക്ക് നല്കി എന്നും അക്കാദമിയിലെ അധ്യാപകന് പറഞ്ഞതിന്റെ തെളിവ് അടക്കമാണ് പരാതി നല്‍കിയത്. എന്നാല്‍, പരിശീലന കേന്ദ്രങ്ങളെ മാത്രം പിടികൂടി വിജിലന്‍സ് നടപടി അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ്.
തങ്ങളാണ് കെഎഎസിന്റെയും, പിഎസ്സിയുടെ മറ്റ് പരീക്ഷകളുടെയും ചോദ്യങ്ങള്‍ തയാറാക്കുന്നതെന്ന് അക്കാദമിയിലെ ഒരു അധ്യാപകന് യുവജന കമ്മീഷന് സംഘടിപ്പിച്ച കെഎഎസ് പരിശീലനത്തില്‍ വിദ്യാര്‍ഥികളോട് പറയുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്. മുന്‍ ഡിജിപി ഒരു സ്വകാര്യ പരിശീലന ക്ലാസ്സില്‍ വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയില്‍ ഇത് സൂചിപ്പിക്കുന്നുമുണ്ട്. ചോദ്യങ്ങള്‍ ഏത് പാറ്റേനാണ് എന്ന ചോദ്യത്തിന് അത് രഹസ്യമാണെന്നും തങ്ങള്‍ക്ക് പുറത്ത് വിടാന്‍ കഴിയില്ലെന്നും വിട്ടാല്‍ കുഴപ്പമാണെന്നും പറയുന്ന വീഡിയോയാണ് പുറത്ത് വന്നിട്ടുള്ളത്്. ഇതെല്ലാം സൂചിപ്പിക്കുന്നത് കെഎഎസ് പരീക്ഷാ ചോദ്യപേപ്പര്‍ സംബന്ധിച്ച് കേരള സിവില്‍ സര്‍വീസ് അക്കാദമിക്ക് കൃത്യമായ ബന്ധമുണ്ടെന്നാണ്.
ഐഐടിപോലുള്ള സ്ഥാപനങ്ങളില്‍ നിന്നുള്ളവരാണ് ചോദ്യപേപ്പര്‍ തയാറാക്കുന്നതെന്നാണ് പിഎസ്സി ചെയര്മാന് പലപ്പോഴും പറഞ്ഞിട്ടുള്ളത്. എന്നാല്‍, ഇത് കളവാണെന്നാണ് സൂചന.
ഉദ്യോഗാര്‍ഥികള്‍ പരാതിയില്‍ സൂചിപ്പിച്ചിരിക്കുന്ന സ്ഥാപനങ്ങൡലെ ഗൈഡുകളിലെ ചോദ്യങ്ങള്‍ അതേപടി ആവര്‍ത്തിക്കപ്പെട്ടതും ഇങ്ങനെയെന്നാണ് അനുമാനം. അല്ലാതെ ഒരുപാറ്റേണും നിലവിലില്ലാത്ത പരീക്ഷയുടെ ചോദ്യമാതൃകകള്‍ എങ്ങനെ തയാറാക്കാനാകുമെന്നും ഉദ്യോഗാര്‍ഥികള്‍ ചോദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: