തിരുവനന്തപുരം: സാമൂഹ്യ വനവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ഓരോ വര്‍ഷവും ചെലവഴിക്കുന്നത് കോടികള്‍. എന്നാല്‍ നട്ടു പിടിപ്പിച്ച വ്യക്ഷത്തൈകളുടെ പരിപാലനത്തെ സംബന്ധിച്ച് വനംവകുപ്പിന് യാതൊരു അന്വേഷണവുമില്ല. അടുത്ത പരിസ്ഥിതി ദിനത്തിലും കോടികള്‍ തുലച്ച് ലക്ഷക്കണക്കിന് വൃക്ഷതൈകള്‍ നടും. 2018-19ല്‍ 14 ജില്ലകളിലായി 11 കോടി രൂപയാണ് വനവത്കരണത്തിന് സര്‍ക്കാര്‍ ചെലവിട്ടത്. 2017-18ല്‍ 11 കോടി 92 ലക്ഷം രൂപയും 2016-17ല്‍ 12 കോടി 10 ലക്ഷം രൂപയുമാണ് ചെലവഴിച്ചിരിക്കുന്നത്.
എന്റെ മരം, നമ്മുടെ മരം, ഹരിത തീരം, വഴിയോര തണല്‍, ഹരിത കേരളം തുടങ്ങി നിരവധി പദ്ധതികളാണ് വനവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആവിഷ്കരിച്ചത്. ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിനാണ് സമൂഹ്യ വനവത്കരണ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനമൊട്ടാകെ അരങ്ങേറുന്നത്.
ഓരോ ജില്ലയിലും മന്ത്രിമാരും ജനപ്രതിനിധികളും വ്യക്ഷത്തൈകള്‍ നടുന്നതില്‍ പങ്കാളികളാകും. എന്നാല്‍ പിന്നീട് ഇത് പരിപാലിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഒന്നും നടക്കാറില്ല. ദേശീയപാതകളില്‍ ഓരോ വര്‍ഷവും ലക്ഷക്കണക്കിന് വ്യക്ഷ തൈകളാണ് വിവിധ പദ്ധതികളില്‍ കൂടി വച്ചു പിടിപ്പിപ്പിക്കുന്നത്. ഓരോ പദ്ധതികള്‍ നടപ്പിലാക്കുമ്പോഴും ഇവ സംരക്ഷിക്കുന്നതിനുള്ള പദ്ധതികളും മാര്‍ഗ നിര്‍ദ്ദേശങ്ങളും ബന്ധപ്പെട്ടവര്‍ പ്രഖ്യാപിക്കാറുണ്ടെങ്കിലും അതും നടപ്പിലാവാറില്ല.
എന്റെ മരം, നമ്മുടെ മരം എന്ന പദ്ധതിവഴി വിദ്യാര്‍ഥികള്‍ മുഖേനയാണ് വൃക്ഷ ത്തെകള്‍ വച്ചു പിടിപ്പിക്കല്‍ എന്ന പദ്ധതി നടപ്പാക്കുന്നത്. അഞ്ചാം ക്ലാസ് മുതല്‍ ഡിഗ്രി തലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ലക്ഷക്കണക്കിന് തൈകളാണ് ഓരോ വര്‍ഷവും വിതരണം ചെയ്യുന്നത്. ഇതില്‍ എത്ര ശതമാനം വൃക്ഷതൈകള്‍ വളരുന്നുണ്ടെന്ന് എന്നതിനെക്കുറിച്ച് വനം വകുപ്പിനും കണക്കില്ല. സ്കൂള്‍ അധികൃതര്‍ക്കും ഇല്ല.
2018-19 വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചിരിക്കുന്നത് കോട്ടയം ജില്ലയിലാണ്. ഒരു കോടി 28 ലക്ഷം രൂപ രണ്ടാമത് എറണാകുളം ജില്ല. ഒരു കോടി നാലു ലക്ഷം രൂപ. വൃക്ഷതൈകള്‍ വച്ച് പിടിക്കാന്‍ ഏറ്റവും അനുയോജ്യമായ വയനാട് ജില്ലയിലാണ് കുറവ്-22 ലക്ഷം.
സംസ്ഥാന സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം സാമൂഹിക വനവത്കരണ വിഭാഗവും സന്നദ്ധ സംഘടനകളും മതസംഘടനകളും വിദ്യാഭ്യാസ വകുപ്പും പരിസ്ഥിതി സംഘടനകളുമെല്ലാം ചേര്‍ന്ന് ഓരോ ജൂണ്‍ മാസങ്ങളിലും അഞ്ച് ലക്ഷത്തോളം വൃക്ഷത്തൈകള്‍ കേരളത്തിന്റെ തെരുവോരങ്ങളിലു മറ്റ് പ്രദേശങ്ങളിലും നടുന്നുവെന്നാണ് കണക്ക്.
എന്നാല്‍ ഇവയുടെ അവസ്ഥയെന്തെന്ന് ആര്‍ക്കും വ്യക്തമായ വിവരങ്ങളില്ല. അടുത്ത പരിസ്ഥിതി ദിനത്തിലും ഇതേ സ്ഥലത്ത് തന്നെ വൃക്ഷതൈകള്‍ വച്ച് പിടിപ്പിക്കും. ഈ വൃക്ഷതൈകള്‍ക്കും ദുരവസ്ഥയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: