ആലപ്പുഴ: കയര്‍മേഖലയിലെ കടുത്ത പ്രതിസന്ധി, സിപിഐയുടെ തൊഴിലാളി സംഘടനയായ എഐടിയുസിയുടെ നേതൃത്വത്തില്‍ കയറും, കറുത്പന്നങ്ങളും കത്തിച്ച് പ്രതിഷേധിച്ചു. വകുപ്പു മന്ത്രി തോമസ് ഐസക് സമ്പൂര്‍ണ പരാജയമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് വിഷയത്തില്‍ ഇടപെടണമെന്നാണ് എഐടിയുസിയുടെ പ്രധാന ആവശ്യം.
അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളിലെ രണ്ടായിരത്തോളം ചെറുകിട കയര്‍ ഫാകട്റികള് പൂട്ടി കിടക്കുകയാണ്. കയര്‍ കോര്പ്പറേഷന് കയറ്റുമതിക്കാര്‍ക്ക് 10 ശതമാനം ഡിസ്കൗണ്ട് നല്കി സംഭരിക്കുന്ന കയര്‍ ഉല്‍പ്പന്നങ്ങള്‍ ഈ മേളയില്‍ വെച്ച് 20 ശതമാനം ഡിസ്കൗണ്ട് നല്കി സംഭരിച്ചതിന്റെ നേട്ടവും കയറ്റുമതിക്കാര്‍ക്കാണ്.പരമ്പരാഗതമായി കയര്‍ മേഖലയില്‍ ഹാന്‍ഡ്ലൂം ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന കയര്‍ തൊഴിലാളികള്‍ തൊഴില്‍ രഹിതരാണ്.
കയര്‍ സംഭരിക്കാത്തതും, കയര്‍ഫെഡ് കയര്‍ വില നല്‍കാത്തതും കയര്‍ പിരി തൊഴിലാളികളും പട്ടിണിയിലാണ്. 2002 ലെ കയര്‍ സമരത്തിലൂടെ ഇല്ലാതായ ഡിപ്പോ സമ്പ്രദായം തോമസ് ഐസക്ക് വകുപ്പ് കൈകാര്യം ചെയ്യുമ്പോള്‍ തിരിച്ചു വന്നു. കയര്‍ മേളയില്‍ ലഭിച്ച ഓര്‍ഡറുകളില്‍ അധികവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേതാണ്.
തൊഴിലാളികളുടെ മിനിമം കൂലി 600 രൂപയായി തൊഴില്‍ വകുപ്പ് പ്രഖ്യാപിച്ച കേരളത്തില്‍ കയര്‍ പിരി തൊഴിലാളികളുടെ കൂലി 350 രൂപയാക്കിയെന്ന സിഐടിയു നേതാക്കളുടെ അവകാശവാദം അപഹാസ്യമാണെന്ന് സമരം ഉദ്ഘാടനം ചെയ്ത എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് പ്രസ്താവിച്ചു. 70 മുടി കയര്‍ ഉല്‍പ്പാദിപ്പിച്ചിരുന്ന സ്ഥാനത്ത് 90 മുടി കയര്‍ ഉല്‍പ്പാദിപ്പിച്ചാല്‍ മാത്രമാണ് 350 രൂപ ലഭിക്കുന്നതെന്ന വസ്തുതയും സിഐടിയു നേതാക്കള്‍ വിസ്മരിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. 1969ല്‍ ടിവി.തോമസ് സ്ഥാപിച്ച കയര്‍ കോര്‍പ്പറേഷന്റെ അന്‍പതാം വാര്‍ഷികം സംഘടിപ്പിക്കണമെന്ന നിര്‍ദ്ദേശവും കയര്‍ മന്ത്രി സ്വീകരിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. അഡ്വ. എന്‍.പി.കമലാധരന്‍ അധ്യക്ഷനായിരുന്നു.
അതിനിടെ ചെറുകിട കയര്‍ ഫാക്ടറി ഉടമകളും സമരത്തിന് തയാറെടുക്കുകയാണ്. തടുക്കു നിര്‍മാണ മേഖലയില്‍ 6000 ചെറുകിട ഫാക്ടറികളും 22,000തൊഴിലാളികളുമാണ് പണിയെടുക്കുന്നത്. ഇപ്പോഴത്തെ അവസ്ഥയില്‍ ഒരു തൊഴിലാളികക്ക് 100ദിവസത്തെ ജോലി പോലും ലഭ്യമാക്കാന്‍ കഴിയുന്നില്ലെന്ന് അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: