ന്യൂദല്‍ഹി: ഇസ്ലാമിസ്റ്റുകളുടെ കലാപത്തെ ചെറുത്ത് തോല്‍പ്പിച്ച് രാജ്യതലസ്ഥാനം സമാധാനാന്തരീക്ഷം തിരികെപ്പിടിക്കുന്നു. ഇന്നലെ ചെറിയ സംഘര്‍ഷമുണ്ടായതൊഴിച്ചാല്‍ കാര്യമായ അക്രമ സംഭവങ്ങള്‍ അരങ്ങേറിയില്ല. എന്നാല്‍, മുന്‍പുണ്ടായ അക്രമ സംഭവങ്ങളില്‍ മരിച്ചവരുടെ എണ്ണം 24 ആയി. ഇസ്ലാമിസ്റ്റുകളുടെ അക്രമം രൂക്ഷമായിരുന്ന ചാന്ദ്ബാഗില്‍ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥനെ അഴുക്ക് ചാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അങ്കിത് ശര്‍മ്മയാണ് കൊല്ലപ്പെട്ടത്. കല്ലെറിഞ്ഞ് കൊന്നതായാണ് സൂചന. 2017ല്‍ ഐബിയില്‍ പ്രവര്‍ത്തനം ആരംഭിച്ച അങ്കിത് ഡ്രൈവര്‍ പരിശീലനം നടത്തിവരികയായിരുന്നു.
ഖജൂരി ഖാസില്‍ വാഹനത്തിനുള്ളില്‍ ഒരാളുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഗോകുല്‍പുരിയില്‍ ഒരു കട കത്തിച്ചു. ചാന്ദ്ബാഗില്‍ ഇരുവിഭാഗങ്ങളും കല്ലേറ്നടത്തി. ഇരുനൂറ്റമ്പതോളം പേര്‍ക്കാണ് ഇതുവരെ പരിക്കേറ്റത്. നൂറുകണക്കിന് വാഹനങ്ങളും വീടുകളും വ്യാപാര സ്ഥാപനങ്ങളും തകര്‍ന്നു. കോടിക്കണക്കിന് രൂപയുടെ നഷ്ടമാണുണ്ടായിട്ടുള്ളത്. ജില്ലയില്‍ വലിയൊരളവ് വരെ സമാധാനം പുനഃസ്ഥാപിച്ചതായി ദല്‍ഹി പോലീസ് കമ്മീഷണര്‍ അമൂല്യ പട്നായിക്ക് പറഞ്ഞു. പ്രദേശങ്ങള്‍ കര്‍ശന നിരീക്ഷണത്തിലാണ്. പരസ്പര വിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിന് നിരവധി നടപടികള്‍ സ്വീകരിച്ചു. പൂര്‍ണമായും സാധാരണ നിലയിലെത്തും, അദ്ദേഹം വ്യക്തമാക്കി. ഞായറാഴ്ചയാണ് വടക്കു കിഴക്കന്‍ ദല്‍ഹിയില്‍ കലാപം ആരംഭിച്ചത്.
ജാഫ്രാബാദിലെ സിഎഎ വിരുദ്ധ സമരക്കാരെ കഴിഞ്ഞ ദിവസം രാത്രി തന്നെ ഒഴിപ്പിച്ചു. മെട്രോ സര്‍വീസുകള്‍ പഴയപടിയാക്കി. എന്നാല്‍ കര്‍ഫ്യൂ തുടരുമെന്ന് പോലീസ് പറഞ്ഞു. സംഘര്‍ഷ സാധ്യതയുള്ള പ്രദേശങ്ങളിലെല്ലാം പോലീസിനെയും സിആര്‍പിഎഫിനെയും വിന്യസിച്ചു. അക്രമികളെ കണ്ടാലുടന്‍ വെടിവയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സുരക്ഷാ സേനകള്‍ക്ക് ഉത്തരവ് നല്‍കിയിരുന്നു. കലാപം അടിച്ചമര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെയാണ് ചുമതലപ്പെടുത്തിയത്. വിവിധ സമുദായ നേതാക്കളുമായി ഡോവല്‍ ആശയവിനിമയം നടത്തി. ജാഫ്രാബാദ്, സീലംപുര്‍, മൗജ്പുര്, ഗോകുല്ചൗക്ക് തുടങ്ങിയ കലാപബാധിത മേഖലകള്‍ സന്ദര്‍ശിച്ച അദ്ദേഹം സാഹചര്യം നേരിട്ട് വിലയിരുത്തുകയും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. അഞ്ച് ഐപിഎസ് ഉദ്യോഗസ്ഥരെ ആഭ്യന്തര മന്ത്രാലയം സ്ഥലംമാറ്റി.
വിഷയത്തില്‍ ഇടപെട്ട ദല്‍ഹി ഹൈക്കോടതി കപില്‍ മിശ്രയടക്കം മൂന്നു ബിജെപി നേതാക്കള്‍ക്ക് എതിരെ കേസ് എടുക്കാന്‍ നിര്‍ദ്ദേശിച്ചു.കേസില്‍ കോടതിയെ സഹായിക്കാന്‍ അമിക്കസ് ക്യൂറിയെ നിയമിച്ചിട്ടുമുണ്ട്.തിങ്കളാഴ്ചയാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനം ലക്ഷ്യമിട്ട് ഒരു വിഭാഗം അക്രമം അഴിച്ചുവിട്ടത്. തോക്കുകളും വാളുകളും കല്ലുകളുമായി ആസൂത്രിതമായി അവര്‍ അക്രമം നടത്തുകയും ആള്‍ക്കാരെ കൊന്നൊടുക്കുകയുമായിരുന്നു. ആദ്യം പോലീസ് ഹെഡ്കോണ്‍സ്റ്റബിള്‍ രത്തന്‍ലാലാണ് അക്രമത്തിനിരയായത്. അദ്ദേഹം വെടിയേറ്റു മരിച്ചു. അന്ന് മാത്രം അഞ്ചു പേര് കൊല്ലപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: