ശ്ലോകം 109.
സന്നാപ്യസന്നാപ്യുഭയാത്മികാ നോ
ഭിന്നാപ്യഭിന്നാപ്യുഭയാത്മികാ നോ
സാംഗാപ്യനംഗാപ്യുഭയാത്മികാ നോ
മഹാത്ഭുതാനിര്വചനീയരൂപാമായ സത്തുമല്ല അസത്തുമല്ല. സത്തും അസത്തും കൂടി ചേര്‍ന്നതുമല്ല. ഉള്ളതോ ഇല്ലാത്തതോ രണ്ടും കൂടിച്ചേര്‍ന്നതോ അല്ല. അത് ബ്രഹ്മത്തില്‍ നിന്ന് വേറിട്ടതോ വേറിടാത്തതോ അല്ല. രണ്ടും കൂടിച്ചേര്‍ന്നതോ അല്ല. അതിന് അംഗങ്ങളില്ല. എന്നാല്‍ അംഗമില്ലാത്തതോ രണ്ടും കൂടിയതോ അല്ല. മഹാദ്ഭുതമെന്നല്ലാതെ അത് ഇന്ന വിധത്തിലുള്ളതാണെന്ന് പറയാനാകില്ല.
ബ്രഹ്മത്തില്‍ നിന്ന് വേറിട്ടതാണ് മായ എന്ന് പറയാനാവില്ല. എന്നാല്‍ അതിന് അസ്തിത്വമേ ഇല്ല എന്ന് പറയാനുമാകില്ല. ഉണ്മയുള്ളതും ഇല്ലാത്തതും കൂടിയതാണെന്ന് പറയാനും പറ്റില്ല. ഉള്ള വസ്തുവിന് ഇല്ലായ്മയോ ഇല്ലാത്ത വസ്തുവിന് ഉണ്മയോ ഉണ്ടാകില്ല.
ഉണ്മയും ഇല്ലായ്മയും പരസ്പര വിരുദ്ധധര്മ്മങ്ങളായതിനാല് അവ ഒന്നില്‍ സംഭവിക്കുകയില്ല. കയറ് കണ്ട് തെറ്റിദ്ധരിച്ച് പാമ്പാണെന്ന് കരുതുന്ന ഉദാഹരണത്തില്‍ കയറിനെ ശരിയ്ക്കും. കണ്ടാല്‍ അവിടെ പാമ്പ് ഇല്ല.
ഇവിടെ കയറാണ് സദ്ഭാവം അഥവാ ഉണ്മ. പാമ്പ് ഇല്ലാത്തതാണ് അസത് ആണ് .എന്നാല്‍ ഇവിടെ പാമ്പിനെയാണ് കാണുന്നതെങ്കിലോ അപ്പോള്‍ അത് ഇല്ല എന്ന് എങ്ങനെ പറയും.
മായയ്ക്ക് ഉണ്മയുണ്ടെന്നും അത് ബ്രഹ്മത്തില്‍ നിന്ന് വേറിട്ടതാണെന്ന് പറയുകയും ചെയ്താലും കുഴപ്പമാണ്. ബ്രഹ്മം മാത്രമാണ് ഏകവും അദ്വിതീയവുമായത്. അതില്‍ നിന്ന് വേറിട്ട് രണ്ടാമതൊരു വസ്തു ഉണ്ടാകാന്‍ തരമില്ല. ബ്രഹ്മം കാലത്രയങ്ങള് ബാധിക്കാത്തതാണ്. മായയും അതുപോലെയെന്ന് വരും. അത് ശരിയല്ല.
ഒരിക്കലും ചേരാത്ത രണ്ടു ധര്‍മ്മങ്ങള്‍ ചേര്‍ന്നതാണ് മായ എന്ന് പറയാനും കഴിയില്ല. കയറില്‍ നിന്ന് പാമ്പ് വന്നു എന്ന് എങ്ങനെ പറയും. അവയവം ഉണ്ടെന്നും ഇല്ലെന്നും പറയാനാകില്ല. മായയെ അവയവങ്ങളുള്ളതെന്നോ ഇല്ലാത്തതെന്നോ പറയാനാകില്ല. ഇവ രണ്ടും ചേര്‍ന്ന തരവുമല്ല.അജ്ഞാനമാണ് മായയുടെ സ്വരൂപം. അജ്ഞാനത്തെ അറിയാനാവില്ല. കാരണം ജ്ഞാനം ഇതിന് എതിരാണ്. അവിദ്യാ രൂപമായ മായ എന്തെന്ന് ചോദിച്ചാല്‍ അത് മഹാത്ഭുതമാണ്.
ബുദ്ധിക്ക് അറിയാനാവില്ല അതിനെ എന്നതിനാല്‍ മഹാത്ഭുതമെന്ന് പറയുന്നതാണ് നല്ലത്. ബുദ്ധി തന്നെ ഉണ്ടായത് അവിദ്യയില്‍ നിന്നാണ്. കാരണമായ മായയെ അന്വേഷിച്ച് കണ്ടെത്താന്‍ കാര്യമായ ബുദ്ധിക്ക് കഴിയില്ല. തന്റെ തന്നെ ശക്തിയാല്‍ ഒരാള്‍ സ്വയം വ്യാമോഹിതനാകുന്നതാണ് മായ. ആ ശക്തി ഏതെന്ന് അന്വേഷിച്ചിട്ട് എന്ത് കാര്യം.
കയറില്‍ കണ്ട പാമ്പിന് ജീവിതമേയില്ല. മരീചികയിലെ വെള്ളം കുടിച്ച് ദാഹം മാറ്റാനുമാകില്ല മഹാ അത്ഭുതവും അനിര്‍വചനീയവുമായ ഈശ്വര ശക്തിയെന്ന് മായയെ വിശേഷിപ്പിക്കാം.മദ്യപിച്ച് ലക്കുകെട്ടയാളെ മറ്റുളവര്‍ ചേര്‍ന്ന് വീട്ടിലെത്തിച്ചിട്ടും ‘എനിക്ക് വീട്ടില്‍ പോകണം’ എന്ന് പറഞ്ഞ് അയാള്‍ ബഹളം വയ്ക്കുന്നത് പോലെയാണ് മായയുടെ പിടിയിലായവരുടെ കാര്യം. അവിദ്യയാകുന്ന ലഹരിയുടെ സ്വാധീനത്തില്‍ സ്വബോധം നഷ്ടപ്പെട്ടിരിക്കുകയാണ് ഇപ്പോള്‍. സച്ചിദാനന്ദ സ്വരൂപനാണ് താനെന്ന് മറന്ന് പോയി. എന്നിട്ട് ദുഃഖിയായ ജീവനായിത്തീരുന്നു.
എന്നെ ലക്ഷ്യത്തിലെത്തിക്കൂ… എന്ന് പറഞ്ഞ് ഗുരുപരമ്പരയോട് കെഞ്ചു കയാണ്.മദ്യലഹരി മാറാന്‍ മോര് കുടിക്കാന്‍ കൊടുക്കും പോലെ ഗുരു തത്ത്വോപദേശത്തെ നല്‍കും. സ്വാധ്യായവും സാധനയുമൊക്കെ ലക്ഷ്യം എന്തെന്ന് വ്യക്തമാക്കി തരും.
ശ്ലോകം 110
ശുദ്ധാദ്വയ ബ്രഹ്മവിബോധ നാശ്യാ
സര്‍പ്പഭ്രമോ രജ്ജുവിവേകതോ യഥാ
രജസ്തമ: സത്വമിതി പ്രസിദ്ധാ
ഗുണാസ്തദീയാഃ പ്രഥിതൈഃ സ്വകാരൈ്യഃ
ശുദ്ധവും അദ്വയവുമായ ബ്രഹ്മത്തെ സാക്ഷാത്കരിക്കുന്നതോടെ മായ നശിക്കും. കയറാണെന്ന് തിരിച്ചറിഞ്ഞാല്‍ സര്പ്പമെന്ന ഭ്രമം നീങ്ങുന്നതു പോലെയാണിത്.പ്രസിദ്ധങ്ങളായ സത്വ,രജ, തമോഗുണങ്ങള്‍ മായയുടേതാണ്. പ്രസിദ്ധങ്ങളായ ഗുണകാര്യങ്ങളില് നിന്നാണ് ഈ ഗുണങ്ങള്‍ പ്രസിദ്ധമായത്. അധിഷ്ഠാനത്തെ അറിഞ്ഞാല്‍ ഭ്രമം നീങ്ങും. അധിഷ്ഠാനം കയറെന്ന് അറിയുമ്പോള്‍ സര്പ്പഭ്രാന്തി ഒടുങ്ങും. ആധാരമായ ബ്രഹ്മത്തെ അറിഞ്ഞാല്‍ മായ തീരും. ഞാന്‍ ബ്രഹ്മമാണെന്ന അനുഭവജ്ഞാനമുണ്ടാകുമ്പോള് ഞാന്‍ ശരീരമെന്ന തെറ്റിദ്ധാരണ ഇല്ലാതാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: